പുതിയ മദ്യനയം രൂപീകരിക്കാൻ തയ്യാറെടുക്കുകയാണ് യുഡിഎഫ് സർക്കാർ. തിങ്കളാഴ്ച ചേരുന്ന മന്ത്രിസഭായോഗത്തിൽ ഇത് സംബന്ധിച്ച് പ്രാഥമിക ചർച്ചകൾ നടത്തും. നിലവിലെ ബാറുകളുടെ പ്രവർത്തന സമയം ചുരുക്കുമോ എന്നതും കാത്തിരുന്നു കാണണം. ഇടതു സർക്കാരിന്റെ മദ്യ നയത്തിനെതിരെ കടുത്ത പ്രതിഷേധവുമായി രംഗത്തിറങ്ങിയവരായിരുന്നു യുഡിഎഫ് . ബാറുകളുടെ എണ്ണം വർദ്ധിപ്പിച്ച ഇടതു സർക്കാരിനെതിരെ നിയമസഭയ്ക്ക് അകത്തും പുറത്തും യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു. മദ്യവർജനം എന്ന പ്രചാരണവും ഉയർത്തി ഭരണത്തിലേറിയ ഇടത് സർക്കാർ ഭരണം അവസാനിപ്പിച്ചപ്പോൾ സംസ്ഥാനത്ത് മദ്യം ഒഴുക്കി എന്നാണ് യുഡിഎഫിന്റെ ആരോപണവും വിമർശനവും.
അതുകൊണ്ടുതന്നെ യുഡിഎഫ് അധികാരത്തിൽ വന്ന മദ്യനയത്തിൽ തന്നെയാകും ആദ്യം കൈവെക്കുക എന്ന് സൂചനകൾ ഉണ്ടായിരുന്നു. ബാറുകളുടെ എണ്ണം കുറയ്ക്കുമോ എന്നതും ചർച്ചയാവുകയാണ്. ബിവറേജസ് ഔട്ട്ലെറ്റുകളുടെ എണ്ണം കുറയ്ക്കാൻ സാധ്യതയുണ്ട്. ഉമ്മൻചാണ്ടി സർക്കാരിൻ്റെ കാലത്ത് ബാറുകളുടെ എണ്ണം കുറയ്ക്കുകയും വലിയ രീതിയിൽ ഉണ്ടാക്കുകയും ചെയ്ത തീരുമാനമായിരുന്നു. അതേ രീതിയിൽ എണ്ണം കുറയ്ക്കാൻ സതീശൻ സർക്കാർ തയ്യാറാകുമോ എന്നാണ് അറിയേണ്ടത്.
പാലക്കാട്ടെ എലപ്പുള്ളി മദ്യനിർമ്മാണശാലയ്ക്ക് ഇടതു സർക്കാർ അനുമതി നൽകിയത് വലിയ ഒച്ചപ്പാട് ഉണ്ടാക്കിയ തീരുമാനമായിരുന്നു. സിപിഐ പോലും ഈ തീരുമാനത്തിനെതിരെ ശക്തമായാണ് രംഗത്ത് വന്നത്. അതുകൊണ്ടുതന്നെ എലപ്പുള്ളിയിലെ മധ്യനിർമ്മാണശാലയുടെ അനുമതി റദ്ദാക്കാൻ യുഡിഎഫ് സർക്കാർ തീരുമാനിച്ചേക്കും . തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ചു പ്രാഥമിക ചർച്ചകൾ നടക്കും.

