special report
എം മാധവദാസ്
തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനേറ്റ വമ്പന്‍ തിരിച്ചടി ബംഗാള്‍ മോഡലില്‍. ബംഗാളില്‍ മുസ്ലീങ്ങള്‍ തൃണമൂലിലേക്കും, ഹിന്ദുക്കള്‍ ബിജെപിയിലേക്കും പോയതോടെയാണ്, സിപിഎം ഒരു സീറ്റുപോലുമില്ലാതെ വഴിയാധാരമായത്. ആ സാഹചര്യം കേരളത്തിലും ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ട് എന്നതിന്റെ സൂചനയാണ് ഈ തിരഞ്ഞെടുപ്പ് നല്‍കുന്നത്.
ഇപ്പോള്‍ ബിജെപി ജയിച്ച, കഴക്കൂട്ടും, നേമം എന്നിവ സിപിഎമ്മിന്റെയും, കൊല്ലത്തെ ചാത്തന്നൂര്‍ സിപിഐയുടെയും സിറ്റിങ് സീറ്റാണ്. 2021-ല്‍ കടകംപള്ളി സുരേന്ദ്രന് 23,497 വോട്ടിന്റെ വന്‍ ഭൂരിപക്ഷത്തിന് ജയിച്ച കഴക്കൂട്ടമാണ് ഇപ്പോള്‍ ബിജെപി പിടിച്ചത്. നേമക്ക് 2021-ല്‍ വി. ശിവന്‍കുട്ടി 3,949 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ബിജെപിയിലെ കുമ്മനം രാജശേഖരനെ പരാജയപ്പെടുത്തിയത്. അവിടെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ജയിച്ചുകയറിയത്. ചാത്തന്നൂര്‍ കഴിഞ്ഞ കുറച്ചു കാലമായി സി.പി.ഐ ശക്തമായ മണ്ഡലമായിരുന്നു. കഴിഞ്ഞ തവണ സിപിഐയിലെ ജി.എസ്. ജയലാല്‍ 17,206 വോട്ടുകള്‍ക്കാണ് ജയിച്ചത്. അന്ന് രണ്ടാംസ്ഥാനത്തുവന്ന ബിജെപിയിലെ ബി.ബി. ഗോപകുമറാണ് ഇപ്പോള്‍ വിജയിച്ചത്. കൊല്ലം ജില്ലയില്‍ നിന്ന് ആദ്യമായാണ് ഒരു ബിജെപി സ്ഥാനാര്‍ത്ഥി നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നത്. ഏകദേശം 4,400-ല്‍ പരം വോട്ടുകള്‍ക്കാണ് ബി.ബി. ഗോപകുമാര്‍ ഇവിടെ വിജയിച്ചത്.
കാര്യങ്ങള്‍ ബംഗാള്‍ മോഡലില്‍
ഇപ്പോള്‍ 15 വര്‍ഷം നീണ്ടുനിന്ന മമത ഭരണത്തിനുശേഷം ബംഗാള്‍ ബിജെപി പിടിച്ചിരിക്കയാണ്. ബംഗാളിലെ ബിജെപിക്കാരില്‍ 70 ശതമാനത്തോളം പഴയ സിപിഎമ്മുകാര്‍ ആണ്. മമത ഭരണത്തില്‍ തൃണമൂല്‍ വലിയ രീതിയില്‍ അക്രമം തുടങ്ങിയപ്പോള്‍ പ്രതിരോധിക്കാനാവാതെ ബിജെപിയിലെത്തിയ ഹിന്ദുക്കളാണ് അവര്‍.
വംഗനാട്ടില്‍, മുസ്ലീം ന്യൂനപക്ഷ വോട്ട് ബാങ്കിന്റെ സഹായത്തോടെയാണ് സിപിഎം 33 വര്‍ഷം ഭരിച്ചത്. ബംഗ്ലാദേശില്‍നിന്ന് കുടിയേറി വന്നവര്‍ക്കുപോലും റേഷന്‍ കാര്‍ഡുണ്ടാക്കി വോട്ടര്‍ പട്ടികയില്‍ ചേര്‍ക്കാന്‍ സഖാക്കള്‍ മുന്നിട്ട് നിന്നു. പക്ഷേ മമത ശക്തമായി കയറിവന്നതോടെ മുസ്ലീം വോട്ടുബാങ്ക് തൃണമൂലിലേക്ക് പോയി. നന്ദിഗ്രാം അക്രമങ്ങളടക്കമുള്ള ഒരുപാട് കാരണങ്ങള്‍ ഇതിനുണ്ട്. മമതഭരണം നീണ്ടതോടെ ബംഗാളില്‍ മഹാജംഗിള്‍ രാജായി.
