തിരുവനന്തപുരത്ത് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ വസതിയിൽ എത്തി മുൻ ദേവസ്വം മന്ത്രി കൂടിയായ കടകംപള്ളി സുരേന്ദ്രൻ. രാവിലെ 7 മണിയോടുകൂടിയാണ് കടകംപള്ളി സുരേന്ദ്രൻ രമേശ് ചെന്നിത്തലയെ കാണാൻ അദ്ദേഹത്തിന്റെ വീട്ടിലെത്തിയത്. തൻ്റെ സ്കൂട്ടറിൽ ഒറ്റയ്ക്ക് യാത്ര ചെയ്താണ് കടകംപള്ളി ആഭ്യന്തരമന്ത്രിയെ കാണാൻ രാവിലെ എത്തിയത്. ഒരു മണിക്കൂറോളം ആഭ്യന്തരമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. പുറത്തിറങ്ങി വന്ന കടകംപള്ളി സുരേന്ദ്രന്റെ ദൃശ്യങ്ങൾ മൊബൈലിലും ക്യാമറയിലും പകർത്താൻ ചില മാധ്യമങ്ങൾ ശ്രമിച്ചു. എന്നാൽ തന്റെ ദൃശ്യങ്ങൾ ഒന്നും പകർത്തരുതെന്നും ഒന്നും പ്രതികരിക്കാൻ ഇല്ലെന്നുമായിരുന്നു കടകംപള്ളിയുടെ മറുപടി. തൻറെ സുഹൃത്തിനെ കാണാൻ വന്നതാണെന്നും വെറും സൗഹൃദ സന്ദർശനം മാത്രമാണെന്നും കടകംപള്ളി പ്രതികരിച്ചു. ഉടൻ തന്നെ അദ്ദേഹം വാഹനത്തിൽ കയറി മടങ്ങുകയും ചെയ്തു.
ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് അന്വേഷണം കൂടുതൽ പേരിലേക്ക് നീളുന്ന പശ്ചാത്തലത്തിൽ കൂടിയാണ് മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ആഭ്യന്തരമന്ത്രിയെ വീട്ടിലെത്തി കണ്ടത്. കഴിഞ്ഞദിവസം ഉണ്ണികൃഷ്ണൻ പോറ്റിയെ അന്വേഷണസംഘം വീണ്ടും ചോദ്യം ചെയ്തിരുന്നു. പി എസ് പ്രശാന്തിനെ കേസിൽ പ്രതിചേർത്ത് SIT അന്വേഷണ റിപ്പോർട്ട് കഴിഞ്ഞ ദിവസമാണ് സമർപ്പിച്ചത്.
