കരൂർ ദുരന്തം : മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് വീതം ജോലി; വിജയ് നേരിട്ട് നിയമന ഉത്തരവ് നൽകും

insight kerala

ചെന്നൈ : തമിഴ്നാട്ടിലെ കരൂരിലുണ്ടായ ദുരന്തത്തിൽ മുഖ്യമന്ത്രി വിജയ് കൈത്താങ്ങ് ആകുന്നു. മരിച്ചവരുടെ കുടുംബത്തിൽ ഒരാൾക്ക് വീതം സർക്കാർ ജോലി നൽകും. മുഖ്യമന്ത്രി വിജയ് നേരിട്ട് എത്തിയാണ് നിയമന ഉത്തരവ് കൈമാറുക. ഈ മാസം പത്തിനാണ് മുഖ്യമന്ത്രി വിജയ് കരൂർ സന്ദർശിക്കുന്നത്. 41 പേരാണ് കരൂരിലെ ദുരന്തത്തിൽ മരിച്ചത്.

കഴിഞ്ഞ വർഷം സെപ്റ്റംബർ 27 ന് കരൂരിൽ നടന്ന ടിവികെ പ്രചാരണ പരിപാടിക്കിടെയുണ്ടായ തിക്കിലും തിരക്കിലും 41 പേർ മരിച്ച സംഭവം വലിയ വിവാദമായിരുന്നു. വിജയ്‌യെ കാണാന്‍ ആളുകൾ തടിച്ച് കൂടിയപ്പോൾ സംഭവിച്ച ഈ ദുരന്തം തമിഴ്‌നാട്ടിൽ മാത്രമല്ല രാജ്യമെമ്പാടും വ്യാപകമായ ഞെട്ടലുണ്ടാക്കി. ആ സമയത്ത് മരിച്ചവരുടെ കുടുംബങ്ങളെ നേരിട്ട് സന്ദർശിച്ച് അനുശോചനം അറിയിക്കാത്തതിന് വിജയ് വലിയ വിമർശനങ്ങൾ നേരിട്ടിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷണം നടക്കുമ്പോൾ, വിജയ് ഇരകളുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കാൻ ചെന്നൈയിലേക്ക് ക്ഷണിച്ചിരുന്നു.

കരൂർ ദുരന്തത്തിന് ശേഷം ഹൈക്കോടതി ഉത്തരവുകളുടെ അടിസ്ഥാനത്തിൽ രാഷ്ട്രീയ പരിപാടികൾക്കും പൊതുയോഗങ്ങൾക്കും നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. മറ്റ് പാർട്ടികളുടെ പിന്തുണയോടെ അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയ് തമിഴ്‌നാട് മുഖ്യമന്ത്രിയായി മെയ് 10 ന് അധികാരമേറ്റു. വിജയ്‌യുടെ നേതൃത്വത്തിലുള്ള ടിവികെ സർക്കാർ അധികാരമേറ്റിട്ട് ഇപ്പോൾ 50 ദിവസമായി. ഈ പശ്ചാത്തലത്തിൽ, മുഖ്യമന്ത്രിയായതിനുശേഷം വിജയ് ആദ്യമായാണ് കരൂർ സന്ദർശിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article