എം മാധവദാസ്
നാം അധിനിവേശ കശ്മീര്‍ എന്നും, പാക്കിസ്ഥാനികള്‍ ആസാദ് കാശ്മീര്‍ എന്നും വിളിക്കുന്ന പിഒകെയില്‍നിന്നും പാക്കിസ്ഥാനെതിരെ ആസാദി മുദ്രാവാക്യങ്ങള്‍ ഉയരുന്നു? പാക്കിസ്ഥാനില്‍നിന്ന് ഒരു സ്വതന്ത്രരാജ്യ പദവിയോ, അതുപോലെ ഇന്ത്യയില്‍ലേക്ക് കൂടുമാറലോ നടക്കണമെന്ന് പ്രക്ഷോഭകാരികളില്‍ പലരും പരസ്യമായി പറയുകയാണ്. ഇന്ത്യക്ക് ഈ അവസരം മുതലെടുക്കാന്‍ കഴിയുമോ എന്നും ലോകമാധ്യമങ്ങള്‍ ഉറ്റുനോക്കുന്നുണ്ട്. ആര്‍എസ്എസ് അടക്കമുള്ള സംഘപരിവാര്‍ കക്ഷികളുടെ ദീര്‍ഘകാല ആവശ്യമാണ്, അധിനിവേശ കാശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കുക എന്നത്.
കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ചെറുതും വലുതുമായ ഒരു ഡസനോളം പ്രക്ഷോഭങ്ങളാണ് അധിനിവേശ കാശ്മീരില്‍നിന്ന് ഉണ്ടായിരിക്കുന്നത്. ഇപ്പോള്‍, പാക്കിസ്ഥാന്‍ സര്‍ക്കാരിനെതിരെ നടക്കുന്ന ജനകീയ പ്രക്ഷോഭം ഇരുപത്തിനാലാം ദിവസത്തിലേക്ക് കടന്നിരിക്കയാണ്. കഴിഞ്ഞ ദിവസം റാവല്‍കോട്ടിലെ ഈദ്ഗാഹ് മൈതാനത്ത് എണ്‍പതിനായിരത്തിലധികം ആളുകള്‍ പങ്കെടുത്ത വന്‍ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്തുകൊണ്ട് ജോയിന്റ് അവാമി ആക്ഷന്‍ കമ്മിറ്റി നേതാവായ സര്‍ദാര്‍ അമന്‍ ഖാന്‍ നടത്തിയ പ്രസംഗം പാക്കിസ്ഥാന്റെ ഭീകരവാദ സ്പോണ്‍സര്‍ഷിപ്പിനെ പൂര്‍ണ്ണമായി തുറന്നുകാട്ടുന്നതായിരുന്നു.
ആയുധം എത്തിച്ചത് പാക്കിസ്ഥാന്‍
കശ്മീരികള്‍ക്ക് ആദ്യമായി ആയുധങ്ങള്‍ എത്തിച്ചുനല്‍കിയത് പാക്കിസ്ഥാന്‍ സൈന്യമാണെന്ന വെളിപ്പെടുത്തലാണ് അദ്ദേഹം ഈ യോഗത്തില്‍ നടത്തിയത്. ജമ്മു കശ്മീരിലേക്ക് വലിയ തോതില്‍ തോക്കുകളും വെടിക്കോപ്പുകളും തള്ളിവിട്ടത് പാക് സൈന്യമാണെന്നും, അന്ന് കശ്മീരികളുടെ കയ്യിലേക്ക് ആയുധങ്ങള്‍ വെച്ചുകൊടുത്തവര്‍ തന്നെ ഇന്ന് തങ്ങളെ ഭീകരവാദികളെന്ന് വിളിക്കാന്‍ ധൈര്യം കാണിക്കുകയാണെന്നും അദ്ദേഹം കടുത്ത ഭാഷയില്‍ കുറ്റപ്പെടുത്തി.
