കൊച്ചി: വിവാദങ്ങള്‍ കൊഴുക്കുന്നതിന് പിന്നാലെ താരസംഘടനയായ അമ്മയില്‍ ഔദ്യോഗിക രാജി. നടന്മാരായ ജയന് ചേര്‍ത്തല, കൈലാഷ് എന്നിവര്‍ രാജിവെച്ചു. സംഘടനയുടെ ഇ-മെയിലിലേക്ക് ഇരുവരും രാജിസന്ദേശം അയക്കുകയായിരുന്നു. നേരത്തെ രാജി പ്രഖ്യാപിച്ച ഭരണസമിതിയില്‍ ഉണ്ടായിരുന്നവരാണ് ഇരുവരും.
അമ്മയില്‍ നിന്ന് രാജിവെക്കില്ലെന്ന് വ്യക്തമാക്കി പ്രസിഡന്റ് ശ്വേതാ മേനോന് ഫേസ്ബുക്ക് കുറിപ്പ് പങ്കുവെച്ചിരുന്നു.നിരപരാധിത്വം തെളിയിക്കാതെ ഇനി പടിയിറങ്ങില്ലെന്നാണ് അവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ ജനങ്ങളെ വഞ്ചിച്ചുവെന്നും അമ്മയെ അനാഥമാക്കി എന്നുമാണ് അവര്‍ ഇന്ന് പറഞ്ഞത്. താന്‍ ആരെയും വഞ്ചിച്ചിട്ടോ അനാഥമാക്കിയിട്ടോ ഇല്ലെന്നും അവര്‍ വ്യക്തമാക്കി.
എന്നാൽ ശ്വേതാ മേനോന് അടക്കമുള്ള ഭരണസമിതി അംഗങ്ങള്‍ ഔദ്യോഗികമായി രാജിസമര്‍പ്പിക്കാത്തത് പ്രതിസന്ധിക്ക് കാരണമായിരുന്നു. ഇതോടെയാണ് സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാന്‍ രൂപീകരിച്ച അഡ്ഹോക്ക് കമ്മിറ്റിയുടെ നിയമസാധുതയെക്കുറിച്ച് ചര്‍ച്ച ഉയർന്നത്. ശ്വേത ഉൾപ്പെടെ ആരും രാജി തന്നിട്ടില്ലെന്ന് രമേശ് പിഷാരടി പ്രതികരിച്ചിരുന്നു. അമ്മ ഓഫീസില്‍ അഡ്ഹോക്ക് കമ്മിറ്റി യോഗം ചേർന്ന ശേഷമായിരുന്നു പ്രതികരണം. ഈ പ്രതികരണങ്ങൾക്കെല്ലാം പിന്നാലെയാണ് ഇപ്പോൾ ജയൻ ചേർത്തലയും കൈലാഷും രാജി സമർപ്പിച്ചിരിക്കുന്നത്.

