തിരുവനന്തപുരം ∙ സർക്കാരിനെതിരെ അനുമതിയില്ലാതെ മാധ്യമങ്ങളോട് സംസാരിച്ചതിന് കൃഷിവകുപ്പ് സ്പെഷൽ സെക്രട്ടറി എൻ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി. റിവ്യൂ കമ്മിറ്റി ചേരാനിരിക്കെയാണ് പ്രശാന്തിനെതിരെ എട്ടാമത്തെ അച്ചടക്ക നടപടി സ്വീകരിക്കുന്നത്. നിലവിൽ സസ്പെൻഷനിലാണ് അദ്ദേഹം. ചീഫ് സെക്രട്ടറിയാണ് പ്രശാന്തിന് നോട്ടിസ് നൽകിയത്.
ഡോ. എ ജയതിലകിനെതിരെ ആരോപണമുന്നയിച്ചതിന്റെ പേരിലാണ് പ്രശാന്തിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തത്. ഡോ.എ. ജയതിലകിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ കടുത്ത വിമര്‍ശനം ഉന്നയിച്ചത് ചൂണ്ടിക്കാട്ടി 2024 നവംബര്‍ 11നാണ് പ്രശാന്തിനെ സസ്പെന്‍ഡ് ചെയ്തത്. മതാടിസ്ഥാനത്തിൽ വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയ സംഭവത്തിൽ കെ. ഗോപാലകൃഷ്ണനെയും ഇതേ ദിവസം സസ്പെൻഡ് ചെയ്തിരുന്നു. രണ്ട് ഉദ്യോഗസ്ഥരെ ഒരേ ദിവസം സസ്പെൻഡ് ചെയ്തത് കേരളത്തിന്റെ സിവിൽ സർവീസ് ചരിത്രത്തിൽ ആദ്യവുമായിരുന്നു. എന്നാൽ ഗോപാലകൃഷ്ണന്റെ സസ്പെൻഷൻ പിൻവലിച്ച സർക്കാർ പ്രശാന്തിനെതിരായ നടപടി പല ഘട്ടങ്ങളിലായി നീട്ടുകയാണ് ചെയ്തത്.