തന്റെ പ്രസംഗത്തില്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ ഇതേ പ്രദേശത്ത് നടന്ന ജെയ്ഷെ മുഹമ്മദ് ഭീകരസംഘടനയുടെ പരസ്യ പ്രകടനത്തെക്കുറിച്ചും സര്‍ദാര്‍ അമന്‍ ഖാന്‍ ഓര്‍മ്മിപ്പിച്ചു. അന്ന് എ.കെ-47 തോക്കുകളും വാളുകളുമായി ഭീകരര്‍ നഗരത്തിലൂടെ മാര്‍ച്ച് നടത്തിയപ്പോള്‍ അതിന് അനുമതി നല്‍കുകയും സുരക്ഷയൊരുക്കുകയും ചെയ്തത് റാവല്‍കോട്ടിലെ ഡെപ്യൂട്ടി കമ്മീഷണറായിരുന്നുവെന്ന് അദ്ദേഹം വെളിപ്പെടുത്തി. അന്ന് തോക്കുകളേന്തിയ ഭീകരര്‍ക്ക് ഒത്താശ ചെയ്ത ഭരണകൂടമാണ് ഇന്ന് അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന സാധാരണക്കാരെ ഭീകരരെന്ന് മുദ്രകുത്തുന്നതെന്ന് അദ്ദേഹം ജനക്കൂട്ടത്തിന്റെ വന്‍ കൈയടികള്‍ക്കിടയില്‍ വിളിച്ചുപറഞ്ഞു.

മണ്ണില്‍ സമരം ചെയ്യുന്ന ജനങ്ങളാണ് ഈ നാടിന്റെ യഥാര്‍ത്ഥ അവകാശികളെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രക്ഷോഭകര്‍ മുന്നോട്ടുവെച്ച 38 ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ പാക് സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ ഈ സമരം വെറുമൊരു പ്രതിഷേധമായി ഒതുങ്ങില്ലെന്നും, പാക് അധീന കശ്മീരില്‍ നിന്ന് പാക്കിസ്ഥാന്‍ സൈന്യവും ഭരണകൂടവും പൂര്‍ണ്ണമായി ഒഴിഞ്ഞുപോവുക എന്ന ലക്ഷ്യത്തോടെയുള്ള വന്‍ പ്രസ്ഥാനമായി ഇത് മാറുമെന്നും അദ്ദേഹം ഇസ്ലാമാബാദിന് കടുത്ത മുന്നറിയിപ്പ് നല്‍കി.
ഇന്ത്യയുമായി ശക്തമായ ബന്ധം സ്ഥാപിക്കുമെന്ന് മുന്നറിയിപ്പ് രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് റാവലകോട്ടില്‍ നടന്ന മറ്റൊരു സമരത്തിലും ഇസ്ലാമാബാദിന്റെ നിയന്ത്രണങ്ങള്‍ക്കെതിരെ ജനങ്ങള്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ഈ പ്രദേശം ഇനി പാക്കിസ്ഥാന്റെ നിയന്ത്രണത്തിലാണെന്ന് കരുതേണ്ടതില്ലെന്ന് പ്രഖ്യാപിച്ച നേതാക്കള്‍, ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഇന്ത്യയുമായി കൂടുതല്‍ ശക്തമായ ബന്ധം സ്ഥാപിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് പാക് സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി.
പാക് അധീന കശ്മീര്‍ യഥാര്‍ത്ഥത്തില്‍ പാകിസ്ഥാന്റെ ഭാഗമല്ലെന്നും, തങ്ങളേക്കാള്‍ കൂടുതല്‍ പാക്കിസ്ഥാന് തങ്ങളുടെ ഭൂമിയും വിഭവങ്ങളുമാണ് ആവശ്യമെന്നും അമന്‍ ഖാന്‍ ചൂണ്ടിക്കാട്ടി. ഈ പ്രക്ഷോഭങ്ങള്‍ ഇപ്പോള്‍ പാക് അധീന കശ്മീരില്‍ മാത്രം ഒതുങ്ങുന്നതല്ല. വിദേശ രാജ്യങ്ങളില്‍ താമസിക്കുന്ന കശ്മീരി വംശജരും പ്രക്ഷോഭത്തിന് പിന്തുണ പ്രഖ്യാപിച്ച് വിവിധ രാജ്യങ്ങളിലെ പാക്കിസ്ഥാന്‍ നയതന്ത്ര കാര്യാലയങ്ങള്‍ക്ക് മുന്നില്‍ ശക്തമായ പ്രതിഷേധങ്ങളുമായി രംഗത്തിറങ്ങിയിട്ടുണ്ട്.
