മൂന്ന് വര്‍ഷത്തിനിടെ 1,675 അപകടങ്ങള്‍, 217 മരണം; മുട്ടയെറിഞ്ഞ് കൊള്ളയടിക്കുന സംഘങ്ങള്‍ വിലസുന്നു; വ്യാജ വാഹനാപകടമുണ്ടാക്കിയും കവര്‍ച്ച; മസൂരു-ബെംഗളൂരു ദേശീയപാതയില്‍ രാത്രിയാത്രക്കാര്‍ സൂക്ഷിക്കുക!

insight kerala

കെ വി നിരഞ്ജന്‍

മൂന്ന് വര്‍ഷത്തിനിടെ 1,675 അപകടങ്ങള്‍. മരണസംഖ്യ 217. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 34 ലധികം കവര്‍ച്ചാ-പിടിച്ചുപറി കേസുകള്‍. പരാതിയില്ലാത്തവയും ഇതിന്റെ എത്രയോ ഇരിട്ടവരും. ശരിക്കും ഒരു മരണപാതയാവുകയാണ്, തുറന്ന് മൂന്ന്‌വര്‍ഷം തികയുന്ന മൈസൂരു-ബെംഗളൂരു ദേശീയപാത. ഈ അപകടങ്ങളില്‍ പലതും കവര്‍ച്ചാ സംഘങ്ങള്‍ ആസൂത്രണം ചെയ്തതാണോ എന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്.

ഇക്കഴിഞ്ഞ ആഗസ്റ്റ് 8ന് കോഴിക്കോട് – ബെംഗളൂരു കെ.എസ്.ആര്‍.ടി.സി ബസ് ഈ ഹൈവേയില്‍ ആവരഗെരെ റെയില്‍വേ മേല്‍പ്പാലത്തിന് അരികില്‍ നിയന്ത്രണം വിട്ട് ഡിവൈഡറിലേക്ക് ഇടിച്ചുകയറി തലകീഴായി മറിഞ്ഞിരുന്നു. ഡ്രൈവര്‍ മിഥിലേഷ്, കണ്ടക്ടര്‍ അരുണ്‍ എന്നിവര്‍ സംഭവസ്ഥലത്തുതന്നെ മരിക്കയും 20 ഓളം യാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇത് ഒരു ആസൂത്രിത അപകടമാണെന്ന സംശയമാണ് ഇപ്പോള്‍ ഉയരുന്നത്. വണ്ടിയുടെ വിന്‍ഡ്ഷീല്‍ഡിന് താഴെയായി മുട്ടയുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് ഇത് ‘മുട്ടയേറ്’ വഴിയുള്ള അട്ടിമറിയാണോ എന്ന് ഫോറന്‍സിക് സംഘം അന്വേഷിക്കുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ദുരൂഹതയുണ്ടെന്ന സംശയത്തെത്തുടര്‍ന്ന് സംഭവത്തില്‍ സമഗ്രമായ ഫൊറന്‍സിക് അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി സി.പി. ജോണ്‍ കര്‍ണാടക സര്‍ക്കാരിന് കത്തുനല്‍കുകയും അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തിട്ടുണ്ട്. കെഎസ്ആര്‍ടിസിയും സംഭവത്തില്‍ കര്‍ണാടക പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതോടെയാണ് ഹൈവേ റോബറി സംഘങ്ങളെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

മുട്ടയേറിന് പിന്നില്‍

മെസൂരു-ബെംഗളൂരു ദേശീയപാതയിലെ ബിഡദിയിലുണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടത്തിനും ഡ്രൈവറുടെയും കണ്ടക്ടറുടെയും മരണത്തിനും കാരണം കൊള്ളസംഘങ്ങളുടെ ‘മുട്ടയേറ്’ ആണെന്ന സംശയം ശക്തമാകുകയാണ്.
ആദ്യ അപകടം നടന്ന ആവരഗെരെ റെയില്‍വേ മേല്‍പ്പാലത്തിന് വെറും രണ്ട് കിലോമീറ്റര്‍ മാത്രം അകലെവെച്ച് ബുധനാഴ്ച രാത്രി 9.10-ഓടെ കാസര്‍കോട്ടേക്ക് പോകുകയായിരുന്ന മറ്റൊരു സൂപ്പര്‍ ഡീലക്സ് ബസിന് നേരെ ആക്രമണമുണ്ടായതാണ് സംശയം ബലപ്പെടുത്തിയത്. ബിഡദിയില്‍ വെച്ച് സര്‍വീസ് റോഡില്‍ നിന്ന് രണ്ട് ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘം ബസിന്റെ മുന്‍ഗ്ലാസിലേക്ക് മുട്ടയെറിയുകയായിരുന്നു.

