വിദ്യാർത്ഥിനികൾക്ക് ആയിരം രൂപ; കണക്കെടുപ്പ് തുടങ്ങി ഉന്നത വിദ്യാഭ്യാസ വകുപ്പ്; പ്രതിമാസം 70 കോടി

insight kerala

ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന പെണ്‍കുട്ടികള്‍ക്ക് പ്രതിമാസം 1000 രൂപ നല്‍കുമെന്ന യുഡിഎഫിന്റെ ‘ഇന്ദിരാ ഗാരന്റി’ വാഗ്ദാനം നടപ്പാക്കുന്നതിനായുള്ള പ്രാഥമിക കണക്കെടുപ്പ് സർക്കാർ ആരംഭിച്ചു.

സംസ്ഥാനത്തെ സർവകലാശാലകളിലും കോളേജുകളിലും പഠിക്കുന്ന വിദ്യാർത്ഥിനികളുടെ കൃത്യമായ എണ്ണം സംബന്ധിച്ച ഏകീകൃത വിവരങ്ങള്‍ നിലവില്‍ സർക്കാരിന്റെ കൈവശമില്ലാത്തതിനാലാണ് വിവരശേഖരണം നടത്തുന്നത്.

ഏറ്റവും പുതിയ അഖിലേന്ത്യാ ഉന്നതവിദ്യാഭ്യാസ സർവേ കണക്കുകള്‍ പ്രകാരം, കേരളത്തില്‍ ഉന്നതവിദ്യാഭ്യാസ രംഗത്തെ വിദ്യാർഥികളില്‍ 59.47 ശതമാനവും പെണ്‍കുട്ടികളാണ്. സംസ്ഥാനത്ത് ആകെ 10.99 ലക്ഷം വിദ്യാർഥികള്‍ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന സാഹചര്യത്തില്‍, ഏകദേശം ഏഴ് ലക്ഷം വിദ്യാർത്ഥിനികള്‍ ഈ പദ്ധതിയുടെ ഗുണഭോക്താക്കളാകുമെന്നാണ് വിലയിരുത്തല്‍.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഇത്തരത്തില്‍ കണക്കാക്കുമ്പോള്‍, പദ്ധതിക്കായി പ്രതിമാസം ഏകദേശം 70 കോടി രൂപയും വർഷത്തില്‍ 800 കോടിയിലേറെ രൂപയും ചെലവാകുമെന്നാണ് സൂചന. അന്തിമ കണക്കെടുപ്പ് പൂർത്തിയായ ശേഷമേ കൃത്യമായ സാമ്പത്തിക ബാധ്യത വ്യക്തമാകൂ. പദ്ധതിക്കാവശ്യമായ തുക കണ്ടെത്തുന്നതും സർക്കാരിന് മുന്നിലുള്ള പ്രധാന വെല്ലുവിളികളിലൊന്നാണ്.

അതേസമയം, നിലവില്‍ വിവിധ വിഭാഗങ്ങള്‍ക്കായി ലഭിക്കുന്ന സ്കോളർഷിപ്പുകളും ഫെലോഷിപ്പുകളും ഉള്‍പ്പെടെയുള്ള ധനസഹായ പദ്ധതികളുടെ ഭാവിയും ചർച്ചയാകുന്നുണ്ട്. പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങള്‍ക്കും വരുമാനാടിസ്ഥാനത്തിലുള്ള വിദ്യാർഥികള്‍ക്കും ലഭിക്കുന്ന നിലവിലെ ആനുകൂല്യങ്ങള്‍ തുടരുമോ, അതോ ഇന്ദിരാ ഗാരന്റിയുമായി ബന്ധപ്പെട്ട് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവരുമോ എന്ന കാര്യത്തില്‍ ഇതുവരെ വ്യക്തത വന്നിട്ടില്ല.

Share This Article