കൽപ്പറ്റ: വയനാട് കള്ളാടിയിലുണ്ടായ മണ്ണിടിച്ചിലില്‍ കണാതായവര്‍ക്കായുള്ള തിരച്ചിലിനിടെ ഒരു മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ മരണസംഖ്യ നാലായി. അഞ്ച് പേരെയാണ് നേരത്തെ അപകടത്തിൽ കാണാതായത്. ഇവരെ കണ്ടെത്താനുള്ള തിരച്ചിലിനിടെയാണ് ഒരാളുടെ മൃതദേഹം കണ്ടെത്തിയത്. ഇനി നാല് പേരെ കൂടി കണ്ടെത്താനുണ്ട്. ഇവർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണ്.
ദുരന്തസ്ഥലത്തെ നാല് മേഖലകളാക്കി (സോണുകൾ) തിരിച്ചിരുന്നെന്നും ഇതിൽ ഒന്നാം സോണിൽനിന്നാണ് മൃതദേഹം ലഭിച്ചതെന്ന് റവന്യൂമന്ത്രി എ.പി. അനിൽകുമാർ പറഞ്ഞു. അവിടെ കൂടുതൽ മൃതദേഹങ്ങളുണ്ടാകാനുള്ള സാധ്യതയുണ്ടെന്നാണ് അനുമാനമെന്നും അവിടെയും രണ്ടാമത്തെ സോണിലുമാണ് ഇന്ന് തിരച്ചിൽ പ്രധാനമായും നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാണാതായ ഇതരസംസ്ഥാനക്കാരായ അഞ്ചുപേരിൽ ആരുടേതാണ് ഇന്ന് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിയേണ്ടതുണ്ട്. പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്നും മന്ത്രി പറഞ്ഞു.

