തിരുവനന്തപുരം : ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ റീനയുടെ സ്ഥലംമാറ്റത്തിന് സ്റ്റേ. തിരുവനന്തപുരം അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിൻ്റെതാണ് ഉത്തരവ്. കൃത്യമായ കാരണമില്ലാതെ പദവിയിൽ നിന്ന് സ്ഥലംമാറ്റി എന്നാണ് ഡി എച്ച് എസ്സിൻ്റെ പരാതി. ആരോഗ്യവകുപ്പിന് കനത്ത തിരിച്ചടിയാകുന്ന ഉത്തരവാണ് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിൻ്റെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്.
രണ്ടുദിവസം അവധിക്ക് അപേക്ഷിച്ചപ്പോൾ പകർച്ചവ്യാധി സമയത്ത് 15 ദിവസം അവധി ചോദിച്ചു എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഡോ റീനയുടെ ആദ്യത്തെ സ്ഥലംമാറ്റ ഉത്തരവ്. എന്നാൽ ഇതിനെതിരെ ഡിഎച്ച്എസ് രംഗത്ത് വന്നപ്പോൾ അവധി ചോദിച്ചതിനല്ല സർക്കാരുമായി ആലോചിക്കാതെ സ്വന്തം നിലയിൽ പല തീരുമാനങ്ങളുമെടുത്തതിലുള്ള നടപടിയായാണ് ആരോഗ്യമന്ത്രി വിശദീകരണം നൽകിയത്. ശബരിമലയിൽ സേവനത്തിന് ഡോക്ടർമാരെ അയക്കാൻ ആവില്ല എന്ന സർക്കാരുമായി ആലോചിക്കാതെ ഡിഎച്ച്എസ്എസ് കത്ത് നൽകി എന്നാണ് ആരോഗ്യമന്ത്രി വിമർശിച്ചത്. തുരപ്പൻ ജോലി ചെയ്തതുകൊണ്ടാണ് ആരോഗ്യവകുപ്പ് ഡയറക്ടറെ മാറ്റിയെന്ന് ആരോഗ്യമന്ത്രി കടുത്ത ഭാഷയിൽ വിമർശിക്കുകയും ചെയ്തു.
ആരോഗ്യവകുപ്പ് ഡയറക്ടറുടെ സ്ഥലം മാറ്റത്തിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായത്. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ അടക്കം വിമർശിച്ചിരുന്നു.