മുട്ട വീഴുമ്പോള്‍ വൈപ്പര്‍ ഉപയോഗിച്ചാല്‍ അതിലെ പ്രോട്ടീന്‍ ഗ്ലാസിലാകെ പടര്‍ന്ന് കാഴ്ച പൂര്‍ണ്ണമായും മറയുകയും, ബസിന്റെ കാഴ്ച മറിച്ച് അപകടമുണ്ടാക്കിയ ശേഷം കവര്‍ച്ച നടത്തുകയുമാണ് ഇത്തരം സംഘങ്ങളുടെ രീതി. ഡ്രൈവറുടെ കാഴ്ച മറിച്ച് അട്ടിമറിക്ക് ശ്രമിച്ചെന്ന കവര്‍ച്ചാ തന്ത്രം തിരിച്ചറിഞ്ഞ ഡ്രൈവര്‍, കാസര്‍കോട് വെള്ളിക്കോത്ത് സ്വദേശി വി. സുരേഷ് വൈപ്പര്‍ ഉപയോഗിക്കാതെ സമയോചിതമായി ഒന്നര കിലോമീറ്ററോളം മുന്നോട്ട് ഓടിച്ച് ബസ് സുരക്ഷിതമായി വെളിച്ചമുള്ള സ്ഥലത്ത് നിര്‍ത്തുകയായിരുന്നു. ഇതുകണ്ട് അക്രമി സംഘം രക്ഷപ്പെടുകയും, തുടര്‍ന്ന് ഗ്ലാസ് വൃത്തിയാക്കിയ ശേഷം ബസ് യാത്ര തുടരുകയുമായിരുന്നു.

ബെംഗളൂരു-മൈസൂരു പാതയിലും മാനന്തവാടി, സുല്‍ത്താന്‍ബത്തേരി പാതകളിലും വാഹനങ്ങള്‍ക്ക് നേരെ വ്യാജ അപകടങ്ങളുണ്ടാക്കിയും മുട്ടയെറിഞ്ഞും കൊള്ളയടിക്കുന്ന സംഘങ്ങള്‍ സജീവമാണെന്ന പരാതി നേരത്തെ തന്നെ പല മലയാളി യാത്രക്കാരും ഉയര്‍ത്തിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആദ്യത്തെ അപകടത്തിന് പിന്നിലും ഇത്തരം കൊള്ളക്കാരുടെ അട്ടിമറി ശ്രമങ്ങളാണോ എന്ന് കണ്ടെത്താന്‍ ഫോറന്‍സിക് പരിശോധന ഉള്‍പ്പെടെയുള്ള വിശദമായ അന്വേഷണത്തിന് സംസ്ഥാന സര്‍ക്കാരും കെഎസ്ആര്‍ടിസിയും കര്‍ണാടകയോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതേ ഹൈവേയിലെ ഇരുണ്ടതും സിസിടിവി ക്യാമറകള്‍ ഇല്ലാത്തതുമായ ഭാഗങ്ങളില്‍ വെച്ച് മുന്‍പും നിരവധി ട്രക്കുകള്‍ക്കും കാറുകള്‍ക്കും നേരെ മുട്ടയേറ് കവര്‍ച്ചാ ശ്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രാമനഗര, മാണ്ഡ്യ പോലീസ് പരിധിയിലായി മുന്‍പ് ഹൈവേ കൊള്ള നടത്തിയിരുന്ന പ്രാദേശിക സംഘങ്ങളിലെ ഒട്ടനവധി പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

സൂക്ഷിക്കുക, ശ്രദ്ധിക്കുക

മോട്ടോര്‍ ബൈക്കുകളിലോ മറ്റ് വാഹനങ്ങളിലോ എത്തുന്ന സംഘം പെട്ടെന്ന് വലിയ വാഹനങ്ങളുടെ മുന്നിലേക്ക് വരികയോ, തങ്ങളുടെ വണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി ബസോ കാറോ വന്ന് ഇടിച്ചെന്ന് വ്യാജമായി ആരോപിക്കുകയോ ചെയ്യും. തുടര്‍ന്ന് വണ്ടി തടഞ്ഞുനിര്‍ത്തി തര്‍ക്കമുണ്ടാക്കുകയും, ഡ്രൈവറെയും യാത്രക്കാരെയും വളഞ്ഞ് ആക്രമിച്ച് കൊള്ള നടത്തുകയും ചെയ്യും. രാത്രികാലങ്ങളില്‍ റോഡരികിലെ വെളിച്ചമില്ലാത്ത ഭാഗങ്ങളില്‍ വിശ്രമിക്കാനോ മറ്റോ ആയി നിര്‍ത്തിയിടുന്ന കാറുകള്‍, ബൈക്ക് യാത്രക്കാര്‍, ദമ്പതികള്‍ എന്നിവരെയാണ് ഇവര്‍ പ്രധാനമായും നിരീക്ഷിക്കുന്നത്.വിജനമായ സ്ഥലങ്ങളില്‍ വണ്ടി നിര്‍ത്തിയാലുടന്‍ ബൈക്കുകളിലെത്തുന്ന സംഘം വളയുകയും മാരകായുധങ്ങള്‍ കാട്ടി കവര്‍ച്ച നടത്തുകയും ചെയ്യും.

