ഹൈക്കോടതി വിധി അംഗീകരിക്കുന്നുവെന്നും കോടതി നിർദ്ദേശം അനുസരിച്ച് വീണ്ടും സത്യപ്രതിജ്ഞ ചെയ്യുമെന്നും തിരുവനന്തപുരം കോർപ്പറേഷൻ മേയർ വി വി രാജേഷ് അറിയിച്ചു. 29 ന് കൗൺസിൽ യോഗം ചേരും. അതേസമയം, കോർപ്പറേഷനിൽ വേറെ ചിലരും ഇത്തരത്തിൽ സത്യപ്രതിജ്ഞ ചെയ്തിട്ടുണ്ടെന്നും അവരുടെ പേര് ഫയല്‍ ചെയ്തിട്ടില്ല എന്നും മേയർ പറഞ്ഞു. അവരുടെ സത്യപ്രതിജ്ഞയും വീണ്ടും നടത്തണമെന്നും വി വി രാജേഷ് ചുണ്ടിക്കാട്ടി.
കേസ് കൊടുത്തവർക്കാണ് തിരിച്ചടി ഉണ്ടായിരിക്കുന്നത്. തിരഞ്ഞെടുപ്പ് അസാധുവാക്കണം എന്നാണ് അവർ ആവശ്യപ്പെട്ടത്. ആ ആവശ്യം കോടതി തള്ളി.
ജനാധിപത്യത്തെ സംരക്ഷിക്കൽ അല്ല അവർ ശ്രമിച്ചത്. പരാതിക്കാരൻ സെലക്ടീവ് ആയി എന്നും മേയർ ആരോപിച്ചു.
ആര്. സുഗതന്, കരമന അജിത്, ആര്.സി.ബീന, പി.സരിത, ദീപ എസ്.നായര്‍ തുടങ്ങിയ ബിജെപി അംഗങ്ങള്‍ ശ്രീപത്മനാഭസ്വാമിയുടെ നാമത്തിലാണ് പ്രതിജ്ഞ ചെയ്തത്. ‘ബലിദാനികള്‍ അമരന്മാര്’ എന്നു പറഞ്ഞാണ് വലിയവിള കൗണ്‍സിലര്‍ വി.ജി. ഗിരികുമാര്‍ പ്രതിജ്ഞ അവസാനിപ്പിച്ചത്. കുന്നുകുഴി കൗണ്‍സിലര്‍ എ.മേരി പുഷ്പവും കരുമം കൗണ്‍സിലര്‍ ജി.എസ്. ആശാനാഥും ‘സ്വാമിയേ ശരണമയ്യപ്പാ…’ ചൊല്ലി സത്യപ്രതിജ്ഞ അവസാനിപ്പിച്ചു. ഗുരുദേവന്, ശ്രീകണ്ഠേശ്വരം മഹാദേവന്, ഇരുംകുളങ്ങര ദുര്‍ഗാ ഭഗവതി ദേവി, ഉദിയന്നൂര്‍ ദേവി തുടങ്ങിയ ദേവ പ്രതിഷ്ഠകളുടെ പേരിലും കൗണ്‍സിലര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്തു.
കേരള മുനിസിപ്പാലിറ്റി നിയമത്തിലെ മൂന്നാം ഷെഡ്യൂൾ പ്രകാരം ദൈവനാമത്തിലുള്ള സത്യപ്രതിജ്ഞയോ ദൃഢപ്രതിജ്ഞയോ ആണ് ചെയ്യേണ്ടത്. ഇതിൽനിന്നു വ്യത്യസ്തമായിട്ടുള്ള സത്യപ്രതിജ്ഞ അസാധുവാണെന്നു ചൂണ്ടിക്കാട്ടി കോർപറേഷനിലെ സിപിഎം പാർലമെന്ററി പാർട്ടി ലീഡർ എസ്.പി.ദീപക് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി.വി.കുഞ്ഞിക്കൃഷ്ണന്റെ ഉത്തരവ്. നാലാഴ്ചയ്ക്കുള്ളിൽ ഇവർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണം.

