സ്പെഷ്യല്‍ റിപ്പോര്‍ട്ട്- സിനിമ
എം മാധവദാസ്
താരരാജാക്കന്മ്മാരായ മമ്മൂട്ടിയും മോഹന്‍ലാലും 18 വര്‍ഷത്തിനുശേഷം ഒന്നിക്കുന്ന ചിത്രമെന്നും, 125 കോടിയുടെ ബജറ്റുള്ള ബ്രഹ്മാണ്ഡ ചിത്രമെന്നൊക്കെ, കൊട്ടിഘോഷിച്ച് വന്ന പേട്രിയറ്റ് സിനിമക്കതെിരെ ലാല്‍ ഫാന്‍സിന്റെ രോഷം. ട്വന്റി ട്വന്റിപോലെയോ, ഹരികൃഷ്ണന്‍സ് പോലെയോ ഇരുവരും തുല്യപ്രധാന്യത്തില്‍ വരുന്ന ചിത്രമെന്ന്, കരുതിയാണ് ലാല്‍ ആരാധകര്‍ ചിത്രത്തിന് ഇരച്ചുകയറിയത്. എന്നാല്‍ സെക്കന്‍ഡ് ഹാഫില്‍ മാത്രം പ്രത്യക്ഷപ്പെടുന്ന എക്സ്റ്റന്‍ഡഡ് കാമിയോ വേഷമാണ് ലാലേട്ടനുള്ളത്. അതും ഒട്ടും അവേശം കൊള്ളിക്കുന്നില്ല. ഇത് മറച്ചുവെച്ചുകൊണ്ട് പ്രചാരണം നടത്തിയത്, തട്ടിപ്പാണെന്ന് സോഷ്യല്‍ മീഡിയില്‍ പലരും രോഷത്തോടെ പ്രതികരിക്കുന്നു. സംവിധായകന് മഹേഷ് നാരായണനെ ട്രോളിക്കൊണ്ട് ‘മഹേഷിന്റെ പ്രതികാരം’ എന്നാണ് ലാല്‍ ഫാന്‍സ് ട്രോളുന്നത്.
മമ്മൂക്കയും ലാലേട്ടനും ഒന്നിക്കുന്നുവെന്ന പരസ്യവാചകം കണ്ട് ഓടിക്കൂടിയവര്‍ക്ക് വലിയ നിരാശയാണ് ചിത്രം നല്‍കിയത്. രണ്ടാം പകുതിയുടെ പകുതിയില്‍ വരുന്ന, മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന മേജര്‍ റഹീം നായ്ക്ക് എന്ന കഥാപാത്രത്തെ ഒട്ടും ആവേശമില്ലാതെയാണ് അവതരിപ്പിക്കുന്നത്. എന്നിട്ടും ലാലേട്ടനെ കാണിക്കുമ്പോള്‍ തീയേറ്റര്‍ ഇളകിമറിയുകയാണ്. പക്ഷേ പിന്നീട് ആ കഥാപാത്രത്തിന്, പ്രേക്ഷകരുടെ ഹൃദയത്തില്‍ തൊടുന്ന രീതിയിലുള്ള രംഗങ്ങള്‍ ഒന്നും തന്നെയില്ല. സാധാരണ തീയേറ്ററുകളെ കിടിലം കൊള്ളിക്കുന്നതാണ്, ലാലേട്ടന്റെ സംഘട്ടനരംഗങ്ങള്‍. ഇവിടെ വെടിവെപ്പിനും ചേസിനും ഒന്നും ഒരു പവറും പഞ്ചും പോരാ. രജിനീകാന്തിന്റെ ‘ജയിലറില്‍’ ഒറ്റ സീനില്‍ വന്ന് മോഹന്‍ലാല്‍ ഉണ്ടാക്കിയ തൂക്കിയടി ഓര്‍ക്കണം.
കേന്ദ്ര സര്‍ക്കാരില്‍ ഒരു മുന്‍ സയന്റിഫിക് അഡൈ്വസര്‍ ആയിരുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ഡോ. ഡാനിയല്‍ ജെയിംസ്. അദ്ദേഹം നടത്തുന്ന പേരാട്ടത്തിലെ ഒരു സഹായിയുടെ റോളാണ് മോഹന്‍ലാലിന് ചിത്രത്തിലുള്ളത്.
എന്തിനായിരുന്നു ഇതുപോലെ ഒരു കഥാപാത്രത്തെ മോഹന്‍ലാല്‍ ചെയ്തത് എന്നാണ് കട്ട ആരാധകരുടെ പേലും ചോദ്യം. ലാലേട്ടന് പകരം സുരേഷ്ഗോപിക്കോ, ബിജുമേനോനോ എന്തിന്, ലാലു അലക്സോ, മേജര്‍ രവിയോക്കോപോലും ചെയ്യാവുന്ന കഥാപാത്രമാണിത്. വലിയ പ്രചാരണ കോലാഹലം കേട്ട് എത്തിയ ലാല്‍ ഫാന്‍സിന് കടുത്ത നിരാശയാണ് ചിത്രം സമ്മാനിക്കുന്നത്. മമ്മൂട്ടിയുടെ നായക കഥാപാത്രത്തെ സഹായിക്കുന്ന, ഒടുവില്‍ നായകനുവേണ്ടി കൊല്ലപ്പെടുന്ന ഒരുകാല് യുദ്ധത്തില്‍ നഷ്ടപ്പെട്ട ഒരു കഥാപാത്രത്തെ ഈഗോയില്ലാതെ മോഹന്‍ലാല്‍ ചെയ്തുവെന്നതും പ്രംശസനീയമാണ്. പക്ഷേ ആ കഥാപാത്രത്തിനും ഒരു ജീവന് വരുന്നില്ല. പഴയ പ്രതാപകാലത്തിന്റെ നിഴല്‍ മാത്രമാണ് ലാലേട്ടന് ഈ പടത്തില്‍.
