കൗമരാക്കാരായ ആണ്‍കുട്ടികളെ സമ്പന്നര്‍ പണം കൊടുത്ത് വാങ്ങിക്കുന്നു; ഇവരെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് നൃത്തം ചെയ്യിപ്പിക്കും; ഒപ്പം ലൈംഗിക ചൂഷണവും; അഫ്ഗാനികള്‍ മക്കളെ വിറ്റ് റൊട്ടിവാങ്ങുമ്പോള്‍!

insight kerala

എം മാധവദാസ്

അഫ്ഗാനിസ്ഥാനില്‍ നിലനില്‍ക്കുന്ന ഒരു പ്രാകൃതമായ ബാലവേലയും ലൈംഗിക ചൂഷണവുമാണ് ബച്ചാ ബാസി. പേര്‍ഷ്യന്‍ ഭാഷയില്‍ ഇതിനര്‍ത്ഥം ‘ആണ്‍കുട്ടികളുള്ള കളി’ എന്നാണ്. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍ നിന്നുള്ള പത്തിനും പതിനെട്ടിനും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളെ, പണക്കാരായ പ്രമുഖര്‍ പണം നല്‍കി വാങ്ങുന്നു. ഈ കുട്ടികളെ സ്ത്രീകളുടെ വസ്ത്രങ്ങള്‍ ധരിപ്പിച്ച് പാര്‍ട്ടികളിലും മറ്റും നൃത്തം ചെയ്യിക്കുകയും, അതിനുശേഷം അവരെ ലൈംഗിക അടിമകളായി ഉപയോഗിക്കുകയും ചെയ്യുന്നു. സമൂഹത്തില്‍ ഉന്നതരായ ആളുകളുടെപദവിയുടെയും സമ്പത്തിന്റെയും അടയാളമായാണ് ഇത് ഒരുകാലത്ത് കണക്കാക്കിയിരുന്നത്. തനിക്ക് ഇത്ര ആണ്‍വേശ്യകള്‍ ഉണ്ട് എന്ന പല അഫ്ഗാന്‍ പ്രഭുക്കളും അഭിമാനത്തോടെ പറഞ്ഞ കാലമുണ്ടായിരിരുന്നു.

എന്നാല്‍ കാലം പുരോഗമിച്ചതോടെ ഈ പരിപാടി പൂര്‍ണ്ണമായും നിന്നു. ബച്ചാബാസി നിയമവിരുദ്ധമായി. പക്ഷേ ഇപ്പോള്‍ താലിബാന്‍ ഭരിക്കുന്ന, ലോകാരാജ്യങ്ങളുടെ സഹായമൊന്നുമില്ലാത്ത അഫ്ഗാനില്‍ ഈ ബച്ചാബാസി വീണ്ടും വര്‍ധിക്കയാണ്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

താലിബാന്‍ ഭരിക്കുന്ന അഫ്ഗാനിസ്ഥാനില്‍നിന്ന് ഇപ്പോള്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വാര്‍ത്തകളാണ്. ഒരു കഷ്ണം റൊട്ടിക്ക് വേണ്ടി, അല്ലെങ്കില്‍ ഒരു കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനുള്ള മരുന്നിന് വേണ്ടി സ്വന്തം മക്കളെ വില്‍ക്കേണ്ടി വരുന്ന മാതാപിതാക്കളെക്കുറിച്ച് നമുക്ക് ചിന്തിക്കാന്‍ കഴിയുമോ? എന്നാല്‍ ഇന്നത്തെ അഫ്ഗാനിസ്ഥാനില്‍ ഇതാണ് ക്രൂരമായ യാഥാര്‍ത്ഥ്യം!

ബിബിസി റിപ്പോര്‍ട്ടര്‍ യോഗിത ലിമ അഫ്ഗാനിലെ ഗ്രാമങ്ങളില്‍പോയി തയ്യാറിക്കിയ റിപ്പോര്‍ട്ട് ഞെട്ടിക്കുന്നതാണ്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിനു ശേഷം അന്താരാഷ്ട്ര സഹായങ്ങള്‍ നിലച്ചതോടെ ജനസംഖ്യയുടെ പത്തിലൊന്ന് ഭാഗവം ഇന്ന് പട്ടിണിയിലാണ്. ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് അഫ്ഗാനിസ്ഥാനിലെ നാലില്‍ മൂന്ന് പേര്‍ക്കും തങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും നിറവേറ്റാന്‍ കഴിയുന്നില്ല. വേള്‍ഡ് ഫുഡ് പ്രോഗ്രാമിന്റെ പുതിയ കണക്കുകള്‍ പ്രകാരം രാജ്യത്തെ 1.74 കോടിയിലധികം ജനങ്ങള്‍ പട്ടിണിയിലാണ്. ഇതില്‍ 47 ലക്ഷത്തോളം പേര്‍ ക്ഷാമത്തിന് തൊട്ടുമുന്‍പുള്ള അതീവ ഗുരുതരമായ സാഹചര്യത്തിലാണ് ജീവിക്കുന്നത്! മുമ്പൊന്നും ഇത്ര ഗുരുതരമായ സാഹചര്യം ഉണ്ടായിരുന്നിട്ടില്ല.

ബച്ചാബാസിയും ശിശുവില്‍പ്പനയും

പട്ടിണി കടുത്തതോടെ കുട്ടികളെ ലൈംഗിക അടിമകളാക്കി വിടുന്ന ബച്ചാബാസി തിരിച്ചുവരികയാണ്. താലിബാന്‍ ഭരണത്തിന്‍ കീഴിലും ഈ ആചാരം ഇപ്പോഴും തുടരുന്നതായി യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് ഉള്‍പ്പെടെയുള്ള അന്താരാഷ്ട്ര ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അതുപോലെ പെണ്‍കുട്ടികളെ വില്‍ക്കുന്ന രീതിയും അഫ്ഗാനില്‍ വ്യാപകമാണ്.

