തമിഴ്നാട്ടിൽ പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നതിന് സമ്പൂർണ വിലക്ക് ഏർപ്പെടുത്തിയ മദ്രാസ് ഹൈകോടതിയുടെ ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു. തമിഴ്നാട് സർക്കാരിൻ്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ്. ഹൈകോടതി ഉത്തരവ് സംസ്ഥാനത്ത് നിലവിലുള്ള നിയമത്തിന് വിരുദ്ധമാണെന്നാണ് സർക്കാർ വാദിച്ചത്.
സർക്കാർ സമർപ്പിച്ച ഹർജിയിൽ, 1958ലെ തമിഴ്നാട് അനിമൽ പ്രിസർവേഷൻ ആക്ട് ചില നിബന്ധനകൾക്ക് വിധേയമായി ഗോവധം അനുവദിക്കുന്നുണ്ടെന്നും, സമ്പൂർണ നിരോധനം നിയമത്തിൽ ഇല്ലെന്നും ചൂണ്ടിക്കാട്ടുന്നു. കൂടാതെ സംസ്ഥാനത്ത് നിലവിലുള്ള നിയമം അനുശാസിക്കുന്ന വ്യവസ്ഥകൾക്ക് വിരുദ്ധമാണ് ഹൈകോടതിയുടെ ഉത്തരവെന്നും സംസ്ഥാന സർക്കാർ വ്യക്തമാക്കുന്നു. 1958 ലെ തമിഴ്നാട് മൃഗസംരക്ഷണ നിയമ പ്രകാരം, 10 വയസ്സിന് മുകളിൽ പ്രായമുള്ള, കാർഷിക ജോലിക്കോ പ്രജനനത്തിനോ ശേഷിയില്ലാത്തതുമായ പശുക്കളെ ഉദ്യോഗസ്ഥരുടെ സർട്ടിഫിക്കറ്റ് വാങ്ങിയ ശേഷം കശാപ്പ് ചെയ്യാൻ അനുവദിക്കുന്നുണ്ട്.
കഴിഞ്ഞ മേയ് 27ന്, ബക്രീദിനോടനുബന്ധിച്ച് പൊതുസ്ഥലങ്ങളിലെ ഗോവധം തടയണമെന്ന പൊതുതാൽപര്യ ഹരജി പരിഗണിക്കവെയാണ് മദ്രാസ് ഹൈകോടതി, ബക്രീദിനെന്നല്ല, ഒരു ദിവസവും സംസ്ഥാനത്ത് പശുവിനെയോ കിടാവിനെയോ വെട്ടാൻ അനുവദിക്കരുത് എന്നാണ് ഉത്തരവിട്ടത്. സംസ്ഥാനത്ത് ഒരിടത്തും പശുക്കളെയോ കന്നുകുട്ടികളെയോ അറക്കുന്നില്ലെന്ന് ചീഫ് സെക്രട്ടറിയും ഡി.ജി.പിയും ഉറപ്പാക്കണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവാണ് ഇപ്പോൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്തിരിക്കുന്നത്.