ലോകത്തിന്റെ തീവ്രവാദ ഫാക്ടറി
പാക്കിസ്ഥാന്‍ തങ്ങളുടെ നാടിന്‍െ ലോകത്തിന്റെ തീവ്രവാദ ഫാക്ടറിയാക്കിമാറ്റിയെന്നാണ് വിദേശത്തുള്ള, അവാമി ആക്ഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തകര്‍ പറയുന്നത്. കാശ്മീരിനെ പൊതുവേ ഭൂമിയിലെ സ്വര്‍ഗം എന്ന് പറയുന്നതുപോലെയാണ് പിഒകെയിലെയും ഭൂപ്രകൃതി. കൊതിപ്പിക്കുന്ന മഞ്ഞ് മലകളും, കാല്‍പ്പനികത തുളുമ്പിനില്‍ക്കുന്ന ആപ്പിള്‍ മരങ്ങളും പൈന്‍ മരങ്ങളും, സഞ്ചാരികളെ മാടിവിളിക്കുന്ന തടാകങ്ങളുമെല്ലാം എല്ലാം അധിനിവേശ കാശ്മീരിലും ഉണ്ട്. പുറമെ നിന്ന് നോക്കുമ്പോള്‍ എല്ലാം ശാന്തം സുന്ദരം. പക്ഷേ അകത്തേക്ക് ചെന്ന് പരിശോധിക്കുമ്പോഴാണ് നാം ഈ നാട് നരകമാണെന്ന് മനസ്സിലാവുക.
ശരിക്കും പാക്കിസ്ഥാന്റെ തീവ്രവാദ ഫാക്ടറിയാണ് ഈ നാട്. ലഷ്‌ക്കറേ ത്വയ്യിബ്ബയുടെ നേതൃത്വത്തില്‍ മാത്രം ഇവിടെ ആയിരത്തിലേറെ തീവ്രവാദ ക്യാമ്പുകളാണ് 90കളില്‍ പരസ്യമായി നടത്തിയിരുന്നത്. പാക്ക് സര്‍ക്കാറിന്റെ പിന്തുണയോടുകൂടി മദ്രസകളോട് ചേര്‍ന്ന് മതപഠനത്തിന് ഒപ്പമാണ് ഇവിടെ തീവ്രവാദ പരിശീലനവും, കൗമാരക്കാര്‍ക്കായി നടത്തുന്നത്. ഇവരില്‍ നല്ലൊരു വിഭാഗത്തേയും വിടുക ഇന്ത്യയിലേക്കാണ്. അതിര്‍ത്തിയിലൂടെ നുഴഞ്ഞുകയറി, കാശ്മീരിലെത്തി അവിടെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയായിരുന്ന, ഈ ക്യാമ്പുകള്‍ കൊണ്ട് ഉദ്ദേശിച്ചിരുന്നത്. പക്ഷേ കഴിഞ്ഞ കുറച്ചുകാലമായി ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നതുകൊണ്ടും, പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതുകൊണ്ടും, ഇത്തരം പ്രവര്‍ത്തനങ്ങള്‍ കാര്യമായി മുന്നോട്ട് കൊണ്ടുപോവാന്‍ കഴിയാറില്ല.
