“എല്ലാറ്റിനും മാപ്പ്; സിബി സാറിന്റെ പേര് എങ്ങനെ വന്നുവെന്ന് അറിയില്ല”: പേളി മാണി

insight kerala

ഡൽഹി ജന്തര്‍ മന്തറിലെ വിദ്യാര്‍ഥി സമരവുമായി ബന്ധപ്പെട്ട വിവാദ പ്രതികരണത്തിൽ വിശദീകരണവുമായി നടിയും അവതാരകയുമായ പേളി മാണി. വിദ്യാർഥികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക പങ്കുവെക്കുക മാത്രമാണ് താൻ ചെയ്തതെന്നും ആരുടെയും പോരാട്ടത്തെ ചെറുതാക്കി കാണിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും പേളി തന്‍റെ യൂട്യൂബ് ചാനലിൽ പങ്കുവെച്ച 21 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലൂടെ വ്യക്തമാക്കി.

വിദ്യാർഥികളും പൊലീസും തമ്മിലുള്ള ഏറ്റുമുട്ടലുകളുടെ ദൃശ്യങ്ങൾ കണ്ട് ഭയന്നാണ് പോസ്റ്റ് പങ്കുവെച്ചതെന്ന് പേളി പറഞ്ഞു. “വിദ്യാർഥികൾക്ക് തുല്യനീതിയും സുതാര്യമായ വിദ്യാഭ്യാസ രീതിയും ഉറപ്പാക്കണം. എന്നാൽ ഏതൊരു പോരാട്ടത്തേക്കാളും വലുതാണ് ജീവൻ. സുരക്ഷിതരായിരിക്കുക എന്ന ഉദ്ദേശ്യത്തിലാണ് പോസ്റ്റ് ഇട്ടത്,” എന്ന് പേളി വ്യക്തമാക്കി. എന്നാൽ തന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിക്കപ്പെടുകയും സ്വാതന്ത്ര്യസമര സേനാനികളെപ്പോലും അപമാനിക്കുന്ന രീതിയിലാണ് പോസ്റ്റെന്ന് പ്രചരിക്കപ്പെടുകയും ചെയ്തതാണ് വിഷമമുണ്ടാക്കിയതെന്നും താരം കൂട്ടിച്ചേർത്തു.

തനിക്കെതിരെ ഉയർന്ന അത്യധികം വിദ്വേഷപരമായ പോസ്റ്റിന് മറുപടിയായി ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ‘പരാജയപ്പെട്ട ചലച്ചിത്രകാരൻ’ എന്ന് വിശേഷിപ്പിച്ചത് വലിയ തെറ്റായിപ്പോയെന്ന് പേളി പറയുന്നു. സംവിധായകൻ സിബി മലയിലിനെ താൻ ‘പരാജയപ്പെട്ട ചലച്ചിത്രകാരൻ’ എന്ന് വിളിച്ചെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തികച്ചും തെറ്റാണെന്ന് പേളി മാണി പറഞ്ഞു. താൻ സിബി മലയിൽ എന്ന സംവിധായകന്റെ വലിയൊരു ആരാധികയാണെന്നും, സ്വപ്നത്തിൽ പോലും വിചാരിക്കാത്ത രീതിയിലാണ് കാര്യങ്ങൾ വളച്ചൊടിക്കപ്പെട്ടതെന്നും പേളി വ്യക്തമാക്കി. യൂട്യൂബിൽ പങ്കുവെച്ച പ്രത്യേക വിശദീകരണ വീഡിയോയിലാണ് തനിക്കെതിരെ ഉയർന്ന രൂക്ഷവിമർശനങ്ങൾക്കും അൺഫോളോ ക്യാംപെയിനുകൾക്കും മറുപടിയുമായി താരം രംഗത്തെത്തിയത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article