“എന്റെ രാഷ്ട്രീയ കുടുംബത്തിലേക്ക്”; കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ വീണ്ടും കോൺഗ്രസിൽ

insight kerala

എറണാകുളം: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന എൻ.കെ. സുധീർ കോൺഗ്രസിൽ മടങ്ങിയെത്തി. കുടുംബത്തിലേക്കുള്ള മടക്കം എന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വീണ്ടും കോൺ​ഗ്രസിൽ ചേർന്നത് എൻ.കെ. സുധീർ വ്യക്തമാക്കിയത്. രാഷ്ട്രീയമായ ചില പ്രവർത്തനങ്ങളുടെ ഭാഗമായി താൻ ചെറിയൊരു ഇടവേള എടുത്തിരുന്നു, എന്നാൽ, തന്റെ രാഷ്ട്രീയ വേരുകളും ആശയങ്ങളും എന്നും കോൺഗ്രസ് പ്രസ്ഥാനത്തോടൊപ്പമായിരുന്നുവെന്നും അതുകൊണ്ട് അഭിമാനത്തോടെയും സന്തോഷത്തോടെയും കോൺഗ്രസ് കുടുംബത്തിലേക്ക് മടങ്ങിയെത്തിയെന്നും എൻ.കെ. സുധീർ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എൻ.കെ. സുധീർ ഇക്കാര്യം അറിയിച്ചത്.

സ്ഥാനാർഥി നിർണയത്തിൽ അവഗണിച്ചതിൽ പ്രതിഷേധിച്ചാണ് കോൺഗ്രസ് നേതാവും എഐസിസി അംഗവുമായ എൻ.കെ. സുധീർ 40 വർഷത്തെ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ച് പി.വി. അൻവറിന്റെ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള (ഡിഎംകെ)യിൽ എത്തിയത്. പിന്നാലെ ചേലക്കര നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഡിഎംകെ സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് കടുത്ത പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് എന്‍.കെ. സുധീറിനെ തൃണമൂല്‍ കോണ്‍ഗ്രസിൽ നിന്നും അന്‍വര്‍ പുറത്താക്കി. ഇതിനുശേഷമാണ് ബിജെപി നേതൃത്വവുമായി ചര്‍ച്ച നടത്തുകയും ബിജെപിയിലെത്തുകയും ചെയ്തത്. നേരത്തെ കോൺ​ഗ്രസിൽ കെപിസിസി സെക്രട്ടറി, ദളിത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Share This Article