എം മാധവദാസ്
കൊച്ചി: നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റിനെക്കുറിച്ച് വിവരം കിട്ടാന്‍ നടന് ദുല്‍ഖര്‍ സല്‍മാനെ കസ്റ്റംസ് ചോദ്യം ചെയ്തതോടെ, ഭൂട്ടാന് വാഹന മാഫിയ വീണ്ടും സജീവ ചര്‍ച്ചകളില്‍ ഇടം പിടിക്കയാണ്. കൊച്ചിയിലെ കസ്റ്റംസ് പ്രിവന്റിവ് ഓഫീസില്‍ വച്ച് നടന്ന ചോദ്യം ചെയ്യല്‍ ഏഴുമണിക്കൂറോളമാണ് നീണ്ടുനിന്നത്. കേസിന്റെ ഭാഗമായി ദുല്‍ഖറിന്റെ പക്കല്‍ നിന്നുമാത്രം നാല് ആഡംബര കാറുകളാണ് കസ്റ്റംസ് ഇതുവരെ പിടിച്ചെടുത്തത്. എന്നാല്‍, ഈ വാഹനങ്ങള്‍ കള്ളക്കടത്തിലൂടെ ഇന്ത്യയിലേക്ക് എത്തിച്ചതാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നു എന്നാണ് താരം കസ്റ്റംസിന് മൊഴി നല്‍കിയിരിക്കുന്നത്.
നികുതി വെട്ടിച്ച് ഇന്ത്യയിലേക്ക് ആഡംബര വാഹനങ്ങള്‍ കടത്തുന്ന വന്‍ റാക്കറ്റിനെ തകര്‍ക്കാന്‍ കസ്റ്റംസ് നടത്തിയ ‘ഓപ്പറേഷന് നുംഖോര്‍’ എന്ന രഹസ്യ പരിശോധനയിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. ഭൂട്ടാന് പട്ടാളം ഉപേക്ഷിച്ചതുള്‍പ്പെടെയുള്ള വാഹനങ്ങള്‍ അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് കടത്തുകയും, ഇവ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാജമായി രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തിലേക്ക് എത്തിച്ച് വന്‍ വിലയ്ക്ക് വില്‍ക്കുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തില്‍ പല കൈമറിഞ്ഞ് വന്ന വാഹനങ്ങളാണ് ദുല്‍ഖര്‍ വാങ്ങിയതെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍.

ദുല്‍ഖര്‍ നായകനായ ‘ലക്കി ഭാസ്കര്‍’ എന്ന തെലുങ്ക് സിനിമയില്‍ ഉപയോഗിച്ച നിസാന്‍ പട്രോള്‍ കാറിന് പുറമെ, ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍, ടൊയോട്ട ലാന്‍ഡ് ക്രൂസര്‍ അടക്കമുള്ള നാല് ആഡംബര വാഹനങ്ങളാണ് കസ്റ്റംസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന്, താന്‍ നിയമപരമായാണ് കാറുകള്‍ വാങ്ങിയതെന്ന് വ്യക്തമാക്കി ദുല്‍ഖര്‍ കോടതിയെ സമീപിക്കുകയായിരുന്നു. കടുത്ത നിബന്ധനകളോടെ, ബാങ്ക് ഗാരണ്ടിയുടെ അടിസ്ഥാനത്തില്‍ കോടതി ഈ കാറുകള്‍ ദുല്‍ഖറിന് താല്‍ക്കാലികമായി വിട്ടുകൊടുത്തു. കോടതിയുടെ അനുമതിയില്ലാതെ ഈ വാഹനങ്ങള്‍ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്നും, അന്വേഷണസംഘം ആവശ്യപ്പെടുമ്പോള്‍ ഹാജരാക്കണമെന്നും കര്‍ശന നിര്‍ദ്ദേശമുണ്ട്.
സിനിമ താരങ്ങള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരെ ലക്ഷ്യമിട്ടാണ് ഈ റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നാല്‍പ്പതോളം ആഡംബര വാഹനങ്ങള്‍ കസ്റ്റംസ് ഇതിനോടകം പിടിച്ചെടുത്തിട്ടുണ്ട്. ഏകദേശം ഇരുന്നൂറോളം വാഹനങ്ങള്‍ ഇത്തരത്തില്‍ കേരളത്തില്‍ എത്തിച്ചിട്ടുണ്ടാകാമെന്നാണ് കസ്റ്റംസിന്റെ പ്രാഥമിക വിലയിരുത്തല്‍. ബാക്കിയുള്ള കള്ളക്കടത്ത് വാഹനങ്ങള്‍ കണ്ടെത്താനായി മോട്ടോര്‍ വാഹന വകുപ്പിന്റെ സഹായത്തോടെ അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ് അധികൃതര്‍.
