പാലക്കാട് : നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലപാതക കേസില്‍ ചെന്താമര കുറ്റക്കാരനെന്ന് കോടതി വിധി പ്രഖ്യാപിച്ചു. പാലക്കാട് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ശിക്ഷാ പ്രഖ്യാപനം മറ്റന്നാൾ ഉണ്ടാകും.
ശിക്ഷാ പ്രഖ്യാപനം കാത്ത് കോടതിക്കുള്ളിൽ നിൽക്കുമ്പോഴും ചെന്താമര വെല്ലുവിളി തുടർന്നു. താൻ ഇനിയും മറ്റുള്ളവരെ കൊല്ലും. താൻ ഗാന്ധിജി അല്ല. വേണ്ടിവന്നാൽ മറ്റുള്ളവരെയും കൊല്ലും. എന്നിങ്ങനെയാണ് ചെന്താമര കോടതിക്കുള്ളിൽ വെല്ലുവിളി നടത്തുന്നത്. കോടതി കുറ്റക്കാരനാണ് എന്ന വിധി പ്രസ്താവിച്ചശേഷം ശിക്ഷ വിധിക്കായി കാത്തു നിൽക്കുമ്പോഴാണ് ചെന്താമരയുടെ വെല്ലുവിളി. പുറത്തിറങ്ങിയാൽ ഇനിയും ഇത്തരം കുറ്റകൃത്യം ചെയ്യുമോ എന്ന് ജഡ്ജി ചോദിച്ചപ്പോഴാണ് ചെന്താമരയുടെ വെല്ലുവിളി. ഒരു ചെകിട് അടിച്ചാൽ മറ്റേ ചെകിട് കാട്ടിക്കൊടുക്കാൻ താൻ ഗാന്ധിജി അല്ല എന്നാണ് ചെന്താമര പറഞ്ഞത്. തൻ്റെ അവസ്ഥ ജഡ്ജിക്ക് വന്നാൽ ജഡ്ജിയും ഇതേ കൊല നടത്തുമെന്നും ചെന്താമര കോടതിയിൽ വിളിച്ചു പറഞ്ഞു. എഴുതാൻ പറ്റുന്നതൊക്കെ എഴുതിക്കോ എന്നും ചെന്താമര ജഡ്ജിയോട് പറഞ്ഞു. തികച്ചും ഞെട്ടിക്കുന്ന അസാധാരണ സംഭവങ്ങൾ ആണ് പാലക്കാട് കോടതിയിൽ അരങ്ങേറിയത്.
കഴിഞ്ഞ ആറാം തീയതി കേസില്‍ വിധി പറയുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും ജഡ്ജിക്ക് പനി ബാധിച്ചതോടെ വിധി പ്രസ്താവിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.
2025 ജനുവരി 27നാണ് പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും അയല്‍വാസി ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്.
സുധാകരന്റെ ഭാര്യ സജിതയെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ജാമ്യത്തിലിറങ്ങിയ സമയത്തായിരുന്നു ഇരട്ടക്കൊല.
ഭാര്യയും മകളും പിണങ്ങിപ്പോകാന്‍ കാരണം അയല്‍വാസിയായ സജിതയും കുടുംബവുമാണെന്ന സംശയമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