ജൂലൈ 2026 മദ്ദൂരിന് സമീപം രാത്രി 10 മണിയോടെ ഒരു കാര്‍ യാത്രക്കാരനെയും കുടുംബത്തെയും മറ്റൊരു സംഘം വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. ചെറിയ വാഹനം തട്ടിയെന്ന വ്യാജാരോപണം ഉന്നയിച്ച് കാര്‍ തടയുകയും, കുടുംബത്തിന്റെ മുന്നിലിട്ട് ഡ്രൈവറെ ജാക്കി റോഡ് ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയുമായിരുന്നു. ഇതിന്റെ ഡാഷ്‌ക്യാം ദൃശ്യങ്ങള്‍ വലിയ രീതിയില്‍ പ്രചരിച്ചതോടെ മദ്ദൂര്‍ പോലീസ് മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു. പക്ഷേ ഹൈവേ റോബറി സംഘങ്ങളെ ഒതുക്കാനുള്ള വലിയ ഓപ്പറേഷനുകള്‍ ഇവിടെ ഉണ്ടായിട്ടില്ല.

മൈസൂരു-ബെംഗളൂരു ദേശീയപാതയിലൂടെയോ കര്‍ണാടകയിലെ മറ്റ് ഭാഗങ്ങളിലൂടെയോ രാത്രികാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ കവര്‍ച്ചാസംഘങ്ങളെ സൂക്ഷിക്കേണ്ടതുണ്ട്. വിന്‍ഡ്ഷീല്‍ഡിലേക്ക് മുട്ടയോ തക്കാളിയോ ചായയോ പോലുള്ള ദ്രാവകങ്ങള്‍ വീണാല്‍ ഒരിക്കലും വൈപ്പറോ വെള്ളമോ അടിക്കരുത്. ഇതോടെ കാഴ്ച പൂര്‍ണ്ണമായി മറയും. ഒരിക്കലും വണ്ടി നിര്‍ത്തരുത്. വിജനമായ സ്ഥലങ്ങളില്‍ വെച്ച് മുട്ടയേറുണ്ടായാല്‍ വാഹനം നിര്‍ത്താതെ, കുറഞ്ഞ വേഗതയില്‍ വെളിച്ചമുള്ള പെട്രോള്‍ പമ്പോ ടോള്‍ പ്ലാസയോ എത്തുന്നതുവരെ മുന്നോട്ട് എടുക്കുക. രാത്രി യാത്രയിലുടനീളം വാഹനത്തിന്റെ എല്ലാ ഡോറുകളും സെന്‍ട്രല്‍ ലോക്ക് ആണെന്ന് ഉറപ്പുവരുത്തുക. വിന്‍ഡോ ഗ്ലാസുകള്‍ പൂര്‍ണ്ണമായും ഉയര്‍ത്തിയിടുക.നിങ്ങളുടെ വണ്ടി മറ്റ് വണ്ടികളില്‍ തട്ടിയെന്ന് പറഞ്ഞ് ആരെങ്കിലും തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ചാല്‍ വാഹനം നിര്‍ത്താതെ നേരെ അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് പോവുക.

insight kerala

വിജനമായ സ്ഥലങ്ങളിലെ വിശ്രമം ഒഴിവാക്കുക. രാത്രി 10 മണിക്ക് ശേഷം വിജനമായ റോഡരികുകളിലോ ബൈപ്പാസുകളിലോ വണ്ടി നിര്‍ത്തി വിശ്രമിക്കരുത്. കൃത്യമായ വെളിച്ചവും ആളനക്കവുമുള്ള പെട്രോള്‍ പമ്പുകളോ വലിയ ഹോട്ടലുകളോ ഇതിനായി തിരഞ്ഞെടുക്കുക. പരിചയമില്ലാത്ത റോഡുകളിലൂടെ പോകുമ്പോള്‍ ജിപിഎസ് ട്രാക്കിങ് ഓണ്‍ ചെയ്ത് വെക്കുക. കുടുംബാംഗങ്ങളുമായി നിങ്ങളുടെ ‘ലൈവ് ലൊക്കേഷന്‍’ പങ്കുവെക്കുന്നത് നല്ലതാണ്. ഏതെങ്കിലും തരത്തിലുള്ള സുരക്ഷാ ഭീഷണിയോ അപകടമോ ഉണ്ടായാല്‍ വിളിക്കേണ്ട നമ്പറുകള്‍ ഇവയാണ്. ഏറ്റവും വേഗത്തില്‍ സഹായം ലഭിക്കാന്‍ 112 നമ്പറിലേക്ക് വിളിക്കുക. ലൊക്കേഷന്‍ തിരിച്ചറിഞ്ഞ് ഹൈവേ പട്രോളിങ് വണ്ടി ഉടന്‍ എത്തും.കര്‍ണാടക സംസ്ഥാന പോലീസ് സഹായം ലഭിക്കാന്‍ 100ല്‍ വിളിക്കുക. ഹൈവേ ഹെല്‍പ്പ്ലൈനായ 1033 ദേശീയപാതകളിലെ അപകടങ്ങള്‍ക്കും കവര്‍ച്ചാ ശ്രമങ്ങള്‍ക്കും വിളിക്കാം.

Share This Article