ചെന്നൈ : അധിക്ഷേപ പരാമർശം നടത്തിയതിന്റെ പേരിൽ തമിഴ്നാട്ടിലെ പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ അറസ്റ്റ് ചെയ്യാൻ നീക്കം. വിവാദ പരാമർശത്തിൽ കേസെടുത്തിരുന്നു. ഉദയനിധിക്കെതിരെ ടിവികെയിൽ നിന്ന് വ്യാപക പരാതിയാണ് ലഭിച്ചത്. ഉദയനിധിയുടെ വീട്ടിൽ പോലീസ് എത്തിയിട്ടുണ്ട്. ഡിഎംകെ അനുയായികളുടെ വലിയ പ്രതിഷേധം ഉദയനിധിയുടെ വസതിക്ക് മുന്നിൽ നടക്കുകയാണ്.
അതേസമയം മുൻകൂർ ജാമ്യ അപേക്ഷയുമായി ഉദയനിധി മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. ഉച്ചയ്ക്കുശേഷം ഹർജി പരിഗണിക്കാമെന്ന് കോടതി അറിയിച്ചു.
കാവേരി നദീജല പ്രശ്നവുമായി ബന്ധപ്പെട്ട് നടത്തിയ പ്രസംഗത്തിനിടയില്‍ തമിഴ് സിനിമാതാരം തൃഷയെ കുറിച്ച് ഉദയനിധി സ്റ്റാലിന് നടത്തിയ പരാമര്‍ശമാണ് വിവാദമായത്. ഉദയനിധിയുടെ പരാമര്‍ശം അറപ്പുളവാക്കുന്നതാണെന്ന് ടിവികെ പ്രതികരിച്ചു. സംഭവത്തില്‍ രൂക്ഷമായ വിമര്‍ശനമാണ് ഉദയനിധിക്കെതിരെ ഉയരുന്നത്. തഞ്ചാവൂരില്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഉദയനിധി അധിക്ഷേപകരമായ പരാമര്‍ശം നടത്തിയത്.
മുഖ്യമന്ത്രി സി ജോസഫ് വിജയ്ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ഉദയനിധി പ്രസംഗിക്കുന്നതിനിടെ ആള്‍ക്കൂട്ടത്തിനിടയിൽ നിന്ന് ചിലർ തൃഷ, തൃഷ എന്ന് വിളിച്ചു പറഞ്ഞു. ഇതിന് പിന്നാലെയാണ് തൃഷയെയും വിജയ്യെയും അപമാനിക്കുന്ന തരത്തില്‍ ഉദയനിധി ദ്വയാര്‍ത്ഥ പ്രയോഗം നടത്തിയത്. പിന്നീട് താന്‍ ഒരു തമാശ പറഞ്ഞതാണെന്ന് പറയുകയും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഉദയനിധിക്കെതിരെ വിമര്‍ശനം ഉയരുകയായിരുന്നു.

