“”എല്ലാ പെരുന്നാളിനും ഞാനെന്റെ വീട്ടില്‍ ബിരിയാണിയുണ്ടാക്കി ഹിന്ദു സഹോദരങ്ങള്‍ക്ക് കൊടുക്കും; അവര്‍ ഓണത്തിനും വിഷുവിനും സദ്യയും പായസവും തരും; ഞാനും അത് സന്തോഷത്തോടെ കഴിക്കും”; ഓണം ആഘോഷിക്കരുതെന്ന് പറയുന്ന പണ്ഡിതന്മാരില്‍ നിന്ന് വേറിട്ട ശബ്ദമായ റഹ്‌മത്തുള്ളാ ഖാസിമി

insight kerala

‘കെ വി നിരഞ്ജന്‍

കോഴിക്കോട്: ഉത്സവങ്ങളിലും ആഘോഷങ്ങളിലും എന്തിന് കുടിക്കുന്ന വെള്ളത്തില്‍പോലും മതം കയറിവരുന്ന സമയമാണിത്. ഓണം മുസ്‌ലീങ്ങള്‍ ആഘോഷിക്കരുതെന്നും, പാട്ടും ഡാന്‍സും പാടില്ലെന്നുമൊക്കെ പറയുന്ന, ഇസ്ലാമിക പണ്ഡിതര്‍ ഒരുപാടുള്ള ഇക്കാലത്ത് വേറിട്ട ശബ്ദമാവുകയാണ് റഹ്‌മത്തുള്ളാ ഖാസിമി മൂത്തേടം. എല്ലാവരെയും ഒന്നിച്ച് കൊണ്ടുപോവുന്നതാണ് നമ്മുടെ നാടിന്റെ പാരമ്പര്യമെന്നും താന്‍ എല്ലാ പെരുന്നാളിനും ബിരിയാണിവെച്ച് അയല്‍പക്കത്തെ ഹിന്ദു സഹോദരങ്ങള്‍ക്ക് കൊടുക്കുമെന്നും, തിരിച്ച് ഓണത്തിനും വിഷുവിനും അവര്‍ തരുന്ന സദ്യയും പായസും കഴിക്കുമെന്നും അദ്ദേഹം പറയുന്നു.

കേരളത്തിലെ ഇ കെ വിഭാഗം സുന്നികളിലെ പ്രമുഖനായ പ്രഭാഷകനും ഖുര്‍ആന്‍ പണ്ഡിതനുമാണ് ഖാസിമി. സരസമായ പ്രഭാഷണ ശൈലിയിലൂടെയും ചരിത്ര വിജ്ഞാനത്തിലൂടെയും മലയാളി മുസ്ലിംകള്‍ക്കിടയില്‍ അദ്ദേഹം ഏറെ ശ്രദ്ധേയനാണ്. മലപ്പുറം ജില്ലയിലെ നിലമ്പൂരിനടുത്തുള്ള മൂത്തേടം സ്വദേശിയാണ് അദ്ദേഹം. പ്രശസ്തമായ ഇസ്ലാമിക സര്‍വകലാശാലയായ ഉത്തര്‍പ്രദേശിലെ ദാറുല്‍ ഉലൂം ദേവ്ബന്ദില്‍ നിന്നാണ് അദ്ദേഹം ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. ദേവ്ബന്ദില്‍ നിന്ന് ബിരുദം നേടിയ പണ്ഡിതന്മാര്‍ പൊതുവെ ‘ഖാസിമി’ എന്ന പേരിലാണ് അറിയപ്പെടുന്നത്. ‘ദാറുല്‍ ഖുര്‍ആന്‍ ഇസ്ലാമിക് അക്കാദമി’യുടെ പ്രിന്‍സിപ്പല്‍ ആയി അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുമായി (ഇകെ വിഭാഗം) ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സുന്നി പണ്ഡിതനാണ് റഹ്‌മത്തുള്ള ഖാസിമി മൂത്തേടം. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്ക് മുസ്‌ലീം സമൂഹത്തില്‍ വലിയ സ്വാധീനമുണ്ട്. ) ചില സലഫി പണ്ഡിതര്‍ ഓണത്തില്‍ മതം കയറ്റുമ്പോഴാണ്, അതെല്ലാം ഖണ്ഡിച്ചുകൊണ്ട് ഖാസിമി രംഗത്തെത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

‘വിലക്കുകള്‍ സങ്കടകരം’

റഹ്‌മത്തുള്ളാ ഖാസിമിയുടെ പ്രസംഗത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെയാണ്. – ”എല്ലാ പെരുന്നാളിനും ഞാനെന്റെ വീട്ടില്‍ കുറച്ചധികം ബിരിയാണി വെക്കും. എന്റെ വീടിന്റെ ചുറ്റുവട്ടത്ത് ഒരുപാട് ഹിന്ദു സഹോദരങ്ങള്‍ ഉണ്ട്. അവര്‍ക്ക് കൊടുക്കണം. തിരിച്ച് അവര്‍ എല്ലാ വിഷുവിനും ഓണത്തിനും ഞങ്ങള്‍ക്ക് പായസവും, സദ്യയിലെ വിഭവങ്ങളും കൊണ്ടുത്തരും. നമ്മളും അത് സന്തോഷത്തോടെ കഴിക്കും. അങ്ങനെ പങ്കിട്ടു കഴിക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.നമ്മുടെ നാട്ടിലുള്ളത് മതങ്ങളിലെ വൈവിധ്യമാണ്, അല്ലാതെ മതങ്ങള്‍ തമ്മിലുള്ള ഭിന്നതയല്ല.

