പ്രണയവിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ച കോടീശ്വരപുത്രന്‍ ഹിന്ദുമതത്തിലേക്ക് മടങ്ങി; പക്ഷേ ഭാര്യയും അമ്മായിഅപ്പനും, സഹായിയും ഇപ്പോഴും ജയിലില്‍;യുപിയില്‍നിന്നിതാ അതിവിചിത്രമായ ഒരു ‘ലൗ ജിഹാദ്’!

insight kerala

special report

എം റിജു

പ്രണയവിവാഹത്തിനായി ഇസ്ലാം മതം സ്വീകരിച്ച, യുപിയിലെ ഷാംലി സ്വദേശിയായ ആയുഷ് മാലിക് എന്ന കോടീശ്വരപുത്രന്‍ തിരിച്ച് ഹിന്ദുമതത്തിലേക്ക് വന്നു. കുടുംബത്തിലുണ്ടായ പ്രശ്‌നങ്ങളെയും പോലീസ് കേസിനെയും തുടര്‍ന്ന് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങുകയാണെന്നാണ് ഇദ്ദേഹം പറയുന്നത്. ഇതോടെ രാജ്യവ്യാപകമായി കോളിളക്കം സൃഷ്ടിച്ച ഒരു ലൗജിഹാദ് ആരോപണ കേസിന് കുടി അവസാനമാവുകയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

യുപിയിലെ ഷാംലിയിലുള്ള പ്രമുഖ വ്യവസായിയും മരുന്ന് വ്യാപാരിയുമായ ദേവരാജ് മാലികിന്റെ മകനാണ്, ആയുഷ്. ബി-ഫാം ബിരുദധാരിയായ ഇയാള്‍, ജിമ്മില്‍ വെച്ച് പരിചയപ്പെട്ട ചാന്ദ്നി ഖുറൈശി എന്ന യുവതിയുമായി പ്രണയത്തിലാവുകയും ഡല്‍ഹിയില്‍ വെച്ച് വിവാഹം കഴിക്കുകയുമായിരുന്നു. വിവാഹത്തോടനുബന്ധിച്ച് ആയുഷ് ഔദ്യോഗികമായി ഇസ്ലാം മതം സ്വീകരിക്കുകയും മുഹമ്മദ് അലി എന്ന പേര് സ്വീകരിക്കുകയും ചെയ്തു. തുടര്‍ന്ന് ഇദ്ദേഹം താടി വളര്‍ത്തുകയും അഞ്ചുനേരം നിസ്‌കരിക്കാന്‍ തുടങ്ങുകയും ചെയ്തതായി പോലീസ് പറയുന്നു. ആയുഷിന്റെ മതംമാറ്റ വാര്‍ത്ത പുറത്തുവന്നതോടെ വലിയ വിവാദങ്ങള്‍ ഉയര്‍ന്നു. മകനെ ലൗ ജിഹാദില്‍ പെടുത്തുകയായിരുന്നുവെന്നും, കുടുംബത്തിന്റെ സ്വത്ത് തട്ടിയെടുക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് മതപരിവര്‍ത്തനം നടത്തിയതെന്നും ആരോപിച്ച് പിതാവ് ദേവരാജ് മാലിക് പോലീസില്‍ പരാതി നല്‍കി.

ഭാര്യയും പിതാവും ജയിലില്‍

ഉത്തര്‍പ്രദേശിലെ കര്‍ശനമായ മതപരിവര്‍ത്തന നിരോധന നിയമപ്രകാരവും ഭാരതീയ ന്യായ സംഹിതയിലെ വഞ്ചന, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരവും ഷാംലി പോലീസ് കേസെടുത്തു.കേസിനെ തുടര്‍ന്ന് ആയുഷിന്റെ ഭാര്യ ചാന്ദ്നി ഖുറൈശി, അവരുടെ പിതാവ് ഇസ്ലാം ഖുറൈശി എന്നിവരുള്‍പ്പെടെയുള്ളവരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി. പോലീസ് കേസ് ആയ സമയത്ത് ആയുഷ് മാലിക് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വന്ന് മതംമാറ്റം തന്റെ സ്വന്തം ഇഷ്ടപ്രകാരമായിരുന്നുവെന്ന് വ്യക്തമാക്കിയിരുന്നു. താന്‍ ആരുടെയും നിര്‍ബന്ധത്തിന് വഴങ്ങിയല്ല ഇസ്ലാം സ്വീകരിച്ചതെന്നും, തന്റെ ഭാര്യയെയും കുടുംബത്തെയും കേസില്‍ നിന്ന് ഒഴുവാക്കണമെന്നും ഇദ്ദേഹം പരസ്യമായി ആവശ്യപ്പെട്ടിരുന്നു. കുടുംബത്തിന്റെ സ്വത്ത് തനിക്ക് വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.തങ്ങള്‍ പ്രണയിച്ച് നിയമപരമായി വിവാഹം കഴിച്ചവരാണെന്ന നിലപാടിലായിരുന്നു ചാന്ദ്നിയും കുടുംബവും. നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നും അവര്‍ വാദിച്ചു.

