കെ വി നിരഞ്ജന്
അമേരിക്കയില്‍ തീവ്രവലതുപക്ഷം പിടിമുറുക്കുകയാണെന്ന് നേരത്തെ വരുന്ന റിപ്പോര്‍ട്ടുകള്‍ ശരിവെച്ചുകൊണ്ട് ഒരു ആക്രമണംകൂടി. മതത്തിന്റെ പേരില്‍ ഇത്തവണ ആക്രമിക്കപ്പെട്ടത് ഇന്ത്യന്‍ യുവാവാണ്. കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും, തീവ്ര വംശീയ ചിന്താഗതികളും കാരണം മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ഷങ്ങളായി അമേരിക്കയില്‍ വര്‍ധിച്ച് വരികയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ അധ്യായമാണ്, യുഎസിലെ യുട്ടായിലെ ഷോപ്പിംഗ് മാളില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത്.
കിയോസ്ക് ജീവനക്കാരനായ സൊഹൈലിനെയാണ് (22) മത വിദ്വേഷത്തിന്റെ പേരില്‍ അക്രമി ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ചത്. തിങ്കളാഴ്ച വെസ്റ്റ് വാലി സിറ്റിയിലെ ‘വാലി ഫെയര്‍ മാളി’ലാണ് നടുക്കിയ സംഭവമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ സൊഹൈല്‍ അതീവ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ തുടരുകയാണ്. സംഭവത്തില്‍ പ്രതിയായ പീറ്റര്‍ മൈക്കല്‍ ലാര്‍സനെ (48) പോലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമം, നിരോധിത മാരകായുധങ്ങള്‍ കൈവശം വെക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. അക്രമി യുവാവിനെ 15 തവണയോളമാണ് കുത്തിയത്.
മതം ചോദിച്ച് ആക്രമണം
സൊഹൈലിനോട് കുടിക്കാന്‍ ഒരു കുപ്പി വെള്ളം ലാര്‍സന്‍ ആവശ്യപ്പെട്ടിരുന്നു. വെള്ളമെടുക്കാന്‍ സൊഹൈല്‍ തിരിഞ്ഞ നിമിഷം ലാര്‍സന്‍ കൈയില്‍ കരുതിയിരുന്ന വലിയ കത്തി പുറത്തെടുത്ത് ക്രൂരമായി കുത്തിവീഴ്ത്തുകയായിരുന്നുവെന്ന് യുട്ടാ ഇസ്ലാമിക് സെന്റര്‍ ഇമാം ഷുഐബ് ദിന് പറഞ്ഞു. തന്റെ കണ്മുന്നിലാണ് സൊഹൈലിനെ അവന് മൃഗീയമായി കുത്തിവീഴ്ത്തിയതെന്നും ലൂണ പറഞ്ഞു. കുത്തുന്നതിന് മുന്‍പ് ലാര്‍സന്‍ മാളില്‍ ചുറ്റിനടന്ന് ആളുകളോട് അവരുടെ മതത്തെക്കുറിച്ച് ചോദിക്കുന്നുണ്ടായിരുന്നു എന്ന് മറ്റ് മാള്‍ ജീവനക്കാര്‍ പിന്നീട് തന്നോട് പറഞ്ഞതായും ലൂണ വ്യക്തമാക്കി.
മാളിലെത്തിയ പ്രതി പീറ്റര്‍ ലാര്‍സന്‍ സൊഹൈലിന് സമീപമെത്തി സൗഹൃദം നടിച്ച് സംസാരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. അടുത്തുള്ള ഒരു ജ്വല്ലറിയില്‍ ജോലി ചെയ്യുന്ന ലൂണ നുനെസ് വെളിപ്പെടുത്തിയത് ഇങ്ങനെയാണ്, ലാര്‍സന്‍ ആദ്യം സൊഹൈലിനോട് എവിടെ നിന്നാണെന്നാണ് ചോദിച്ചു. ‘ഞാന്‍ ഇന്ത്യയില്‍ നിന്നാണ്, പേര് സൊഹൈല്‍’ എന്ന് മറുപടി നല്കി. തൊട്ടുപിന്നാലെ ‘നീ മുസ്ലീമാണോ’ എന്ന് ലാര്‍സന്‍ ചോദിച്ചു. ‘അതെ’ എന്ന് സൊഹൈല്‍ മറുപടി നല്‍കിയതിന് തൊട്ടുപിന്നാലെ ലാര്‍സന്‍ അക്രമം നടത്തുകയായിരുന്നു.