തൃണമൂലിന്റെ ബൈക്ക് ബ്രിഗേഡിന്റെയടക്കം അക്രമം കടുത്തതോടെ ഹിന്ദു വോട്ട് ബാങ്ക് ബിജെപിയിലേക്ക് മാറി.
24 പര്‍ഗാനപോലുള്ള ജില്ലകളില്‍ സിപിഎം ലോക്കല്‍ കമ്മറ്റി ഓഫീസുകള്‍പോലും കാവിക്കൊടി ഉയര്‍ത്തി ഒരു ഗ്രാമം ഒന്നടങ്കം ബിജെപിയിലേക്ക് മാറിയത് വെറും കെട്ടുകഥയല്ല. ബംഗാളില്‍ അടിസ്ഥാനപരമായി അവിടുത്തെ സിപിഎം പ്രവര്‍ത്തകനും, ബിജെപിക്കാരനും തമ്മില്‍ യാതൊരു വ്യത്യാസവുമില്ല എന്നതാണ്. എന്തിനും ജ്യോതിഷം നോക്കുന്ന അന്ധവിശ്വാസികളാണ് ബംഗാളിലെ സാധാരണക്കാര്‍. സിപിഎംകാരനും ജ്യോതിഷം നോക്കും, ബിജെപിക്കാരനും. സിപിഎമ്മുകാരന് ദുര്‍ഗാ പൂജ നടത്തുന്നു, ബിജെപിക്കാരനും അത് ചെയ്യുന്നു. സിപിഎമ്മുകാരന് വിശ്വാസിയാണ് ബിജെപിക്കാരനും വിശ്വാസിയാണ്. അതുകൊണ്ടുതന്നെ ഒരു കേഡര്‍ പാര്‍ട്ടിയില്‍നിന്ന് മറ്റൊരു കേഡര്‍ പാര്‍ട്ടിയിലേക്കുള്ള മാറ്റം അവര്‍ക്ക് എളുപ്പമാവുന്നു. അവര്‍ തൃണമൂലിലേക്ക് പോവില്ല. കാരണം മുസ്ലീം വോട്ടുകള്‍ എന്‍ ബ്ലോക്കായി അവിടെയാണെന്ന് അവര്‍ക്ക് അറിയാം.
ഇനി, കേരളത്തിലേക്ക് വരൂ. അടിസ്ഥാനപരമായി ഒരു ഹിന്ദുപാര്‍ട്ടിയാണ് കേരളത്തിലെ സിപിഎം. അവിടെ എന്താണ് നടക്കുന്നത്. ലോക്കല്‍ കമ്മറ്റി സെക്രട്ടറി ഉത്സവം നടത്തുന്നു. ശബരിമലക്ക് പോവുന്നവന് ചുക്ക് വെള്ളം കൊടുക്കുന്നു, കര്‍ക്കിടക വാവുബലിക്ക് മോരും വെള്ളം കൊടുക്കുന്നു. ഉല്‍സവവും ആഘോഷവും പാര്‍ട്ടി ഏറ്റെടുത്തു നടത്തുന്നു. ഒരു സിപിഎമ്മുകാരും ബിജെപിക്കാരനും തമ്മില്‍ അടിസ്ഥാനമായി വലിയ വ്യത്യാസമില്ലാത്ത അവസ്ഥ വരുന്നു. അങ്ങനെയാവുമ്പോള്‍ ഒരു പ്രതിസന്ധി വരുമ്പോള്‍ സിപിഎമ്മില്‍നിന്ന് ബിജെപിയിലേക്കാവും ഒഴുക്കുണ്ടാവുക. ഇപ്പോഴിതാ അത് യഥാര്‍ത്ഥ്യമാവുകയാണ്. യുഡിഎഫിന്റെ ഇരുണ്ടകാലം വെച്ചുനോക്കുമ്പോള്‍, താരതമ്യേന മെച്ചപ്പെട്ട ഭരണമായിരുന്നു പിണറായിയുടേത്. എന്നിട്ടും ഈ കനത്ത തിരിച്ചടി എങ്ങനെയാണ് വരുന്നത്. മുസ്ലീം വോട്ടുബാങ്ക് ഒന്നിച്ച് യുഡിഎഫിലേക്ക് തിരിയുന്നു. ഹിന്ദുവോട്ടുബാങ്കില്‍ ബിജെപിയിലേക്ക് ഷിഫ്റ്റ് കാണുന്നു. ഇത് ഒഴിവാക്കാന്‍ ഇടതുപക്ഷം ഈ പ്രീണനം നിര്‍ത്തണമെന്നാണ് സ്വതന്ത്രചിന്തകരും നിഷ്ക്ഷരും ചൂണ്ടിക്കാട്ടുന്നത്.