താലിബാനും, ഐസിസും തൊട്ട് ഷിയ തീവ്രവാദത്തിനും ബോക്കോഹറാം തീവ്രവാദികള്‍ക്കുവരെ ബ്രാഞ്ചുകള്‍ ഉള്ള പ്രദേശമാണിത്. ഇത് പലപ്പോഴും പാക്ക് സര്‍ക്കാറിന് തന്നെ ഭീഷണിയായി. ഇന്ത്യയെ തകര്‍ക്കാനുള്ള കള്ളനോട്ടിന്റെ ഹബ്ബായി പ്രവര്‍ത്തിച്ച ചരിത്രവും, അധിനിവേശ കാശ്മീരിന്റെ തലസ്ഥാനമായ മുസഫറാബാദിന് പറയാനുണ്ട്. നേപ്പാള്‍ വഴി വന്‍തോതില്‍ ഇന്ത്യയിലേക്ക് കള്ളനോട്ട് ഇറക്കുന്ന രീതി ഇവിടെ വ്യാപകമായി നടന്നിരുന്നു. ഗാന്ധിത്തലയുള്ള നോട്ടുകള്‍ കൊടുത്താല്‍ ജിന്നയുടെ തലയുള്ള നോട്ടുകള്‍ കിട്ടിയ കാലം നേരതെ ഉണ്ടായിരുന്നു.

അടിസ്ഥാനപരമായി ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ഒരു വലിയ വ്യത്യാസം ഇവിടെ പ്രകടമാണ്. കാശ്മീരിനെ തീവ്രവാദ മുക്തമാക്കാനും വികസനത്തിലേക്ക് നയിക്കാനുമാണ് ഇന്ത്യ ശ്രമിച്ചത്. കേന്ദ്ര സര്‍ക്കാര്‍ ജമ്മു കാശ്മീരിനെ അവഗണിക്കുകയാണെന്ന് ഇന്ന് തലക്ക് ഓളമുള്ളവര്‍ക്കും, കടുത്ത മത തീവ്രവാദികള്‍ക്കും അല്ലാതെ പറയാന്‍ കഴിയില്ല. കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പാക്കേജുകളുമാണ് കേന്ദ്ര സര്‍ക്കാര്‍ കാശ്മീരില്‍ നടപ്പാക്കുന്നത്. എന്നാല്‍ അധിനിവേശ കാശ്മീരിനൈ വര്‍ഷങ്ങളായി പാക്കിസ്ഥാന്‍ അവരെ കൃത്യമായി അവഗണിച്ച് കൊണ്ടിരിക്കയാണ്. സിയാവുല്‍ ഹഖിനെപ്പോയുള്ള അതിക്രൂരന്‍മ്മാരായ ഭരണാധികള്‍ക്ക്, തങ്ങളുടെ അജണ്ടക്ക് അനുസരിച്ച് കൊല്ലാനും ചാവാനും, കത്തിക്കാനുമുള്ള തീവ്രവാദികളെ സൃഷ്ടിക്കാനുള്ള സ്ഥലം ആയിരുന്നു ഇത്. പാക്കിസ്ഥാന്‍ ഈ മേഖലയെ തങ്ങളുടെ ചാര സംഘടനയായ ഐസ്‌ഐക്ക് പതിച്ച് കൊടുക്കുക ആയിരുന്നുവെന്നാണ് പാശ്ചാത്യ മാധ്യമങ്ങള്‍ എഴുതുന്നത്.
ഇന്ത്യയിലേക്ക് നുഴഞ്ഞ് കയറാനായി ലഷ്‌ക്കര്‍, ജെയ്‌ഷേ തീവ്രവാദികള്‍ക്ക് പരിശീലനം കൊടുക്കുന്ന ഒരു ഹബ്ബായി ഇത് 90കളില്‍ മാറിയിരുന്നു. പാക്കിസ്ഥാന്‍ ആര്‍മി ഓഫീസര്‍മാര്‍ തന്നെ ആയിരുന്നു, ഈ പരിശീലനത്തിന് നേതൃത്വം നല്‍കിയത്. ഓര്‍ക്കണം, മുംബൈ ഭീകരാക്രമണത്തിലെ മുഖ്യ പ്രതി അജ്മല്‍ കസബിന്‌വരെ പരിശീലനം കിട്ടിയത് പിഒകെയുടെ തിലസ്ഥാനമായ മുസഫറാബാദില്‍ നിന്നാണെന്ന് തെളിഞ്ഞിരുന്നു. ഒരു പാവപ്പെട്ട കുടുംബത്തില്‍ ജനിച്ച കസബിനെ, പണവും ഓഫറുകളും നല്‍കി, മനസ്സിലേക്ക് തീവ്രവാദത്തിന്റെ വിത്തിട്ട്, ചാവറാക്കി മാറ്റിയതും സാക്ഷാല്‍ ഐഎസ്‌ഐ തന്നെ ആയിരുന്നു. ഇങ്ങനെ ആയിരക്കണിക്ക് കുട്ടികളുടെ ജീവിതമാണ് ഇവര്‍ ഇല്ലാതാക്കുന്നത്.
