എം മാധവദാസ്
സ്പെഷ്യല്‍ റിപ്പോര്‍ട്ട്
എം മാധവദാസ്
തിരുവനന്തപുരം: ചുട്ടുപൊള്ളുന്ന വെയിലത്ത് ഒരു പിതാവ് സ്വന്തം മകനെ പള്ളിത്തൂണിയില് കെട്ടിയിടുകയാണ്. സോഷ്യല്‍ മീഡിയില്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്ന ഒരു ചിത്രം, ആലപ്പുഴ ജില്ലയിലെ എടത്വ വിശുദ്ധ ഗീവര്‍ഗീസ് സഹദായുടെ തീര്‍ത്ഥാടന കേന്ദ്രത്തില്‍, എടത്വ പള്ളി പ്രധാന തിരുനാളിനോടനുബന്ധിച്ചും അല്ലാതെയും ‘അടിമയിരുത്തല്‍’ (അഥവാ അടിമ വെക്കല്‍) എന്ന ആചാരത്തെക്കുറിച്ചാണ്. ഈ ആചാരത്തിന്റെ പേരിനെച്ചൊല്ലി സോഷ്യല്‍ മീഡിയയില്‍ കാലാകാലങ്ങളില്‍ ചര്‍ച്ചകളും പ്രതിഷേധങ്ങളും ഉയരാറുണ്ട്.
ക്രൈസ്തവ വിശ്വാസപ്രകാരം ഭക്തര്‍ തങ്ങളെയോ തങ്ങളുടെ മക്കളെയോ ദൈവത്തിനോ വിശുദ്ധര്‍ക്കോ പൂര്‍ണ്ണമായി സമര്‍പ്പിക്കുന്ന ആത്മീയ ചടങ്ങാണിത്. രോഗങ്ങളില്‍ നിന്നും ആപത്തുകളില്‍ നിന്നും സംരക്ഷണം ലഭിക്കാനും, പ്രാര്‍ത്ഥനകള്‍ സഫലമായതിന്റെ നന്ദിസൂചകമായും വിശ്വാസികള്‍ ഈ വഴിപാട് നടത്തുന്നു.നിശ്ചിത തുക പള്ളിയില്‍ അടച്ച്, വിശുദ്ധന്റെ രൂപത്തിന് മുന്നില്‍ പ്രാര്‍ത്ഥിച്ച് സ്വയം സമര്‍പ്പിക്കുന്നതാണ് ഇതിന്റെ രീതി. എടത്വ പള്ളിയില്‍ മാത്രമല്ല, കേരളത്തിലെ പ്രശസ്തമായ കുടവെച്ചൂര്‍ പള്ളി, വല്ലാര്‍പാടം ബസിലിക്ക, മാപ്രാണം പള്ളി തുടങ്ങി നിരവധി പുരാതന ക്രൈസ്തവ ദേവാലയങ്ങളില്‍ ഈ വഴിപാട് നിലവിലുണ്ട്.
സോഷ്യല്‍ മീഡിയില്‍ പ്രതിഷേധം
ഇതിനെതിരെ വലിയ പ്രതിഷേധമാണ് സോഷ്യല്‍ മീഡിയയില്‍ നടക്കുന്നത്. പൊരിവെയിലത്ത് കുട്ടികളെ കെട്ടിയിടുന്നത് എന്തിന്റെ പേരിലായാലും ബാല പീഡനമാണെന്ന് അവര്‍ ഓര്‍മ്മിപ്പിക്കുന്നു. അടിമ എന്ന വാക്ക് മനുഷ്യത്വരഹിതമായ പഴയകാല അടിമത്ത സമ്പ്രദായത്തെയും വിവേചനങ്ങളെയും ഓര്‍മ്മിപ്പിക്കുന്നു എന്നതാണ് പ്രധാന വിമര്‍ശനം.
: സ്വതന്ത്ര ചിന്താഗതിക്കാരായ ആളുകളും ആധുനിക സമൂഹവും ഇത്തരം വാക്കുകള്‍ ആചാരങ്ങളുടെ ഭാഗമായി നിലനിര്‍ത്തുന്നതിനെ എതിര്‍ക്കുന്നു. ദൈവത്തിന് മുന്നില്‍ മനുഷ്യര്‍ അടിമകളല്ല, മക്കളാണെന്ന ബോധം വേണമെന്നാണ് വിമര്‍ശകരുടെ വാദം. ക്രൂരമായ ഒരു ഭൂതകാലത്തെ അനുസ്മരിപ്പിക്കുന്ന ഈ വാക്കിന് പകരം ‘സമര്‍പ്പണം’ എന്ന വാക്ക് ഔദ്യോഗികമായി ഉപയോഗിക്കണമെന്ന് സോഷ്യല്‍ മീഡിയയില്‍ പലരും ആവശ്യപ്പെടുന്നു.
ബൈബിളില്‍ ദൈവത്തിന്റെ ദാസന്/ദാസി എന്ന അര്‍ത്ഥത്തിലാണ് തങ്ങള്‍ ഇതിനെ കാണുന്നത് എന്നാണ് വിശ്വാസികള്‍ പറയുന്നത്. പഴയകാലം മുതല്‍ ഉപയോഗിച്ചുപോന്ന ഒരു വാക്ക് എന്നതിനപ്പുറം ഇതില്‍ യാതൊരുവിധ സാമൂഹിക അടിമത്തമോ വിവേചനമോ അടങ്ങിയിട്ടില്ലെന്ന് വിശ്വാസികള്‍ വ്യക്തമാക്കുന്നു.വിമര്‍ശനങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് നിലവില്‍ പല പള്ളികളും തങ്ങളുടെ രസീതുകളിലും അറിയിപ്പുകളിലും ‘അടിമയിരുത്തല്‍’ എന്നതിന് പകരം ‘സമര്‍പ്പണം’ എന്ന വാക്ക് ഉപയോഗിച്ചു തുടങ്ങിയിട്ടുണ്ട്. പക്ഷേ അപ്പോഴും കൊടും ചൂടില്‍ കുട്ടികളെ കെട്ടിയിട്ടുള്ള ക്രൂരത തുടരുകയാണ്.