സ്‌കൂളുകളില്‍ ഒരേ ബെഞ്ചിലിരുന്ന് പഠിക്കുന്ന ലക്ഷ്മിയെയും രാജിയെയും പോലുള്ള കുട്ടികളെയും അവരുടെ സമുദായങ്ങളെയും നമുക്ക് മാറ്റിനിര്‍ത്താന്‍ കഴിയുമോ? ഒരിക്കലുമില്ല. മനുഷ്യര്‍ തമ്മിലുള്ള ഈ ആത്മബന്ധമാണ് നമ്മുടെ നാടിന്റെ ഏറ്റവും വലിയ കരുത്ത്. ഓണവും പെരുന്നാളുമെല്ലാം നമ്മള്‍ കാലാകാലങ്ങളായി ഒരുമിച്ചാണ് ആഘോഷിക്കാറുള്ളത്. സുഹൃത്തുക്കളുടെ വീട്ടില്‍ ഓണമാകുമ്പോള്‍ നമ്മള്‍ അവിടെപ്പോയി സന്തോഷത്തോടെ ഭക്ഷണം കഴിക്കുന്നു. അതുപോലെ നമ്മുടെ വീട്ടിലെ പെരുന്നാളിന് അവര്‍ ഇങ്ങോട്ടും വന്ന് പങ്കുചേരുന്നു. ഇങ്ങനെയുള്ള നിര്‍മ്മലമായ സ്‌നേഹബന്ധങ്ങളെ ഇല്ലാതാക്കി, ആഘോഷങ്ങളില്‍ പരസ്പരം ഭക്ഷണം പങ്കുവെക്കാന്‍ പാടില്ലെന്നൊക്കെയുള്ള വിലക്കുകള്‍ വരുന്നത് തികച്ചും സങ്കടകരമാണ്. അത് ഒരിക്കലും നമ്മുടെ നാടിന്റെ പാരമ്പര്യമല്ല.

നമ്മള്‍ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കണം. അല്ലാതെ അതില്‍ പങ്കെടുക്കരുത്, ഇതില്‍ പങ്കെടുക്കരുത് എന്നൊക്കെ പറയുന്നത് വളരെ മോശമാണ്.ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം സഹകരിച്ചും സഹായിച്ചും ജീവിച്ചതിന്റെ ഉത്തമ ഉദാഹരണങ്ങളാണ് നമ്മുടെ ചരിത്രത്താളുകള്‍. പൊന്നാനി വെളിയങ്കോടിനടുത്ത് പള്ളി പണിയാന്‍ മൂന്നേക്കര്‍ ഭൂമി നല്‍കിയതും, നിര്‍മ്മാണത്തിന് മുന്നില്‍ നിന്ന് നേതൃത്വം നല്‍കിയതും ‘ചോയി’ എന്നൊരു ഹൈന്ദവ സഹോദരനാണ്.
അതേസമയം, അമ്പലം പണിയാന്‍ കണ്ണായ മൂന്നേക്കര്‍ സ്ഥലം വിട്ടുനല്‍കിയത് ‘ഉമര്‍ ഖാസി’ എന്ന മുസ്ലിം പണ്ഡിതനുമാണ്.

കഴിഞ്ഞ 1400 വര്‍ഷത്തെ ഭാരതീയ ഇസ്ലാമിക ചരിത്രത്തില്‍, ഹിന്ദു സഹോദരങ്ങളുടെ സ്‌നേഹവും സഹകരണവും ഒരിക്കലും വിസ്മരിക്കാനാകില്ല. അവരുടെ ആത്മാര്‍ത്ഥമായ പിന്തുണ ഇല്ലായിരുന്നുവെങ്കില്‍ ഇവിടെയൊരു പുല്‍കൊടി പോലും വളര്‍ത്താന്‍ കഴിയുമായിരുന്നില്ല. ഇന്ന് നാം കാണുന്ന പള്ളികളും മദ്രസകളും മറ്റ് സ്ഥാപനങ്ങളുമെല്ലാം ഇരു സമുദായങ്ങളുടെയും പരസ്പര സഹകരണത്തിന്റെ പ്രതീകങ്ങളാണ്. ഈ സമുദായങ്ങള്‍ക്ക് പരസ്പരം സ്‌നേഹിച്ചും ആശ്രയിച്ചും മാത്രമേ മുന്നോട്ട് പോകാനാകൂ.”- റഹ്‌മത്തുള്ളാ ഖാസിമി ചൂണ്ടിക്കാട്ടി.

Share This Article