തീവ്രവാദത്തിന് തീവെട്ടി പിടിച്ചുകൊണ്ട് നടത്തുന്ന ഈ കളി തീക്കളിയാണെന്ന് പാക്കിസ്ഥാന്‍ ഈയടുത്താണ് അറിഞ്ഞത്. കാരണം താലിബാനും, അല്‍ഖായിദക്കും, ഐസിസിനും തൊട്ട് സകല ഇസ്‌ലാമിക തീവ്രാവാദ സംഘനകള്‍ക്കും ഇവിടെ ബ്രാഞ്ചായി. പാക്ക് താലിബാന്‍ ശക്തി പ്രാപിച്ചു. ചില ഭാഗങ്ങളില്‍ ഷിയാ തീവ്രവാദവും ഉണ്ടായി. ഇപ്പോള്‍ അവരെല്ലാം പാക്കിസ്ഥാനെ തിരിഞ്ഞുകുത്തുകയാണ്. തങ്ങളെ തീവ്രവാദികളാക്കിയ ഒരു ഗുണ്ടാ രാഷ്ട്രമായിരുന്നു പാക്കിസ്ഥാന്‍ എന്ന് വൈകിയ വേളയിലെങ്കിലും പിഒകെക്കാരിലെ വിദ്യാസമ്പന്നര്‍ തിരിച്ചറിയുകയാണ്.
ബംഗ്ലാദേശ് മോചനത്തിന് സമാനം
ഒരേ ദിവസം രൂപം കൊണ്ട ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും ഒന്ന് താരതമ്യം ചെയ്യുക. ദക്ഷിണകൊറിയ ക്യാപിറ്റലിസ്റ്റ് എക്കോണമിയിലുടെ വളര്‍ന്ന് വികസിച്ചപ്പോള്‍, ഉത്തര കൊറിയ കമ്യൂണിസ്റ്റ് ഭീകരത പുളയ്ക്കുന്ന രാജ്യമായി മാറി. സമാനമാണ് ഇന്ത്യയുടെ കൈയിലുള്ള കാശ്മീരിന്റെയും, പാക്കിസ്ഥാന്‍ പിടിച്ചുവെച്ച പിഒകെയുടെയും അവസ്ഥ.