”ഞാന്‍ അത്രയ്ക്ക് നിസ്സഹായനാണ്. പണി കഴിഞ്ഞ് വരുമ്പോള്‍ മക്കള്‍ വന്ന് ‘ബാബാ, കുറച്ച് റൊട്ടി താ’ എന്ന് ചോദിക്കും. എനിക്ക് കൊടുക്കാന്‍ ഒന്നുമില്ല. ഒരു മകളെ വിറ്റാല്‍ കിട്ടുന്ന പണം കൊണ്ട് ബാക്കി കുട്ടികള്‍ക്ക് 4 വര്‍ഷമെങ്കിലും എനിക്ക് ആഹാരം കൊടുക്കാം…”-7 വയസ്സുള്ള തന്റെ ഇരട്ടപ്പെണ്‍കുട്ടികളെ നെഞ്ചോട് ചേര്‍ത്തുപിടിച്ച്, അഫ്ഗാനിലെ അബ്ദുള്‍ റഷീദ് അസിമി എന്ന പിതാവ് കരഞ്ഞുകൊണ്ട് പറയുന്ന വാക്കുകളാണിത്. ഇരട്ടകളില്‍ ഒന്നിനെ അയാള്‍ പണം പറ്റി വിറ്റിരിക്കയാണ്! സയീദ് അഹമ്മദ് എന്നയാളും തന്റെ മകളെ വിറ്റിരിക്കയാണ്. സയീദിന്റെ 5 വയസ്സുകാരി മകള്‍ക്ക് അപ്പെന്‍ഡിസൈറ്റിസും കരളില്‍ മുഴയും ബാധിച്ചപ്പോള്‍ ഓപ്പറേഷന്‍ നടത്താന്‍ പണമില്ലായിരുന്നു. ഒടുവില്‍ മകളെ ഒരു ബന്ധുവിന് രണ്ടുലക്ഷം അഫ്ഗാനി രൂപക്ക് വിറ്റു. 5 വര്‍ഷം കഴിഞ്ഞ് കുട്ടിക്ക് 10 വയസ്സാകുമ്പോള്‍ വാങ്ങിയ ആളുടെ മകന്റെ വധുവായി അവള്‍ക്ക് അങ്ങോട്ട് പോകേണ്ടി വരും! അതാണ് കരാര്‍. ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.

അക്ഷരാര്‍ത്ഥത്തില്‍ വിശന്നുകരയുകയാണ് ഇന്ന് അഫ്ഗാന്‍ ഗ്രാമങ്ങള്‍. ഒരുകാലത്ത് സംസ്‌ക്കാരത്തിന്റെ കളിത്തൊട്ടിലായിരുന്ന, എല്ലാ ആധുനിക
സംവിധാനങ്ങളും ഉണ്ടായിരുന്ന ഒരു ജനത ഇസ്ലാമികവല്‍ക്കരണത്തിനുശേഷം പട്ടിണികിടന്ന് മരിക്കയാണ്. സ്വന്തം ജനത പട്ടിണികിടന്ന് കരയുന്നത് ഒന്നും താലിബാന്‍ ഭരണകൂടത്തിന് വിഷയമല്ല. അവര്‍ കൂടുതല്‍ കൂടുതല്‍ മതം അടിച്ചോല്‍പ്പിക്കാനുള്ള പരിപാടിയിലാണ്.

കടുത്ത ദാരിദ്ര്യവും പട്ടിണിയും മൂലം അഫ്ഗാനിസ്ഥാനില്‍ ആളുകള്‍ അവയവങ്ങള്‍ വില്‍ക്കുന്നതും കുട്ടികള്‍ ചൂഷണങ്ങള്‍ക്ക് ഇരയാകുന്നതും വര്‍ദ്ധിച്ചുവരികയാണ്. അഫ്ഗാനിസ്ഥാന്റെ പടിഞ്ഞാറന്‍ പ്രവിശ്യയായ ഹെറാത്തില്‍ പട്ടിണിയിലായ കുടുംബങ്ങള്‍ക്ക് ആഹാരം വാങ്ങാനും കടം വീട്ടാനുമായി ആളുകള്‍ തങ്ങളുടെ ഒരു വൃക്ക വില്‍ക്കുന്നത് പതിവായി മാറിയിരിക്കുന്നു. ഹെറാത്തിലെ ചില ദരിദ്ര ഗ്രാമങ്ങള്‍ ഇന്ന് ‘ഒരു വൃക്കയുള്ളവരുടെ ഗ്രാമങ്ങള്‍’ എന്നാണ് അറിയപ്പെടുന്നത്. അവിടുത്തെ ഭൂരിഭാഗം മുതിര്‍ന്നവരും തങ്ങളുടെ ഒരു വൃക്ക വിറ്റവരാണ്. റൊട്ടിക്കായി അഫ്ഗാന്‍ തെരുവുകളില്‍ ആളുകള്‍ ഏറ്റുമുട്ടുകയാണ്. എന്നിട്ടും താലിബാന്‍ സര്‍ക്കാര്‍ യാതൊരു നടപടിയും എടുക്കുന്നില്ല. താലിബാന്‍ നേതാക്കളുടെ മക്കളാവട്ടെ, പലരും വിദേശരാജ്യങ്ങളിലാണ് ജീവിക്കുന്നത്.

Share This Article