കൊച്ചി: ട്രാൻസ്പോർട്ട് കമ്മീഷണർ ആയിരിക്കെ എഡിജിപി എസ് ശ്രീജിത്ത് അനുമതിയില്ലാതെ വിദേശയാത്ര നടത്തിയതും ഉൾപ്പെടെയുള്ള അഴിമതി ആരോപണങ്ങളിൽ പരാതി വ്യാജമെന്ന് കാട്ടിയാണ് ചീഫ് സെക്രട്ടറി ഹൈക്കോടതി റിപ്പോർട്ട് സമർപ്പിച്ചത്. ഈ റിപ്പോർട്ട് ആണ് ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. സെക്രട്ടറി വിശ്വനാഥ് സിൻഹയ്ക്ക് കോടതിയിൽ നിന്ന് കടുത്ത വിമർശനവും നേരിട്ടു.
എഡിജിപിയുടെ വിദേശയാത്ര, ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായിരിക്കെ നടത്തിയ അഴിമതികള്‍ എന്നിവ പരിശോധിച്ച് നടപടിയെടുക്കാന്‍ കോടതി നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ ഇത് പാലിക്കാതെ പരാതിക്കാരനായ ദിപിന്‍ ഇടവനയെയും എഡിജിപിയെയും ട്രാന്‍സ്‌പോര്‍ട്ട്-വിജിലന്‍സ് വകുപ്പ് ഉന്നതരെയും വിളിച്ചുവരുത്തി ഹിയറിങ് നടത്തുകയാണ് അന്ന് ആഭ്യന്തര സെക്രട്ടറിയായിരുന്ന ബിശ്വനാഥ് സിന്‍ഹ ചെയ്തത്.
ഈ ആരോപണങ്ങളില്‍ അന്വേഷണം നടത്താന്‍ വിജിലന്‍സ് ഡയറക്ടര്‍ നേരത്തെ തന്നെ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി തേടിയിരുന്നു. എന്നാല്‍ അന്വേഷണത്തിന് അനുമതി നല്‍കുന്നതിന് പകരം ആരോപണവിധേയനായ ഉദ്യോഗസ്ഥനെയും പരാതിക്കാരനെയും ഒപ്പമിരുത്തി അസാധാരണ ഹിയറിങ് നടത്താനാണ് സെക്രട്ടറി ശ്രമിച്ചത്.