പാക്ക് പിന്തുണയോടെ നിരന്തരം നടക്കുന്ന ഭീകരാക്രമണങ്ങളെയെല്ലാം അതിജീവിച്ച്, കാശ്മീര്‍ ഇപ്പോള്‍ സമൃദ്ധിയിലേക്കും സമാധാനത്തിലേക്കും വന്നിരിക്കയാണ്. 370-ാം വകുപ്പ് എടുത്തുകളഞ്ഞതോടെ കാശമീരിലേക്കുള്ള ടൂറിസ്റ്റുകളുടെ എണ്ണത്തിലടക്കം കുത്തനെയുള്ള വര്‍ധനവാണുണ്ടായത്. ഈയിടെ ലഡാക്കിലടക്കം പ്രക്ഷോഭങ്ങളും മരണങ്ങളും ഉണ്ടെങ്കിലും, കാശ്മീരിന്റെയും പിഒകെയുടെയും അവസ്ഥ താരതമ്യം ചെയ്താല്‍ അത് ഉത്തരകൊറിയയും ദക്ഷിണ കൊറിയയും പോലെയാണ്. പുരോഗതിയുടെ കാര്യമെടുത്താല്‍ ജമ്മു കാശ്മീരിന്റെ എഴയലത്ത് എത്താന്‍ അധിനിവേശ കാശ്മീരിന് കഴിഞ്ഞിട്ടില്ല. 72 ശതമാനം സാക്ഷരതയുണ്ടായിട്ടും, ഇപ്പോഴും പിഒകെയിലെ 40 ശതമാനവും ദരിദ്ര്യരേഖക്ക് താഴെ തന്നെയാണ്. ഒരു ചെറിയ ഉദാഹരണം പറഞ്ഞാല്‍ കശ്മീരില്‍ 50 രൂപക്ക് ഒരു പാക്കറ്റ് ചപ്പാത്തി കിട്ടും. എന്നാല്‍ പിഒകെയില്‍ ഒരുപാക്കറ്റ് ചപ്പാത്തിക്ക് 200 രൂപയാണ് വില! പാക്കിസ്ഥാന്‍ സാമ്പത്തികമായി തകര്‍ന്നതോടെ 200-300 ശതമാനം വിലക്കയറ്റമാണ് ഇവിടെ കാശ്മീരിനെ അപേക്ഷിനോക്കുമ്പോഴുള്ളത്.

പാക്കിസ്ഥാന്‍ തങ്ങളെ അവഗണിക്കുന്നുവെന്നത്, വര്‍ഷങ്ങളായി അധിനിവേശ കാശ്മീരികളുടെ പരാതിയാണ്. അതുകൊണ്ടുതന്നെ പാക്കിസ്ഥാനില്‍ ലയിക്കണം എന്നല്ല സ്വതന്ത്ര്യ രാജ്യം വേണം എന്ന് ആഗ്രഹമുള്ളവരും ഇവിടെ വളര്‍ന്നുവരികയാണ്. പാക്കിസ്ഥാന്‍ എന്നാല്‍ വെറും സിന്ധും പഞ്ചാബുമാത്രമാണെന്നാണ് അവാമി ആക്ഷന്‍ കമ്മിറ്റി അടക്കമുള്ളവര്‍ പറയുന്നത്. മറ്റുപ്രദേശങ്ങളോട് മുഴുവന്‍ പാക് ഭരണകൂടങ്ങള്‍ക്ക് അവഗണനയാണ്. പാക്കിസ്ഥാനിലെ പ്രധാന നേതാക്കള്‍ പഞ്ചാബ്- സിന്ധ് മേഖലയില്‍ നിന്നുള്ളവരാണ്. ബംഗ്ലാദേശ് മോചനത്തിന് ഇടയാക്കിയത് ഇതേ പ്രശ്‌നമായിരുന്നു. ഇപ്പോള്‍ പി ഒ കെയിലുമുള്ളത് സമാനമായ പ്രശ്‌നമാണ്.
