Special Report
കാലം പലർക്കായി കരുതിവച്ച നീതിയുടെ നേർക്കാഴ്ചയായി പതിനാറാം കേരള നിയമസഭ. തുടർച്ചയായി പത്ത് വർഷം ചക്രവർത്തിയെ പോലെ നിയമസഭയിൽ വിരാജിച്ചിരുന്ന സാക്ഷാൽ പിണറായി വിജയൻ ഇന്ന് പ്രതിരോധിക്കാനോ ആക്രമിക്കാനോ കഴിയാതെ ആയുധം നഷ്ടപ്പെട്ട പടയാളിയെ പോലെ പ്രതിപക്ഷ നേതാവിൻ്റെ പദവിയിൽ ഇരിക്കുന്ന കാഴ്ച ആരും പ്രതീക്ഷിച്ച് കാണില്ല. മുഖ്യമന്ത്രി സതീശൻ്റെ ഹിറ്റ്ലർ സോവിയറ്റ് യൂണിയൻ പ്രസംഗം കത്തിക്കയറിയപ്പോൾ മറുപടി പറയാൻ സഭയിൽ ഒരു കമ്മ്യൂണിസ്റ്റ് നേതാവിനും കഴിഞ്ഞില്ല. പിണറായി ഇടയ്ക്ക് എഴുന്നേറ്റ് നിന്ന് ചില തിരുത്തലുകൾ വരുത്താൻ ശ്രമിച്ചെങ്കിലും ഏശിയില്ല. എന്തിനേറെ, തിരുവനന്തപുരം മുതൽ വയനാട് വരെ തോറ്റ മന്ത്രിമാരെ വി പി സജീന്ദ്രൻ പഞ്ഞിക്കിട്ടപ്പോഴും ചോദ്യം ചെയ്യാൻ പ്രതിപക്ഷ നിരയിൽ ആരുമില്ല. ഇവിടെയും ബാലഗോപാൽ എന്തോ പറയാൻ ശ്രമിച്ചെങ്കിലും ആരും കേട്ടഭാവം നടിച്ചില്ല. അത്രമേൽ ഉണ്ടായിരുന്നു സജീന്ദ്രനെ ബെഞ്ചിൽ അടിച്ചു പ്രോത്സാഹിപ്പിച്ച ഭരണപക്ഷ നിലയിലെ ഹർഷാരവം.
അല്പം വേദനയോടെയാണെങ്കിലും ജി സുധാകരൻ പറഞ്ഞത് ശരിയായി മാറുമോ? സഭയിൽ പിണറായി നനഞ്ഞ പടക്കമായി കഴിഞ്ഞോ?
പട നയിക്കാൻ വേണ്ടത്ര പടയാളികൾ ഇല്ലാത്ത പടനായകനല്ല പിണറായി. 35 ഉം 41 ഉം തമ്മിൽ വലിയ അന്തരമില്ല. പതിനഞ്ചാം നിയമസഭയിൽ 41 പേരുമായി നയിച്ച വി ഡി സതീശൻ്റെ പ്രതിപക്ഷനിര എത്രയോ ശക്തമായിരുന്നു. അന്ന് 41 പേരും ഭരണപക്ഷത്തെ 99 പേരെയും സഭയിൽ നേരിടാൻ ഉശിരുള്ള കരുത്തൻമാരായിരുന്നു. വിഡി സതീശൻ , രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, തിരുവഞ്ചൂർ രാധാകൃഷ്ണൻ, യുവതുർക്കികളായ ഷാഫി പറമ്പിൽ ( ആദ്യ 3 വർഷം ) , റോജി എം ജോൺ , പി സി വിഷ്ണുനാഥ്, മാത്യു കുഴൽനാടൻ , ലീഗിൽ നിന്ന് പി കെ ബഷീർ, എൻ ഷംസുദീൻ തുടങ്ങി നീണ്ടനിര.
എന്നാൽ ഇപ്പോൾ 35 പേരടങ്ങുന്ന ഇടതുപക്ഷത്ത് , വാക്ചാതുരിയോടെ കുറിക്ക് കൊള്ളുന്ന ചോദ്യങ്ങളും മറുപടികളും ഭരണപക്ഷത്തെ നോക്കി ആർജ്ജവത്തോടെ പറയാൻ ഒരാളേയും കാണുന്നില്ല. മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയനെയല്ല പ്രതിപക്ഷ നേതാവായപ്പോൾ സഭയിൽ കാണാനാകുന്നത്. അംഗബലത്തോടൊപ്പം മനോബലവും നഷ്ടമായ നേതാവ്. മാത്രവുമല്ല, കഴിഞ്ഞ 10 കൊല്ലം എഴുന്നേറ്റ് നിന്ന് സംസാരിച്ചാൽ ബഞ്ചിലടിച്ച് പിന്തുണ നൽകിയിരുന്ന ആരവങ്ങൾ ഇപ്പോൾ പ്രതിപക്ഷനിരയിൽ ഇല്ലേയില്ല. പിന്നെ ബാലഗോപാൽ ആകട്ടെ, യഥാർത്ഥ വസ്തുതയിൽ ഊന്നി സംസാരിക്കാൻ പണ്ടേ കഴിവില്ലാത്ത നേതാവ്. ആ ദൗർബല്യം ധവളപത്രം അവതരിപ്പിക്കുന്ന സമയത്ത് പ്രതിപക്ഷം വേദനയോടെ കണ്ടറിഞ്ഞു.
ഇനി ആരാണുള്ളത്? കെ രാജനോ?
പഠിച്ച് കാര്യങ്ങൾ ലളിതമായും വസ്തുനിഷ്ഠമായും അവതരിപ്പിക്കാൻ ബാലഗോപാലിനേക്കാൾ മിടുക്കനാണ് കെ രാജൻ. പക്ഷേ ഭരണപക്ഷത്തെ പടക്കുതിരകളെ നേരിടാൻ മാത്രമുള്ള സാമർത്ഥ്യമൊന്നും സിപിഐ നേതാവായ പാവം കെ രാജനില്ല. പോരാത്തതിന് പ്രതിപക്ഷ ഉപനേതാവ് തർക്കം മറ്റൊരു വഴിക്ക് കൊടുമ്പിരി കൊള്ളുന്നു. നിയമസഭാ കക്ഷി യോഗം പോലും ചേരാതെ, എംഎൽഎമാരെ പ്രത്യേകം പ്രത്യേകം വിളിച്ച് അടിയന്തര പ്രമേയം ചർച്ച ചെയ്യുന്ന അസാധാരണ സംഭവം. പിന്നെ എടുത്തുപറയാൻ ഒറ്റ നേതാവില്ല പ്രതിപക്ഷനേരയിൽ. ആരെങ്കിലുമൊക്കെ ഇനി തലപൊക്കി വന്നാലായി .
ഇത്തവണ യുഡിഎഫിന് കഴിഞ്ഞ തവണത്തേക്കാൾ പ്രാസംഗികർ കൂടുതലാണ്. കെ മുരളീധരൻ, കെ എം ഷാജി , വി ടി ബൽറാം, സന്ദീപ് വാര്യർ അങ്ങനെ നീളുന്നു. ഇപ്പോഴാണ് ഇടതുപക്ഷ നിരയിൽ എം സ്വരാജിനേയും എ എൻ ഷംസീറിനേയും പോലുള്ള കരുത്തൻമാരുടെ അഭാവം തിരിച്ചറിയുന്നത്.

