കൊച്ചി : വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ നേരിട്ട് ഹാജരാവണമെന്ന് ഹൈക്കോടതി. എസ്.പി എസ്. ശശിധരനാണ് അന്വേഷണ ചുമതല. കുറ്റപത്രം നൽകാൻ വൈകുന്നതിൽ കോടതി അതൃപ്തി അറിയിച്ചു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട് അപൂർണമാണെന്നും കോടതി നിരീക്ഷിച്ചു. നേരത്തെയും കേസ് അന്വേഷണം വൈകുന്നതിൽ ജസ്റ്റിസ് ബദറുദ്ദീൻ അധ്യക്ഷനായ ബെഞ്ച് വിമർശനം ഉന്നയിച്ചിരുന്നു.
കഴിഞ്ഞ ഫെബ്രുവരിയിൽ വെള്ളാപ്പള്ളി നടേശനെ വിജിലൻസ് വീട്ടിലെത്തി ചോദ്യം ചെയ്തിരുന്നു. 2016 ലാണ് വി.എസ്. അച്യുതാനന്ദന്റെ പരാതിയിൽ വെള്ളാപ്പള്ളി നടേശനെതിരെ അന്വേഷണം തുടങ്ങിയത്. സ്ത്രീകളുടെ പേരിൽ വ്യാജ പദ്ധതിയിലൂടെ പിന്നോക്ക വികസന കോർപ്പറേഷനിൽ നിന്ന് കോടികൾ വായ്പയെടുത്തതിലാണ് അഴിമതി ആരോപണം. സാമ്പത്തിക തിരിമറി, ഗൂഢാലോചന എന്നിവയിലൂടെ 15 കോടി തട്ടിച്ചെന്നാണ് വിഎസ് അച്യുതാനന്ദൻ ആരോപിച്ചത്.