ചിത്രത്തിന്റെ എറ്റവും വലിയ ഫാള്‍ട്ട് വന്നത് പതിവുപോലെ അതിന്റെ സ്ക്രിപ്റ്റിലാണ്. ധുരന്ധര്‍ സിനിമപോലെ ഒരു വലിയ പ്രമേയം പറയുന്ന ചിത്രത്തിന് പക്ഷേ അതിന് തക്ക കെട്ടുറപ്പ് കൊടുക്കാന്‍ തിരക്കഥാകൃത്ത് കൂടിയായ സംവിധായകന് കഴിയുന്നില്ല. കഥാപാത്രങ്ങള്‍ തമ്മില്‍ ഒരു ഇമോഷണല്‍ കണക്ഷനും വര്‍ക്കൗട്ടാവുന്നില്ല. ചിത്രത്തിലെ മോഹന്‍ലാലിന്റെ കഥാപാത്രമായ കേണല്‍ റഹിം നായിക്ക് മരിക്കുമ്പോള്‍ പോലും യാതൊരു ഫീലും കിട്ടുന്നില്ല. മോഹന്‍ലാലിന്റെ കഥാപാത്രം, മരിച്ചുകിടക്കുമ്പോള്‍ മമ്മൂട്ടി ബോഡി കാണാന്‍ വരുന്ന സീനൊക്കെ എങ്ങനെ വികാരഭരിതമാവേണ്ടതായിരുന്നു! ഇവിടെയൊക്കെ കട്ട ശോകമാണ് പടം.
മമ്മൂട്ടിയും ചിത്രത്തില്‍ തീരെ നന്നായിട്ടില്ല. ക്ലോസപ്പ് രംഗങ്ങളിലൊക്കെ പ്രായാധിക്യത്തിന്റെ അസ്വസ്ഥതകള്‍ ആ താരശരീരത്തില്‍ പ്രകടമാണ്.
അതുപോലെയാണ് ഫഹദ് ഫാസിലിന്റെ വേഷവും. അടിമുടി റിപ്പിറ്റേഷന്‍. ഫഹദ് മുമ്പ് ചെയ്തുവെച്ച കഥാപാത്രങ്ങളുടെ വാര്‍പ്പുമാതൃക ഇവിടെയും കാണാം. അവശതയും വയ്യായ്മയും, താരമമ്യേന യുവാവായ ഫഹദിന്റെ ശരീരത്തിലുമുണ്ട്! തമ്മില്‍ ഭേദം കുഞ്ചാക്കോ ബോബനാണ്. തന്റെ കഥാപാത്രത്തോട് നീതിപുലര്‍ത്താന്‍ അയാള്‍ക്ക് കഴിയുന്നു. നയന്‍താരയെ എന്തിനാണ് ഈ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്തത് എന്ന് മനസ്സിലാവുന്നില്ല. മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ മുന്‍ ഭാര്യയായി, ഏതാനും സീനുകളില്‍ വന്ന് വെറുതെ നോക്കുകുത്തിയായി മടങ്ങുന്നു. താര നിബിഡമായ ചിത്രം എന്ന പേരൊപ്പിക്കാന് ഉണ്ടാക്കിയ കുറുക്കുവഴിയാണെന്ന് വ്യക്തം. ചിത്രത്തിലെ ഏറ്റവും മികച്ച കാസ്റ്റിംഗ് രാജീവ് മേനോന്താണ്. ജെ പി സുന്ദരം എന്ന പ്രമുഖ രാഷ്ട്രീയ നേതാവിനെ ഇയാള്‍ ഭംഗിയാക്കുന്നു. അതുപോലെ ഏതാനും സീനുകളില്‍ മാത്രമുള്ള രേവതിയും നടന് ഇന്ദ്രന്‍സും.
അടുത്തകാലത്തായി വന്ന മോഹന്‍ലാലിന്റെ ഗസ്റ്റ് റോളുകള്‍ ഒക്കെയും തന്നെ വലിയ വിമര്‍ശനമാണ് ഉണ്ടാക്കിയത്.): ദിലീപ് നായകനായ ഭഭബ എന്ന ചിത്രം ഉദാഹരണമാണ്. ഇതിലും ലാലേട്ടന്റെ അതിഥിവേഷം വലിയ ദൂരന്തമായിരുന്നു. ചിത്രം വമ്പന്‍ ഫ്ളോപ്പുമായി. എന്തിനാണ് മോഹന്‍ലാല്‍ ഇതുപോലെയുള്ള ചിത്രങ്ങളില്‍ തലവെച്ച് കൊടുക്കുന്നത് എന്നാണ് ആരാധകരുടെ ചോദ്യം.

