തിരുവനന്തപുരം: യുഡിഎഫ് സർക്കാർ അധികാരമേറ്റ സത്യപ്രതിജ്ഞാ ചടങ്ങിൽ മുഖ്യമന്ത്രി വിഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ചതിൽ സമൂഹ മാധ്യമങ്ങളിൽ വിമർശനം രൂക്ഷമാകുന്നു. എംഎൽഎ ആയിരുന്ന സമയത്തുള്ള സത്യപ്രതിജ്ഞ വീഡിയോയും മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴുള്ള മാറ്റവും ചൂണ്ടിക്കാട്ടിയാണ് വിമർശനം.
സാമുദായിക നേതാക്കളുടെ വിമർശനം കഴിഞ്ഞ അഞ്ചു വർഷക്കാലം ഏറ്റുവാങ്ങിയ വി ഡി സതീശൻ എന്ന പ്രതിപക്ഷനേതാവ് മുഖ്യമന്ത്രിയായപ്പോൾ എന്തിനാണ് സമുദായം ഉയർത്തിപ്പിടിച്ചത് എന്നാണ് ചോദ്യം ഉയരുന്നത്.
ചില കോണഗ്രസ് നേതാക്കളും സത്യപ്രതിജ്ഞക്കിടെ പേരുപയോഗിച്ചപ്പോൾ ജാതി ചേർത്ത് പറഞ്ഞതിനെതിരെ വിഡി സതീശനെതിരെ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട്. 2021ൽ നിയമസഭയിൽ എംഎൽഎയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ എന്ന ഞാൻ എന്നായിരുന്നു ഉപയോഗിച്ചരുന്നത്. എന്നാൽ വടശ്ശേരി ദാമോദര മോനോൻ സതീശൻ എന്ന ഞാൻ എന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യവേ വിഡി സതീശൻ പറഞ്ഞത്.
ഇതുവരെയില്ലാതിരുന്ന സവർണ ജാതിവാൽ ഉറക്കെ പ്രഖ്യാപിച്ച് വിഡി സതീശൻ സത്യപ്രതിജ്ഞ ചൊല്ലിയതും സത്യപ്രതിജ്ഞാ ചടങ്ങിൽ അംഗീകരിക്കപ്പെട്ട സെക്യുലർ വരികളെ മറികടന്ന് വന്ദേഭാരതം ചൊല്ലിയതുമെല്ലാം മുൻ നിലപാടുകൾ പൊള്ളയാണെന്ന് തെളിയിക്കുന്നുവെന്നാണ് സമൂഹ മാധ്യമങ്ങളിൽ ഉയരുന്ന വിമശനം. ഇതിനിടെ കോൺഗ്രസ് നേതാവ് ജിന്‍റോ ജോൺ വിഡി സതീശനെതിരെ പരോക്ഷ വിമർശനവുമായി രംഗത്തെത്തി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ് എന്നായിരുന്നു ജിന്‍റോയുടെ പരാമർശം. ഇന്നലെയും ഇന്നുമായി സോഷ്യൽ മീഡിയയിൽ ഒരു ചർച്ച നടക്കുന്നുണ്ട്
സാഹചര്യം വന്നപ്പോൾ പിതാവിന്‍റേ പേര് ഓർത്തതിൽ ഒരു തെറ്റും ഞാൻ പറയുന്നില്ല. അത് അദ്ദേഹത്തിനേ വിശദീകരിക്കാൻ കഴിയൂ. എന്നാൽ ഇതിനെ ചുറ്റിപ്പറ്റി കേരളത്തിൽ വലിയൊരു വാദപ്രതിവാദം നടക്കുന്നുണ്ട്. ജാതി വാലുകൾ ഉപയോഗിക്കുന്നത് ശരിയാണ് എന്ന സംഘപരിവാർ പരിപ്രേഷ്യം വരുന്നു, നേരെ തിരിച്ചുള്ള വാദങ്ങൾ വരുന്നു. സെൻട്രൽ ലെഫ്റ്റ് പൊസിഷനെടുക്കുന്ന കോൺഗ്രസിന്‍റെ ഐഡിയോളജിച്ച് ചേർന്നതല്ല ജാതിവാൽ പ്രയോഗം എന്നത് ഓർമ്മപ്പെടുത്തിയെന്ന് മാത്രം. ഇത് രഞ്ജിത്തിന്‍റെ സിനിമയല്ല, കയ്യടിക്ക് വേണ്ടി ‘മേനോൻ’ ഉപയോഗിക്കേണ്ടിയിരുന്നില്ലെന്നും താൻ വിഡി സതീശനെ വിമർശിച്ച് പറഞ്ഞതല്ലെന്നും ജിന്‍റോ വിശദീകരിക്കുന്നു

