വഖഫ് ബോർഡ്; ഹൈക്കോടതി വിധിക്കെതിരേ ഉമർ ഫൈസി സുപ്രീംകോടതിയിൽ

insight kerala

കേരള വഖഫ് ബോർഡിന്റെ പ്രവർത്തനത്തിന് താത്കാലിക നിയന്ത്രണമേർപ്പെടുത്തിയ കേരള ഹൈക്കോടതി വിധിക്കെതിരേ സുപ്രീംകോടതിയിൽ ഹർജി. സംസ്ഥാന വഖഫ് ബോർഡും വഖഫ് ബോർഡ് അംഗം ഉമർ ഫൈസിയുമാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നും, വഖഫ് ബോർഡിന്റെ പ്രവർത്തനം പൂർവസ്ഥിതിയിൽ പുനഃസ്ഥാപിക്കണമെന്നുമാണ് ഹർജികളിൽ ആവശ്യപ്പെട്ടിരിക്കുന്നത്.

ഹൈക്കോടതിയുടെ അനുമതിയില്ലാതെ നയപരമായതോ പ്രധാനപ്പെട്ടതോ ആയ തീരുമാനങ്ങൾ ബോർഡെടുക്കാൻ പാടില്ലെന്നും മൂലധന ചെലവുകൾ ഉണ്ടാക്കരുതെന്നും എന്നുമായിരുന്നു കേരള ഹൈക്കോടതി വിധി. വഖഫ് കാര്യങ്ങൾ കൈകാര്യംചെയ്യുന്ന ജോയിന്റ് സെക്രട്ടറിയുടെ മേൽനോട്ടത്തിലായിരിക്കും തത്കാലം ബോർഡിന്റെ പ്രവർത്തനമെന്നും കേരള ഹൈക്കോടതി നിർദേശിച്ചിരുന്നു. ഈ ഉത്തരവോടെ വഖഫ് ബോർഡിന്റെ പ്രവർത്തനം ഏറെക്കുറെ നിലച്ച അവസ്ഥയാണ്. ഈ സഹചര്യത്തിൽ കേരള ഹൈക്കോടതി വിധി അടിയന്തരമായി സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടാണ് ബോർഡും, ഉമർ ഫൈസിയും അഭിഭാഷകൻ കെ.ആർ. സുഭാഷ് ചന്ദ്രൻ മുഖേന സുപ്രീംകോടതിയെ സമീപിച്ചത്.

കേരള വഖഫ് ബോർഡിൽ മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ ഉൾപ്പെടുത്താത്തതിനെതിരേ ബി.ജെ.പി. നേതാവ് ഷോൺ ജോർജ് ഫയൽ ചെയ്ത പൊതുതാത്പര്യഹർജി പരിഗണിച്ചുകൊണ്ടായിരുന്നു കേരള ഹൈക്കോടതി ഉത്തരവ്. 2025-ലെ നിയമഭേദഗതി പ്രകാരം മുസ്ലിങ്ങളല്ലാത്ത, കുറഞ്ഞത് രണ്ടംഗങ്ങൾ വഖഫ് ബോർഡിൽ വേണമെന്നാണ് വ്യവസ്ഥയെന്നായിരുന്നു ഹർജിക്കാരുടെ വാദം. നിയമഭേദഗതിയനുസരിച്ചുള്ള വ്യവസ്ഥയനുസരിച്ച് രണ്ടംഗങ്ങളുടെ ഒഴിവ് നികത്താതെയാണ് പിണറായി വിജയൻ സർക്കാർ വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ച് ഉത്തരവിറക്കിയിരുന്നത്. മുസ്ലിങ്ങളല്ലാത്ത രണ്ടംഗങ്ങളെ നാമനിർദേശംചെയ്യാൻ ഉത്തരവിടണമെന്നും ഷോൺ ജോർജ് കേരള ഹൈക്കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article