നെഞ്ചില്‍ കൊളുത്തി ക്ലൈമാക്‌സ്; അത് കാണാന്‍ വേണ്ടി മാത്രം ടിക്കറ്റെടുക്കാം; എം എം പത്മകുമാറിന്റെ തിരിച്ചുവരവ്; റോഷന്‍മാത്യുവും പൊളിച്ചു; ഉയിര്‍ റിവ്യൂ

insight kerala

എം റിജു

റോന്തും, ഇലവീഴാപൂഞ്ചിറയുമൊക്കെപ്പോലെയുള്ള ഒരു റിയലിസ്റ്റ് പൊലീസ് സ്‌റ്റോറിയായിരുന്നു, അവസാനത്തെ അരമണിക്കുര്‍വരെ. പക്ഷേ ആറുഖണ്ഡങ്ങളായി കാണിക്കുന്ന, ഉയിര്‍ എന്ന എം എം പത്മകുമാര്‍ ചിത്രത്തിലെ, ‘മീനു ആന്‍ഡ് ദേവ- ദി മിസ്സിങ്് കിഡ്‌സ്’ എന്ന ക്ലൈമാക്‌സ് പാര്‍ട്ട് കണ്ടപ്പോള്‍ ശരിക്കും കണ്ണുനിറഞ്ഞുപോയി. വല്ലാത്ത അനുഭവം. നെഞ്ചില്‍ കൊളുത്തി എന്ന് പറയുന്ന സാധനം. ഒരു യഥാര്‍ത്ഥ കഥയില്‍നിന്ന് എടുത്തതാണ് എന്ന് പറഞ്ഞ് അവരുടെ ചിത്രം കാണിച്ച് പടം അവസാനിക്കുമ്പോള്‍, നെഞ്ച് പിടക്കും.

ഈ ക്ലൈമാക്‌സിലേക്കുള്ള ബില്‍ഡപ്പ് മാത്രമായിരുന്നു, മൊത്തം സിനിമയും. വാസ്തവം, വര്‍ഗം, ശിക്കാര്‍, ജോസഫ്് തുടങ്ങിയ ഒന്നാന്തരം സിനിമകള്‍ എടുക്കുകയും, പിന്നീട് മമ്മൂട്ടിയുടെ മാമാങ്കമടക്കം എന്തെല്ലാമോ പടം ചെയ്ത് ഫീല്‍ഡ്ഔട്ട് ആകലിന്റെ വക്കിലെത്തിനില്‍ക്കുന്ന എ എം പത്മകുമാര്‍ എന്ന കഴിവുള്ള സംവിധായകന്റെ തിരിച്ചുവരവ് കൂടിയാണ് ഈ ചിത്രം. മോഹന്‍ലാല്‍ നായകനായ സൂപ്പര്‍ഹിറ്റ് ചിത്രം ശിക്കാറൊക്കെ പുറത്തിറങ്ങിയ സമയത്ത്, ഭാവിയുടെ ഹിറ്റ്‌മേക്കറായി മാധ്യമങ്ങള്‍ വിശേഷിപ്പിച്ച ഡയറക്ടറാണ് പത്മകുമാര്‍. ഈ റീ ബര്‍ത്ത് അദ്ദേഹത്തിന് ആഘോഷിക്കാന്‍ കഴിയട്ടെ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആറുഭാഗങ്ങളാക്കി തിരിച്ച് കാണിക്കുന്ന ഈ ചിത്രത്തിന്റെ മറ്റ് അഞ്ച് ഭാഗങ്ങളും ഇതുപോലെ ഉജ്ജ്വലമായില്ല എങ്കിലും ഒരിക്കലും ബോറടിപ്പിക്കുന്നില്ല. ഒരു ഇന്‍വസ്റ്റിഗേറ്റീവ് പൊലീസ് ത്രില്ലറിനുവേണ്ട സാധനങ്ങള്‍ ഒക്കെയും, ‘ഇലവീഴാപൂഞ്ചിറ’യ്ക്ക് ശേഷം പോലീസ് ഉദ്യോഗസ്ഥന്‍ കൂടിയായ ഷാജി മാറാട്, നിഖില്‍ കെ. മേനോനുമായി ചേര്‍ന്ന് തയ്യാറാക്കിയ തിരക്കഥയിലുണ്ട്. പക്ഷേ ഇതിന്റെ പ്രശ്‌നം നേരത്തെ കണ്ട പൊലീസ് കഥകളുമായുള്ള സാമ്യവും അതുവഴി പ്രേക്ഷകനുണ്ടാവുന്ന ആവര്‍ത്തന വിരസതയുമാണ്. അത് മെച്ചെപ്പെടുത്താന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ പടം വേറെ ലെവല്‍ ആയേനെ.

ഒരു പ്രൊബേഷന്‍ എസ്.ഐ. ആയ അജീബ് എന്ന കഥാപാത്രത്തെയാണ് റോഷന്‍ മാത്യു അവതരിപ്പിക്കുന്നത്. അയാളെ ഗംഭീരമായി അവതരിപ്പിക്കാന്‍ റോഷന്‍ മാത്യുവിന് കഴിഞ്ഞിട്ടുണ്ട്. 2010-ലെ ഒരു സംഭവം കാണിച്ച്, ഹൃദയത്തില്‍ തൊടുന്ന രീതിയിലാണ് ചിത്രം ആരംഭിക്കുന്നത്. അജീബിന്റെ മെന്റല്‍ ട്രോമകള്‍ കൃത്യമായി കാണിക്കാന്‍ റോഷനായി. പക്ഷേ ടൈപ്പ് കാസ്റ്റിങ്് എന്നതാണ് ഈ നടന്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം. എല്ലാസിനിമയിലും ഒരു ഭാവം! അത് അതിജീവിക്കാന്‍ കഴിഞ്ഞാല്‍, റോഷന്‍ കയറിവരും.