വിലക്കയറ്റവും തൊഴില്‍ ഇല്ലായ്മയും കൊണ്ട് ജനം പൊറുതിമുട്ടിയിരിക്കയാണ്. ആവശ്യത്തിന് ധാന്യപ്പൊടിപോലുമില്ല. അത്യത്തില്‍ ജനങ്ങളുടെ ആഹാരത്തിന് സമരമാണ് ഇതെന്നാണ്, കശീമീര്‍ ടൈംസ് പത്രം പറയുന്നത്. പാകിസ്ഥാന്റെ രണ്ടാം വലിയ ജലവൈദ്യുത നിലയമായ മംഗള ജലവൈദ്യുത പദ്ധതി പിഒകെയിലാണ്. ഈ പദ്ധതി വരുമ്പോള്‍ പറഞ്ഞിരുന്നത് നാട്ടുകാര്‍ക്ക് സബ്‌സിഡി നിരക്കില്‍ വൈദ്യുതി കിട്ടുമെന്നായിരുന്നു. എന്നാല്‍ ഇത് നടപ്പായില്ല. തങ്ങളുടെ വെള്ളം ഉപയോഗിച്ച് നിര്‍മ്മിക്കുന്ന വൈദ്യുതിക്കുപോലും, ഇരട്ടിച്ചാര്‍ജ് നല്‍കേണ്ട അവസ്ഥയിലാണ് പിഒകെക്കാര്‍. ന്യായമായ വൈദ്യുതി ചാര്‍ജ്, വാഗ്ദാനം ചെയ്ത പദ്ധതികള്‍ നടപ്പിലാക്കുക എന്നിവയാണ് പ്രതിഷേധക്കാര്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. പാകിസ്ഥാനില്‍ സ്ഥിരതാമസമാക്കിയ കശ്മീരി അഭയാര്‍ത്ഥികള്‍ക്കായി പാക് അധിനിവേശ കശ്മീരിലെ നിയമസഭയില്‍ നീക്കിവെച്ചിട്ടുള്ള 12 സീറ്റുകള്‍ നിര്‍ത്തലാക്കാക എന്നിവയടക്കം, 38 ആവശ്യങ്ങളാണ് അവാമി ആക്ഷന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ ഉന്നയിക്കുന്നത്.
സമരക്കാരുടെ പ്ലാന്‍ ഡി എന്ത്?
പിഒകെയില്‍ പ്രക്ഷോഭം നടക്കുമ്പോഴൊക്കെ പാക്കിസ്ഥാന്‍ പറയുന്നത് അതിനുപിന്നില്‍ ഇന്ത്യയൊണെന്നാണ്. ഈ സമരം ‘പ്ലാന്‍ എ’ മാത്രമാണെന്ന്, എഎസിയുടെ പ്രധാന നേതാവായ ഷൗക്കത്ത് നവാസ് മിര്‍ പാക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫിന് മുന്നറിയിപ്പ് നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ”ജനങ്ങളുടെ ക്ഷമ നശിച്ചിരിക്കുന്നുവെന്ന കാര്യം അധികാരികളെ അറിയിക്കാനുള്ള സന്ദേശമാണിത്. അവാമി ആക്ഷന്‍ കമ്മിറ്റിക്ക് മറ്റു പദ്ധതികളുണ്ട്. അത് പ്ലാന്‍ ബിയും സിയുമാണ്. അതിനുപുറമേ അതിതീവ്രമായ പ്ലാന്‍ ഡിയും ഉണ്ട്”- ഷൗക്കത്ത് നവാസ് മിര്‍ പറയുന്നു. ഈ പ്ലാന്‍ ഡി എന്നത് ഇന്ത്യയുടെ ഇടപെടലായി വലിയ തോതില്‍ വായിക്കപ്പെട്ടു.
പാക് അധീന കാശ്മീരിലുള്ള അവകാശവാദം ഇന്ത്യ എപ്പോഴും ഉയര്‍ത്തിപ്പിടിക്കുന്നുണ്ട്. വിദേശകാര്യമന്ത്രി എസ്. ജയശങ്കറും പ്രതിരോധ മന്ത്രി രാജ്‌നാഥ്‌സിങ്ങും ആഭ്യന്തരമന്ത്രി അമിത് ഷായും ഇക്കാര്യം സംശയ ലേശമന്യേ വ്യക്തമാക്കിയിരുന്നു. എല്ലാ അന്തരാഷ്ട്ര ഫോറങ്ങളിലും ഇതുതന്നെയാണ് ഇന്ത്യയുടെ നിലപാട്. 2020ല്‍ കാലാവസ്ഥാ പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്ന സഥലങ്ങളില്‍ പാകിസ്ഥാന്‍ കൈയ്യടക്കി വച്ചിരിക്കുന്ന കാശ്മീരിലെ മുസാഫറാബാദ്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍ പ്രദേശങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പിന്റെ (ഐ.എം.ഡി) നടപടി ഇന്ത്യ ഈ മണ്ണിനുവേണ്ടി പോരാടന്‍ ഒരുക്കമാണ് എന്നതിന്റെകൂടി സൂചന ആയിരുന്നു. ദൂരദര്‍ശന്‍, ഓള്‍ ഇന്ത്യ റേഡിയോ എന്നിവ പിഒകെയിലെ താപനിലയും കാലാവസ്ഥയും ന്യൂസ് ബുള്ളറ്റിനുകളില്‍ ഇപ്പോള്‍ പറയുന്നുണ്ട്. സ്വകാര്യ ചാനലുകളും ഇതു പിന്തുടരണം എന്ന് നിര്‍ദേശമുണ്ട്. ജമ്മു കശ്മീരിലെ കാലാവസ്ഥാ ഉപവിഭാഗത്തെ ‘ജമ്മു കശ്മീര്‍, ലഡാക്ക്, ഗില്‍ജിത്-ബാള്‍ട്ടിസ്താന്‍, മുസാഫറാബാദ്’ എന്നാണ് ഇപ്പോള്‍ ഇന്ത്യന്‍ കാലാവസ്ഥാ വകുപ്പ് പരാമര്‍ശിക്കുന്നത്.
