തിരുവനന്തപുരം : ആലപ്പുഴയിലെ രക്ഷാപ്രവർത്തന കേസ് അട്ടിമറിച്ച എം ആർ അജിത് കുമാറിനെതിരെ നടപടി വൈകുന്നതിൽ കോൺഗ്രസിനുള്ളിൽ പ്രതിഷേധം ശക്തമാകുന്നു. അന്ന് മർദ്ദനമേറ്റ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ എ ഡി തോമസും അജയ് ജൂവൽ കുര്യാക്കോസും ഈ വിഷയത്തിൽ മുഖ്യമന്ത്രിയെ കാണാനൊരുങ്ങുന്നു. കാക്കിയിട്ട ക്രിമിനലാണ് അജിത്കുമാർ എന്നാണ് എഡി തോമസ് എംഎൽഎ വിമർശനമുന്നയിച്ചത്. ഡിജിപിക്ക് മുന്നിൽ സമർപ്പിച്ച റിപ്പോർട്ട് വീണ്ടും മടക്കി അയച്ചത് അജിത് കുമാറിനെ സംരക്ഷിക്കാൻ വേണ്ടിയാണ് എന്ന് ആരോപണമാണ് ഒരു വിഭാഗം ശക്തമാക്കുന്നത്. സർക്കാർ ഇതിന് കൂട്ടുനിൽക്കുന്നു എന്ന വിമർശനവും പാർട്ടിക്കുള്ളിൽ വലിയ രീതിയിൽ ഉയരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ മർദ്ദനത്തിന് ഇരയായ നേതാക്കൾ തയ്യാറെടുക്കുന്നത്.
അതിനിടെ ഡിജിപി സ്ഥാനക്കയറ്റത്തിന് വേണ്ടിയുള്ള സ്‌ക്രീനിങ് കമ്മിറ്റി നടപടികൾ സർക്കാർ ആരംഭിച്ചു. ഉദ്യോഗസ്ഥരുടെ വിവരങ്ങൾ ആഭ്യന്തര വകുപ്പ് തേടിയിട്ടുണ്ട്. ഡിജിപിയിൽ നിന്നും വിജിലൻസ് മേധാവിയിൽ നിന്നും റിപ്പോർട്ട് തേടി തുടങ്ങി. ഈ മാസം ഇരുപതിനാണ് സ്‌ക്രീനിങ് കമ്മിറ്റി ചേരുന്നത്.
