എക്സൈസ് മന്ത്രിയായി എം ലിജു ചുമതലയേറ്റപ്പോൾ തന്നെ ബെവ്‌കോയുടെ സിഎംഡി പദവിയിൽ നിന്ന് എം ആർ അജിത് കുമാറിനെ മാറ്റുമെന്ന് സൂചന നൽകിയിരുന്നു. എം ആർ അജിത് കുമാറിനെതിരെ ഉയർന്നിട്ടുള്ള ആരോപണങ്ങളും ഇപ്പോൾ ഗൺമാൻമാരുടെ മർദ്ദനത്തിൽ പ്രതികളെ രക്ഷിക്കാൻ ഇടപെടാൻ നടത്തിയെന്ന മൊഴിയും നിലനിൽക്കുന്ന പശ്ചാത്തലത്തിൽ കടുത്ത അതൃപ്തിയിലാണ് എക്സൈസ് മന്ത്രി. വകുപ്പിന്റെ സുതാര്യത ഉറപ്പാക്കാൻ മറ്റൊരു ഉദ്യോഗസ്ഥനെ നിയമിക്കണമെന്ന് മുഖ്യമന്ത്രിയോടാണ് എക്സൈസ് മന്ത്രി ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ബവ്കോ സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റുമെന്ന എക്സൈസ് മന്ത്രിയുടെ മുന്നറിയിപ്പിന് പിന്നാലെ ദൈനംദിന പ്രവർത്തനങ്ങളിൽ ഇടപെടാതെ മാറിനിൽക്കുകയാണ് എം.ആർ.അജിത് കുമാർ. അവധിക്ക് സമാനമായ രീതിയിൽ വിട്ടുനിൽക്കുന്ന അജിത് കുമാർ ജീവനക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും പരിഹാരം കാണുന്നില്ലെന്നാണ് പരാതി. കഴിഞ്ഞദിവസം മന്ത്രി പങ്കെടുത്ത ബവ്കോ ഉദ്യോഗസ്ഥരുടെ ഉന്നതതല യോഗത്തിലും അജിത് കുമാർ നിർദേശങ്ങളൊന്നുമില്ലാതെ അകലം പാലിച്ചു. സർക്കാർ ബ്രാൻഡ് ആയ ജവാൻ റമ്മിന്‍റെ ഉൽപാദനം വിവിധ കാരണങ്ങളാൽ നിർത്തേണ്ടി വരുമെന്ന പ്ലാന്‍റ് മാനേജരുടെ കത്തിലും തുടർനടപടിയെടുത്തില്ല.
എക്‌സൈസ് കമ്മിഷണർ സ്ഥാനത്തിനൊപ്പമാണ് എം ആർ അജിത് കുമാറിനെ ബെവ്‌കോയുടെ ചെയർമാനായും നിയമിച്ചത്. എന്നാൽ കേഡർ തസ്തികകളിൽ ഐഎഎസ് ഉദ്യോഗസ്ഥരെ മാത്രമേ നിയമിക്കാവൂ എന്ന കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിന്റെ (സിഎടി) ഉത്തരവിനെത്തുടർന്ന് കഴിഞ്ഞ മാർച്ചിൽ എക്‌സൈസ് കമ്മിഷണർ ചുമതലയിൽ നിന്ന് എം ആർ അജിത് കുമാറിനെ നീക്കിയിരുന്നു.