അതായത് ഇന്ത്യക്ക് ഇപ്പോഴും പിഒകെ ഇന്ത്യയുടെ ഭാഗം തന്നെയാണ്. നാം നമ്മുടെ മണ്ണ് ഒരിഞ്ചുപോലും വിട്ടുകൊടുക്കാന്‍ തയ്യാറല്ല. ഇന്നലെങ്കില്‍ നാളെ അത് ഭാരതത്തിന്റെ ഭാഗം ആകുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ ഉറച്ചു പറയുന്നത്. ഇവിടെയാണ് പ്രക്ഷോഭകാരികളുടെ പ്ലാന്‍ ഡിയും കൂട്ടിവായിക്കപ്പെടുന്നത്.പി ഒ കെയില്‍ മാത്രല്ല, ഗില്‍ജിത് ബാള്‍ട്ടിസ്താനിലും, ബലൂചിസ്ഥാനിലും ഇന്ത്യക്ക് അനുകൂലമായി നിലപാട് എടുക്കുന്നവര്‍ ഏറെയുണ്ട്. 2023 സെപ്റ്റംബറില്‍ മതനിന്ദ ആരോപിച്ച് ഒരു ഷിയ പുരോഹിതനെ അറസ്റ്റ് ചെയ്തത് ഗില്‍ജിത് ബാള്‍ട്ടിസ്താനില്‍ വ്യാപകമായ പ്രതിഷേധങ്ങളിലേക്ക് നയിച്ചിരുന്നു. അന്ന് ‘ചലോ, ചലോ… കാര്‍ഗില്‍ ചലോ” (നമുക്ക് കാര്‍ഗിലിലേക്ക് പോകാം) എന്ന മുദ്രാവാക്യം ഉയര്‍ത്തി നിരവധി പ്രതിഷേധക്കാര്‍ ഈ മേഖലയെ ഇന്ത്യയില്‍യിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രകടനം നടന്നിരുന്നു. പാകിസ്താന്റെ ‘അനധികൃത അധിനിവേശത്തില്‍’ നിന്ന് മോചിപ്പിക്കാന്‍ ഇന്ത്യന്‍ സര്‍ക്കാരിനോട് അഭ്യര്‍ഥിക്കുന്ന വിഡീയോ കാശ്മീരി- ബ്രിട്ടീഷ് ആക്റ്റീവിസ്്റ്റായ, ഷബീര്‍ ചൗധരി പുറത്തുവിട്ടിരുന്നു. ഇപ്പോള്‍ പിഒകെയിലെ പ്രശ്‌നങ്ങള്‍ ഉണ്ടായപ്പോള്‍ ഷബീര്‍ ചൗധരി ചെയ്ത വീഡിയോയില്‍ പറയുന്നത്, ഇന്ത്യയിലേക്ക് ലയിക്കയാണ്, അധിനിവേശ കാശ്മീരികള്‍ക്കും നല്ലത് എന്നാണ്!