എന്നാല്‍ കേസും വിവാദങ്ങളും ആഴ്ചകളോളം നീണ്ടുനിന്നതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. 2026 ജൂണ്‍ അവസാനത്തോടെ ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങി. വീട്ടില്‍ വെച്ച് നടന്ന ശുദ്ധി കര്‍മ്മങ്ങളിലും പൂജകളിലും പങ്കെടുന്ന ആയുഷിന്റെ വീഡിയോ കുടുംബം പുറത്തുവിട്ടു. തന്റെ മതംമാറ്റം മാതാപിതാക്കള്‍ക്ക് വലിയ മാനസിക വിഷമവും വേദനയും ഉണ്ടാക്കിയെന്ന് മനസ്സിലാക്കിയെന്നും, അതിനാല്‍ കുടുംബത്തോടൊപ്പം ജീവിക്കാന്‍ താന്‍ സ്വന്തം ഇഷ്ടപ്രകാരം സനാതന ധര്‍മ്മത്തിലേക്ക് മടങ്ങിയെത്തുകയാണെന്നുമാണ് ആയുഷ് പുതിയ വീഡിയോ പ്രസ്താവനയിലൂടെ അറിയിച്ചത്. യുവാവിന്റെ മടങ്ങിവരവോടെ കേസിന് പുതിയൊരു വഴിത്തിരിവുണ്ടായെങ്കിലും, സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ഇപ്പോഴും തുടരുകയാണ്.

നിലവില്‍ ആയുഷിന്റെ ഭാര്യ അദ്ദേഹത്തോടൊപ്പം ഇല്ല. ആയുഷിന്റെ പിതാവ് നല്‍കിയ പരാതിയില്‍, ആയുഷിന്റെ ഭാര്യ ചാന്ദ്നി ഖുറൈശി, അവരുടെ പിതാവ് ഇസ്ലാം ഖുറൈശി, ബന്ധുവായ തൗഫീഖ് എന്നിവരെ ഷാംലി പോലീസ് അറസ്റ്റ് ചെയ്യുകയും കോടതി ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ ജയിലിലേക്ക് അയക്കുകയും ചെയ്തു. ഹിന്ദുമതത്തിലേക്ക് മടങ്ങിയെത്തിയ ശേഷം ആയുഷ് തന്റെ മാതാപിതാക്കളുടെ കൂടെയോ ഭാര്യയുടെ കൂടെയോ അല്ല താമസം. കുടുംബത്തില്‍ ഉണ്ടായ വലിയ മാനസിക വിഷമങ്ങള്‍ കാരണം അദ്ദേഹം ഇപ്പോള്‍ നോയിഡയിലുള്ള സഹോദരിയുടെ വീട്ടിലാണ് കഴിയുന്നത്.

ആയുഷ് മാലിക് വീണ്ടും ഹിന്ദുമതത്തിലേക്ക് മടങ്ങിയതോടെ ഈ വിവാഹബന്ധം വലിയൊരു നിയമപ്രതിസന്ധിയിലാണ്. ഡല്‍ഹിയില്‍ വെച്ച് നടന്ന ഇവരുടെ മുസ്ലിം മതപ്രകാരമുള്ള വിവാഹത്തിന്റെ ഒഫീഷ്യല്‍ മാരേജ് സര്‍ട്ടിഫിക്കറ്റ് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. കൂടാതെ, ഉത്തര്‍പ്രദേശിലെ നിയമപ്രകാരം മതംമാറ്റത്തിന് ജില്ലാ മജിസ്ട്രേറ്റിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാത്തതിനാല്‍ ഈ വിവാഹത്തിന് നിയമസാധുത ലഭിക്കാന്‍ പ്രയാസമാണ്. ഭാര്യ ജയിലിലായതിനാലും ആയുഷ് സ്വന്തം കുടുംബത്തിലേക്ക് മടങ്ങാന്‍ തീരുമാനിച്ചതിനാലും ഈ വിവാഹബന്ധം ഏതാണ്ട് വേര്‍പിരിഞ്ഞ അവസ്ഥയിലാണ് എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്.

Share This Article