ബാല്യംകാലം തൊട്ട് അഭിനയിച്ച് തുടങ്ങിയ, ‘വെറ്ററന്‍ നടന്‍’ ബൈജു സന്തോഷിന്റെ പ്രകടനും സൂപ്പറാണ്. വ്യക്തിജീവിതത്തില്‍ വലിയ ദു:ഖങ്ങള്‍ ഒളിപ്പിച്ചുവെച്ച്, ചിരിക്കുന്ന മുഖമുള്ള, എന്നാല്‍ ആരെയും വിരട്ടാനും കഴിയുന്ന ആ പൊലീസുകാരനെ ബൈജു ഗംഭീരമാക്കി. നടന്‍മ്മാരെ അവരുടെ എക്‌സ്പീരിയന്‍സ് തുണക്കുന്നത് ഇവിടെയൊക്കെയാണ് മനസ്സിലാവുക.

അതുപോലെയാണ് വിനീത് തട്ടില്‍. ഒടുവിലാനും, മാമുക്കോയയും, ഇന്നസെന്റും, ശങ്കരാടിയുമൊക്കെ കാലയവനികക്കുള്ളില്‍ മറഞ്ഞപ്പോള്‍, ആ ഗ്യാപ്പ് ഒരു വിധം നികത്തത്തക്ക നടന്‍മ്മാര്‍ വന്നു കഴിഞ്ഞു. അതിലൊരാളാണ് വിനീത് തട്ടില്‍. നേരത്തെ സ്പാ എന്ന പടത്തിലും ഇയാളുടെ അഭിനയം കാണണം. പക്ഷേ ഈ ചിത്രത്തിന്റെ മാന്‍ ഓഫ് ദി മാച്ച് എന്നാല്‍ ഇവര്‍ ആരുമല്ല. തമിഴ്‌നടന്‍ വിനോദ് സാഗറാണ്. നേരത്തെ, അര്‍ജുന്‍ സര്‍ജയുടെ ‘ബ്ലാസ്റ്റ്’ വിനോദ് സാഗറിന്റെ പ്രകടനം ശ്രദ്ധിക്കപ്പെട്ടിരുന്നു. നായിക, ശ്രുതി മേനോന്‍ മോശമായിട്ടില്ല എന്നേ പറയാന്‍ കഴിയൂ. ഒരു അര്‍ബന്‍ ബോഡി ലാംഗ്വേജില്‍നിന്ന് വര്‍ പൂര്‍ണ്ണമായും റൂറല്‍ വേഷത്തിലേക്ക് എത്തിയിട്ടില്ല. വെളുത്ത ശരീരത്തെ ബ്ലാക്കടിപ്പിച്ചതിന്റെ എല്ലാം പ്രശ്‌നങ്ങളും അറിയുന്നുണ്ട്. വിനോദ് സാഗറിനെപ്പാലെ, നാച്ചുറാലിറ്റി ഈ കഥാപാത്രത്തിന് വരുന്നില്ല. എങ്കിലും മോശം പറയാനുമില്ല.

ഒരു ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ പ്രതീക്ഷിച്ചു പോകുന്നവരെ ചിത്രം എത്രത്തോളം തൃപ്തിപ്പെടുത്തും എന്നത് സംശയമാണ്. പ്രക്ഷകന് കഥയുടെ ക്ലൈമാക്സ് ഊഹിക്കാന്‍ സാധിച്ചേക്കാം എന്നത് ഈ ചിത്രത്തിന്റെ ഒരു പരിമിതിയാണ്. പക്ഷേ ആ ക്ലൈമാക്‌സ് നിങ്ങളുടെ ഉള്ളുപൊള്ളിക്കും. അത് കാണാന്‍ വേണ്ടി മാത്രം ഈ ചിത്രത്തിന് ടിക്കറ്റെടുക്കാം.

വാല്‍ക്കഷ്ണം: വെറുതെ ആറു ഭാഗങ്ങളായി തിരിച്ച് വേറെവേറെ ടൈറ്റിലൊക്കെയിട്ട്,
ഈ പടം എന്തിനാണ് കാണിക്കുന്നത് എന്ന് മനസ്സിലാവുന്നില്ല. നേരെ അങ്ങ് കഥ പറഞ്ഞാല്‍പോരെ. ഇതൊക്കെ ആവര്‍ത്തനംമൂലം, ശുദ്ധ വെറുപ്പിക്കലും ജാഡയുമാവുകയാണ്. പരസ്പരം ബന്ധമില്ലാത്ത ചില സംഭവങ്ങള്‍ എടുത്ത് അവയെ കൂട്ടിയോജിപ്പിക്കുന്ന ഒരു സിനിമയില്‍ ഇതുപോലെ ആവാം. പക്ഷേ ഒരേ കഥ മുറിച്ച് മുറിച്ച് വെക്കേണ്ട ആവശ്യം എന്താണ്?

Share This Article