കശുവണ്ടി അഴിമതി; കെ എ രതീഷ് രാജിവച്ചു

insight kerala

തിരുവനന്തപുരം: കശുവണ്ടി അഴിമതി കേസിലെ ഒന്നാം പ്രതിയായ കശുവണ്ടി വികസന കോര്‍പ്പറേഷന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ കെ എ രതീഷ് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവച്ചു. കശുവണ്ടി അഴിമതി കേസില്‍ പ്രതിയായ രതീഷ് സുപ്രധാന പദവിയില്‍ തുടരുന്നതില്‍ ഹൈക്കോടതി രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയിരുന്നു. പിന്നാലെ രതീഷിനോട് രാജിവയ്ക്കാന്‍ മുഖ്യമന്ത്രി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് കെ എ രതീഷ് രാജിവെച്ചിരിക്കുന്നത്.

ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനത്തോടൊപ്പം കേരള സംസ്ഥാന ഗ്രാമീണ വനിതാ ഇലക്ട്രോണിക്സ് വ്യാവസായിക സഹകരണ ഫെഡറേഷന്‍ ലിമിറ്റഡ് (റൂട്രോണിക്സ്) മാനേജിങ് ഡയറക്ടര്‍, കേരള ഖാദി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ എന്നീ പദവികളിലും കെ എ രതീഷ് പ്രവര്‍ത്തിക്കുന്നുണ്ട്.

കെ എ രതീഷ് മൂന്ന് സ്ഥാപനങ്ങളുടെ തലപ്പത്ത് തുടരുന്നത് ചൂണ്ടിക്കാട്ടി ഹൈക്കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു. കെ എ രതീഷ് മൂന്ന് പദവികളില്‍ തുടരുകയാണെന്ന് ഹര്‍ജിക്കാരനായ കെ എം ഷാജഹാന്‍ വാദിച്ചിരുന്നു. ഇതിന് പിന്നാലെയായിരുന്നു അഴിമതി കേസിലെ ഒന്നാം പ്രതിയായ ആളെ നിര്‍ണായക പദവികളില്‍ തുടരാന്‍ അനുവദിക്കുന്നതിനെ ജസ്റ്റിസ് എ ബദറുദ്ദീന്‍ ചോദ്യം ചെയ്തത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

2006 മുതല്‍ 2015 വരെ കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ ചട്ടങ്ങള്‍ ലംഘിച്ച് കോടികളുടെ അഴിമതി നടത്തി കോര്‍പ്പറേഷന് ഭീമമായ നഷ്ടം വരുത്തിയെന്നതാണ് കേസ്. സിബിഐ രജിസ്റ്റര്‍ ചെയ്ത കേസില്‍ രതീഷ് ഒന്നാം പ്രതിയും ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍ മൂന്നാം പ്രതിയുമാണ്. കേസില്‍ സിബിഐ കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ട്.

Share This Article