ഒടുവിൽ LDF ചേരാൻ തീരുമാനമായി; 17ന് വൈകിട്ട് യോഗം

insight kerala

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷം ഇതുവരെയും ഇടതുമുന്നണി യോഗം ചേർന്നിരുന്നില്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങൾ പിന്നിട്ടിട്ടും ഇടതുമുന്നണിക്ക് ഒരുമിച്ചിരുന്ന് യോഗം കൂടാൻ കഴിയാത്തത് സിപിഎം – സിപിഐ തർക്കത്തെ തുടർന്നാണെന്ന ആക്ഷേപം ഉയർന്നിരുന്നു. പത്തുവർഷം തുടർച്ചയായി ഭരിച്ചശേഷം മുന്നണി പ്രതിപക്ഷത്ത് വന്നപ്പോൾ കനത്ത തോൽവി ഏറ്റുവാങ്ങിയതിന്റെ വിലയിരുത്തൽ നടത്താൻ പോലും മുന്നണിക്ക് കഴിഞ്ഞിരുന്നില്ല. പ്രതിപക്ഷ ഉപ നേതാവിനെ ചൊല്ലിയുള്ള തർക്കമാണ് മുന്നണി ചേരാൻ കഴിയാത്തതിന്റെ പ്രധാന കാരണം. സിപിഎമ്മും സിപിഐയും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയ്ക്ക് തയ്യാറായിരുന്നില്ല. ഉപ നേതാവിന്റെ കാര്യത്തിൽ തീരുമാനമായ ശേഷം മുന്നണി ചേർന്നാൽ മതിയെന്ന നിലപാടിൽ ആയിരുന്നു സിപിഐ. ഒടുവിൽ വിമർശനം പലഭാഗത്തുനിന്നും ഉയർന്നപ്പോൾ യോഗം ചേരാൻ തീരുമാനമെടുക്കുകയായിരുന്നു.

ഈ മാസം 17 ന് എകെജി സെൻററിൽ ഇടതുമുന്നണി യോഗം ചേരും. വൈകിട്ട് നാലുമണിക്കാണ് യോഗം. പ്രതിപക്ഷ ഉപ നേതാവിൻ്റെ കാര്യത്തിൽ തീരുമാനമായില്ലെങ്കിലും മുന്നണിയോഗം ഇനിയും വൈകേണ്ടതില്ല എന്നാണ് ധാരണയായത്. സിപിഎമ്മും സിപിഐയും ചർച്ച ചെയ്താണ് ഇടതുമുന്നണി യോഗം ചേരാൻ തീരുമാനമെടുത്തത്.

ശക്തമായ പ്രതിപക്ഷം എന്ന നിലയിൽ സർക്കാരിനെതിരായ സമരപരിപാടികൾക്ക് രൂപം നൽകാൻ മുന്നണിയോഗം ചേർന്നേ മതിയാകു. ആദ്യത്തെ നിയമസഭാസമ്മേളനത്തിലും സിപിഎം സിപിഐയും തമ്മിൽ വിയോജിപ്പുകൾ പല ഘട്ടങ്ങളിൽ പ്രകടമായിരുന്നു. എൽഡിഎഫ് പാർലമെൻറ് പാർട്ടി യോഗം ചേരാൻ പോലും കഴിയാത്ത സാഹചര്യം ആയിരുന്നു. ഇടതുമുന്നണി യോഗം ചേരാത്തതിനെ യുഡിഎഫ് നേതാക്കൾ പോലും വിമർശിച്ചിരുന്നു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article