“ഹിജാബ് ധരിക്കാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കരുത്”; തീവ്രവാദം വിളമ്പുന്ന ഡോക്ടര്‍മാരെ ക്ഷണിച്ചുകൊണ്ടുവരുന്നത് വൈറ്റ് കോളര്‍ ടെററിസംമെന്ന് വിമര്‍ശിച്ചു; ആരിഫ് ഹുസൈന്‍ തെരുവത്തിനെതിരെ കേസ്; എന്‍ഐക്ക് പരാതി നല്‍കി എക്‌സ്മുസ്‌ലീം നേതാവും; നിശബ്ദനാക്കാനാവില്ലെന്ന് ആവര്‍ത്തിച്ച് ആരിഫ്

insight kerala

സ്‌പെഷ്യല്‍ റിപ്പോര്‍ട്ട്

എം റിജു

കോഴിക്കോട്: സ്വതന്ത്രചിന്തകനും എക്‌സ് മുസ്ലീമുമായ ആരിഫ് ഹുസൈന്‍ തെരുവത്തിനെ കേസില്‍ കുടുക്കി നിശബ്ദനാക്കാന്‍ നീക്കം. ആരിഫിനെതിരെ
കേസെടുക്കാന്‍ കോടതി ഉത്തരവിട്ട സംഭവം സോഷ്യല്‍ മീഡിയയില്‍ ഇസ്ലാമിസ്ട്രറുകള്‍ വലിയ ചര്‍ച്ചയാക്കുകയാണ്. എന്നാല്‍ ഇതിലൊന്നും കീഴടങ്ങുന്ന പ്രശ്‌നമില്ലെന്നും മതമൗലികവാദികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് മുന്നോട്ടുപോവുമെന്നും ആരിഫ് വ്യക്തമാക്കി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കോഴിക്കോട് പന്തീരങ്കാവില്‍ പ്രവര്‍ത്തിക്കുന്ന എക്സ് ആന്‍ഡ് വൈ ലേണിങ് എന്ന എന്‍ട്രന്‍സ് കോച്ചിങ് സ്ഥാപനം നല്‍കിയ ഹര്‍ജിയില്‍ കോഴിക്കോട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആരിഫിനെതിരെ കേസെടുക്കാന്‍ ഉത്തരവിട്ടത്. നേരത്തെ പൊലീസ് കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് തള്ളിയതിനെ തുടര്‍ന്നാണ് സ്ഥാപന ഉടമകള്‍ കോടതിയെ സമീപിച്ചത്. സ്ഥാപനത്തിനെതിരെ സാമുദായിക ഭിന്നതയുണ്ടാക്കുന്ന രീതിയിലും തീവ്രവാദ ബന്ധം ആരോപിച്ചും ഫെയ്‌സ്ബുക്കിലൂടെ വ്യാജപ്രചാരണം നടത്തി എന്ന പരാതിയിലാണ് അന്വേഷണം.

