ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം പൊലീസ് സ്റ്റേഷനിൽ; അന്വേഷണം തുടങ്ങി സ്‌പെഷല്‍ ബ്രാഞ്ച്

insight kerala

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിന്റെ വസതിക്കുമുന്നില്‍ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികള്‍ മ്യൂസിയം പൊലീസ് സ്റ്റേഷനില്‍ ഓണാഘോഷം സംഘടിപ്പിച്ച സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. പൊലീസിന് കനത്ത നാണക്കേടായ സംഭവത്തില്‍ സിറ്റി പോലീസ് കമ്മിഷണര്‍ അരുള്‍ ആര്‍ബി കൃഷ്ണയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഡിജിപിയുടെ നിര്‍ദ്ദേശപ്രകാരമാണ് തുടര്‍നടപടികള്‍.

ജാമ്യവ്യവസ്ഥപ്രകാരം സ്റ്റേഷനില്‍ ഒപ്പിടാനെത്തിയ കോര്‍പ്പറേഷന്‍ മുന്‍ കൗണ്‍സിലറും സിപിഎം നേതാവുമായ ഐപി ബിനു അടക്കം ഇരുപതോളം പ്രതികളാണ് സ്റ്റേഷനിലെ ഓണാഘോഷത്തില്‍ പങ്കെടുത്തത്. പൊലീസുകാര്‍ ഓണാഘോഷത്തിനായി തെരഞ്ഞെടുത്ത അതേ നിറത്തിലുള്ള ഷര്‍ട്ടും മുണ്ടുമണിഞ്ഞാണ് ബിനുവും എത്തിയത്. നഗരത്തിലെ കടയില്‍നിന്ന് പൊലീസുകാര്‍ വസ്ത്രം വാങ്ങിയപ്പോള്‍ ബിനുവിനുവേണ്ടിയും അധികമായി ഷര്‍ട്ട് വാങ്ങിയതായും, സ്റ്റേഷനിലെ ഒരു കോണ്‍സ്റ്റബിള്‍ ഇത് കൈമാറിയതായും റിപ്പോര്‍ട്ടുകളുണ്ട്.

സ്റ്റേഷന്‍മുറ്റത്ത് ഇട്ടിരുന്ന ഊഞ്ഞാലില്‍ ആടുകയും ചെണ്ടകൊട്ടി മൊബൈല്‍ഫോണില്‍ ചിത്രീകരിക്കുകയും ചെയ്ത ബിനു, ‘ഊഞ്ഞാല്‍ കണ്ടാല്‍ ഒന്ന് ആടിയില്ലെങ്കില്‍ പിന്നെയെന്ത് ഓണം’ എന്ന കുറിപ്പോടെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. ഇത് വലിയതോതില്‍ ചര്‍ച്ചയായി മാറിയിട്ടുണ്ട്. സ്റ്റേഷന്റെ ചുമതലയുണ്ടായിരുന്ന ഇന്‍സ്പെക്ടര്‍ ആര്‍. പ്രശാന്തിന്റെ അറിവോടെയാണ് പ്രതികള്‍ ആഘോഷത്തില്‍ പങ്കെടുത്തതെന്നാണ് സ്‌പെഷല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍. ഇദ്ദേഹത്തെ പിന്നീട് തൃശൂര്‍ ക്രൈം ബ്രാഞ്ചിലേക്ക് സ്ഥലംമാറ്റിയിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്റ്റേഷനില്‍ ഹാജരായി ഒപ്പിടേണ്ട പ്രതികള്‍ പോലീസുകാരുമായി ചേര്‍ന്ന് ആഘോഷം നടത്തിയതും, ഇതിന് സ്റ്റേഷനില്‍ സൗകര്യങ്ങള്‍ ലഭിച്ചതും ഗുരുതര വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Share This Article