ചെന്നൈ: സി.ജെ.പി സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ നിന്ന് വിദ്യാർഥികളെ വിലക്കാൻ ഉത്തരവിട്ട് തമിഴ്നാട് സർക്കാർ. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും നൽകിയ ഉത്തരവ് ഓഗസ്ത് 17നാണ് പുറത്തിറങ്ങിയത്. വിവാദമായതിന് പിന്നാലെ സർക്കാർ യുടേണടിച്ചു, ഉത്തരവ് പിൻവലിച്ചു.
ഇടതുപക്ഷ സംഘടനകളും തമിഴ്നാട് കോക്രോച്ച് ജനതപാർട്ടിയും നടത്തുന്ന പ്രതിഷേധങ്ങളിൽ പങ്കെടുക്കുന്നതിൽ നിന്ന് വിദ്യാർഥികളെയും യുവാക്കളെയും വിലക്കുന്നതിനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്നാണ് ഉത്തരവിൽ നിർദേശിക്കുന്നത്. അടിയന്തരപ്രാധാന്യമുള്ള വിഷയം എന്നും ഉത്തരവിൽ സൂചിപ്പിക്കുന്നുണ്ട്. സ്കൂൾ വിദ്യാഭ്യാസ വകുപ്പിനും ഉന്നതവിദ്യാഭ്യാസ വകുപ്പിനും പോലീസിനും ജില്ലാഭരണകൂടത്തിനുമുള്ള നിർദേശം കമ്മീഷണർ ഓഫ് കോളേജിയേറ്റ് വിദ്യാഭ്യാസ വകുപ്പാണ് പുറത്തിറക്കിയത്.
ഉത്തരവ് പുറത്തിറക്കിയതിന് പിന്നാലെ വ്യാപകമായ വിമർശനങ്ങളും ചർച്ചകളും ഉയർന്നു. ഭരണഘടനാവിരുദ്ധവും യുക്തിരഹിതവുമായ ഉത്തരവാണ് സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്ന് സി.ജെ.പി ദേശീയ കൺവീനർ സൗരവ് ദാസ് പ്രതികരിച്ചു. അതേസമയം സർക്കാർ നിലപാടിനെ ബിജെപി പിന്തുണച്ചു. അനാവശ്യമായ ബഹളങ്ങളുടെ ഏജന്റുമാരാണ് സി.ജെ.പിയും ഇടതുപക്ഷസംഘടനകളുമെന്ന് ബിജെപി നേതാവ് വിനോജ് പി സെൽവം പ്രതികരിച്ചു. പഠനത്തിലും ജോലിയിലും ശ്രദ്ധകേന്ദ്രീകരിക്കേണ്ടപ്പോൾ നേതാക്കൾ വിദ്യാർഥികളെ വഴിതെറ്റിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാഷ്ട്രീയസമ്മർദത്തിൽ ഉത്തരവ് പിൻവലിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എന്നാൽ ഉത്തരവ് പിൻവലിച്ചുകൊണ്ട് പുതിയ നിർദേശം സർക്കാർ ഇന്ന് പുറത്തിറക്കുകയായിരുന്നു.