പ്രതികരിച്ചത് വൈറ്റ് കോളര്‍ ടെററിസത്തിനെതിരെ

എന്നാല്‍ താന്‍ പ്രതികരിച്ചത് വൈറ്റ് കോളര്‍ ടെററിസിസത്തിനെതിരെയാണെന്നും പറഞ്ഞതില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും ആരിഫ് ഹുസൈന്‍ തെരുവത്ത് വ്യക്തമാക്കി.
2025 ഡിസംബറില്‍ താനിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ആരിഫ് വീണ്ടും പങ്കുവെച്ചു. ഡല്‍ഹി ചെങ്കോട്ട ആക്രമണത്തിന് പിന്നാലെ രാജ്യത്ത് ചര്‍ച്ചയായ ‘വൈറ്റ് കോളര്‍ ജിഹാദ്’ പശ്ചാത്തലമാക്കിയാണ് താന്‍ പോസ്റ്റിട്ടതെന്ന് അദ്ദേഹം വ്യക്തമാക്കി. എക്സ് ആന്‍ഡ് വൈ എന്‍ട്രന്‍സ് കോച്ചിങ് കേന്ദ്രത്തില്‍ ക്ലാസെടുക്കാന്‍ എത്തിയ ഓര്‍ത്തോപെഡിക് സര്‍ജനായ ഡോ. മുഹമ്മദ് കുട്ടി കണ്ണിയന്‍ മറ്റു വേദികളില്‍ നടത്തിയ തീവ്ര നിലപാടുകളുള്ള പ്രസംഗങ്ങളാണ് ആരിഫ് ചൂണ്ടിക്കാണിക്കുന്നത്. പെണ്‍കുട്ടികള്‍ ജീന്‍സും ടൈറ്റ് വസ്ത്രങ്ങളും ഉപേക്ഷിച്ച്, ശരീരത്തിന്റെ ആകാരവടിവുകള്‍ വെളിവാകാത്ത രീതിയില്‍ പൂര്‍ണ്ണമായി ഹിജാബ് ധരിക്കണമെന്നും, അല്ലാത്ത പെണ്‍കുട്ടികളെ വിവാഹം കഴിക്കരുതെന്നും ഖുര്‍ആന്‍ ഉദ്ധരിച്ച് പ്രസംഗിക്കുന്ന വ്യക്തിയെ ഇത്തരം കോച്ചിങ് സെന്ററുകളില്‍ കൊണ്ടുവരുന്നത് അപകടകരമാണെന്നാണ് ആരിഫിന്റെ ആരോപണം. കേരളത്തില്‍ അല്‍ ഫലാഹ് യൂണിവേഴ്സിറ്റി മാതൃകയിലുള്ള തീവ്രവാദ താവളങ്ങള്‍ രൂപപ്പെടാതിരിക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കും പോലീസിനും മുന്നറിയിപ്പ് നല്‍കുന്ന ഒരു ‘വിസില്‍ ബ്ലോയിങ്’ ശ്രമമാണ് താന്‍ നടത്തിയതെന്നും ആ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

കേസുമായി ബന്ധപ്പെട്ട് തന്നോട് പോലീസ് വിവരങ്ങള്‍ തിരക്കിയെന്നും, തന്നെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച സ്ഥാപനത്തിനെതിരെ ഇനി ഔദ്യോഗികമായി തന്നെ മുന്‍പോട്ടു പോകുമെന്നും ആരിഫ് പ്രതികരിച്ചു. എന്‍ട്രന്‍സ് കോച്ചിങ്ങിന്റെ മറവില്‍ താലിബാനിസവും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിക്കുന്നുണ്ടോ എന്ന് വ്യക്തമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് എന്‍.ഐ.എ, സംസ്ഥാന ഡി.ജി.പി, ഇന്റലിജന്‍സ് വിഭാഗം എന്നിവര്‍ക്ക് ഔദ്യോഗികമായി പരാതി നല്‍കാന്‍ ആവശ്യമായ നടപടികള്‍ പൂര്‍ത്തിയായിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോടതി ഉത്തരവിലൂടെ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടെങ്കിലും, വിഷയം ദേശീയ അന്വേഷണ ഏജന്‍സികള്‍ക്ക് മുന്‍പിലേക്ക് എത്തിച്ച് വലിയൊരു നിയമപോരാട്ടത്തിന് തുടക്കമിടുകയാണ് ആരിഫ് ഹുസൈന്‍.

മുമ്പ് ഇസ്ലാമിക തീവ്ര നിലപാടുകള്‍ വച്ചുപുലര്‍ത്തിയിരുന്ന താന്‍ ഖുര്‍ആന്‍ പൂര്‍ണമായി വായിച്ച ശേഷമാണ് ആ ആശയങ്ങള്‍ ഉപേക്ഷിച്ചതെന്ന് അവകാശപ്പെടുന്ന ആരിഫ് ഹുസൈന്‍, സ്വയം എക്സ് ജിഹാദി എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇസ്ലാമിലെ മോശം കാര്യങ്ങള്‍ കോയാകോളിങ്ങ് എന്ന പരിപാടിയിലൂടെയൊക്കെ ചൂണ്ടിക്കാണിക്കുക വഴി, അദ്ദേഹത്തിനെതിരെ വധഭീഷണികളും ഒരുപാടുണ്ടായിട്ടുണ്ട്.

Share This Article