പ്രതിക്ക് വന്‍ കൂട്ടക്കൊലയ്ക്ക് പദ്ധതി വന്‍ ദുരന്തമാകേണ്ടിയിരുന്ന ആക്രമണം തടഞ്ഞത് മാളിലുണ്ടായിരുന്ന പൊതുജനങ്ങളുടെ ധീരമായ ഇടപെടലായിരുന്നു. സൊഹൈലിനെ കുത്തി വീഴ്ത്തിയ പ്രതിയെ ചുറ്റുമുണ്ടായിരുന്ന ആളുകള്‍ ഓടിയെത്തി ബലമായി കീഴടക്കുകയായിരുന്നു. പോലീസെത്തുന്നതുവരെ ഇവര്‍ പ്രതിയെ പിടിച്ചുവെച്ചു. പൊതുജനങ്ങളെ നേരിടാന്‍ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ പ്രതി ലാര്‍സനെ ചികിത്സ നല്കിയ ശേഷമാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. പ്രതി വലിയ രീതിയിലുള്ള കൂട്ടക്കൊലകള്‍ക്കും വംശീയ ആക്രമണങ്ങള്‍ക്കും പദ്ധതിയിട്ടിരുന്നതായി കോടതി രേഖകളില്‍ വ്യക്തമാക്കുന്നു. ‘ഞാന്‍ മനഃപൂര്‍വ്വമാണ് സൊഹൈലിനെ ലക്ഷ്യമിട്ടത്. അവന് ഒരു മുസ്ലീമാണ്. മുസ്ലീങ്ങളെ കൊന്നൊടുക്കുകയാണ് എന്റെ ലക്ഷ്യം’ എന്ന് ലാര്‍സന്‍ പറഞ്ഞതായി ഉദ്യോ ഗസ്ഥര്‍ വ്യക്തമാക്കി.
മുൻകൂട്ടി തയാറാക്കിയ പദ്ധതികളുമായി ഇറങ്ങിയ ഇയാള്‍ പൊതുജനങ്ങള്‍ക്ക് വന്‍ ഭീഷണിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കസ്റ്റഡിയില്‍ എടുക്കുന്നതിന് മുന്‍പ്, ആളുകള്‍ കീഴ്പ്പെടുത്തുന്നതിനിടയില്‍ ലാര്‍സന്‍ ഉണ്ടായ പരിക്കുകള്‍ക്ക് പിന്നീട് ചികിത്സ നല്കി. കുടുംബത്തിന്റെ ഏക ആശ്രയമാണ് നിലവില്‍ ഐസിയുവില്‍ കഴിയുന്ന സൊഹൈല്‍. ഭാര്യയും രണ്ട് ചെറിയ കുഞ്ഞുങ്ങളുമടങ്ങുന്ന സൊഹൈലിന്റെ കുടുംബം മറ്റ് വരുമാന മാര്‍ഗങ്ങളില്ലാതെ വിഷമിക്കുകയാണ്. സൊഹൈലിന്റെ ചികിത്സയ്ക്കായി സുഹൃത്തുക്കള്‍ ‘ഗോഫണ്ട്മീ’ വഴി ധനസമാഹരണം ആരംഭിച്ചിട്ടുണ്ട്. ‘എപ്പോഴും പുഞ്ചിരിയോടെ മാത്രം കാണുന്ന കഠിനാധ്വാനിയായ യുവാവാണ് സൊഹൈല്‍. ഈ ആക്രമണം ക്രൂരമാണ്. വെറുപ്പിന് ഇവിടെ ഒരു സ്ഥാനവുമില്ല. ഒരു മനുഷ്യനെ കൊല്ലുമ്പോള്‍ നിങ്ങള്‍ ഒരാളെ മാത്രമല്ല, ഒരു കുടുംബത്തെ മുഴുവനുമാണ് ഇല്ലാതാക്കുന്നത്. സൊഹൈലിനെ സംരക്ഷിക്കാന്‍ എനിക്ക് അവിടെ ഉണ്ടാകാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. അവനുവേണ്ടി എന്റെ ജീവന് നല്കാന് പോലും ഞാന്‍ തയ്യാറായിരുന്നു,’ സൊഹൈലിന്റെ മാനേജര്‍ അദ്നാന് മുഹമ്മദ് വിതുമ്പലോടെ പറഞ്ഞു.
അമേരിക്കയില്‍ കുടിയേറ്റ വിരുദ്ധ പ്രസ്താവനകളും, തീവ്ര വംശീയ ചിന്താഗതികളും കാരണം മുസ്ലീം വിരുദ്ധ ആക്രമണങ്ങള്‍ വര്‍ഷങ്ങളായി വര്‍ദ്ധിച്ചുവരുന്നതായി മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