ഒറ്റ വണ്ടിയില്‍ ലാഭം 50ലക്ഷത്തോളം
പഴയതും ഉപയോഗയോഗ്യമല്ലാത്തതുമായ വാഹനങ്ങള്‍ ലേലം ചെയ്ത് ഒഴിവാക്കുക എന്നത് എല്ലാ സൈന്യങ്ങളും പിന്തുടരുന്ന ഒരു സാധാരണ നടപടിക്രമമാണ്. ഭൂട്ടാന് പട്ടാളവും ഉപയോഗ കാലാവധി അവസാനിച്ചതോ, കിലോമീറ്റര്‍ പരിധി കഴിഞ്ഞതോ ആയ വാഹനങ്ങളെയാണ് ഇത്തരത്തില്‍ ലേലത്തില്‍ വെക്കുന്നത്. ഇതില്‍ ഭൂരിഭാഗവും ലാന്‍ഡ് ക്രൂസര്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തുടങ്ങിയ വന്‍വിലയുള്ള ആഡംബര എസ്യുവികളാണ്.

ഈ തട്ടിപ്പ് റാക്കറ്റിലൂടെ ഒരു കാറില്‍ നിന്ന് മാത്രം സംഘത്തിന് ഏകദേശം 50 ലക്ഷം രൂപ മുതല്‍ 1.5 കോടി രൂപ വരെ അറ്റാദായം ലഭിച്ചിരുന്നു എന്നാണ് കസ്റ്റംസും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുംകണക്കാക്കുന്നത്. ഭൂട്ടാന് പട്ടാളം ലേലം ചെയ്ത ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍, ലാന്‍ഡ് റോവര്‍ ഡിഫെന്‍ഡര്‍ തുടങ്ങിയ വണ്ടികള്‍ വെറും 1 ലക്ഷം മുതല്‍ 3 ലക്ഷം രൂപ വരെയുള്ള ആക്രി വിലയ്ക്കാണ് കോയമ്പത്തൂര്‍ കേന്ദ്രീകരിച്ചുള്ള സംഘം സ്വന്തമാക്കിയിരുന്നത്. ഇന്ത്യയിലേക്ക് വിദേശ സെക്കന്‍ഡ് ഹാന്‍ഡ് ആഡംബര വണ്ടികള്‍ നിയമപരമായി ഇറക്കുമതി ചെയ്യണമെങ്കില്‍ 160 ശതമാനം കസ്റ്റംസ് ഡ്യൂട്ടി നല്‍കണം. ഉദാഹരണത്തിന് ഇന്ത്യയില്‍ 1 കോടി വിലവരുന്ന ഒരു വണ്ടിക്ക് 1.6 കോടി രൂപ നികുതി ഇനത്തില്‍ മാത്രം വരും. കള്ളക്കടത്ത് സംഘം വ്യാജരേഖകളിലൂടെ ഈ ഭീമമായ തുക മുഴുവനായും വെട്ടിച്ചു.
അതിര്‍ത്തി കടത്തി ഹിമാചല്‍ പ്രദേശ്, അസം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വ്യാജ വിലാസത്തില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ഈ വണ്ടികള്‍ കേരളം പോലുള്ള സംസ്ഥാനങ്ങളിലെ സിനിമാ താരങ്ങള്‍ക്കും ബിസിനസുകാര്‍ക്കും 70 ലക്ഷം മുതല്‍ 2 കോടി രൂപ വരെ വാങ്ങിയാണ് സംഘം വിറ്റഴിച്ചിരുന്നത്.മൊത്തം ലാഭം കോടികള്‍: കേരളത്തില്‍ മാത്രം ഏകദേശം 150-ല്‍ അധികം ആഡംബര കാറുകള്‍ ഇവര്‍ ഇത്തരത്തില്‍ വിറ്റിട്ടുണ്ട്. ഇത് കണക്കിലെടുക്കുമ്പോള്‍ ഈ ഒരൊറ്റ റാക്കറ്റ് മാത്രം നൂറുകണക്കിന് കോടി രൂപയുടെ ലാഭമാണ് കൊയ്തിരിക്കുന്നത്.കൂടാതെ, ചില വണ്ടികള്‍ പുതിയതാണെന്ന് വിശ്വസിപ്പിച്ചും, ചില വണ്ടികള്‍ വിദേശ എംബസികളുടേതാണെന്ന് വ്യാജ ഡോക്യുമെന്റുകള്‍ കാണിച്ച് ‘ഡിപ്ലോമാറ്റിക് വെഹിക്കിള്‍’ എന്ന പേരിലുമാണ് സിനിമാ മേഖലയിലുള്ളവര്‍ക്കും മറ്റും മറിച്ച് വിറ്റത്. ഈ വണ്ടികള്‍ വാങ്ങിയ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ കബളിപ്പിക്കപ്പെടുകയായിരുന്നു എന്നാണ് അന്വേഷണ ഏജന്‍സികള്‍ക്ക് നല്‍കിയിട്ടുള്ള മൊഴി.

