എം മാധവദാസ്
തിരുവനന്തപുരം: കേരളത്തിലെ ഹിന്ദു സമുദായത്തില്‍ ഏറെ സ്വാധീനമുള്ള വ്യക്തിയാണ് അദ്വൈതവിദ്യാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ വാക്കുകള്‍ക്കായി എന്നും വിശ്വാസികള്‍ കാത്തിരിക്കാറുണ്ട്. ന്യൂസ് 18 വാര്‍ത്താചാനലിനോട് ഈയിടെ നടത്തിയ അഭിമുഖത്തില്‍ സ്വാമി ചിദാനന്ദപുരി പറഞ്ഞ വാക്കുകള്‍ വലിയ ചര്‍ച്ചയാവുകയാണ്.
കേരളത്തിലെ ഹിന്ദുക്കള്‍ തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടിയെന്നാണ് ചിദാനന്ദപുരിയുടെ ഒരു നിരീക്ഷണം. തിരഞ്ഞെടുപ്പ് ദിവസം ഗുരുവായൂരിലടക്കം ലക്ഷങ്ങളാണ് ദര്‍ശനം നടത്തിയത്. ദൂരെദിക്കില്നിന്നൊക്കെ ആളുകള്‍ വന്നത് വോട്ട് ചെയ്യാതെയാണെന്നും, ഇത് ഒരു നല്ല ലക്ഷണമല്ലെന്നും, ചിദാനന്ദപുരി ചൂണ്ടിക്കാട്ടുന്നു.
നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് മുസ്ലിം വോട്ടുകളുടെ ഏകീകരണം നടന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ”തിരഞ്ഞെടുപ്പ് ദിനം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ മാത്രം മൂന്നു ലക്ഷം പേരാണ് ദര്‍ശനത്തിനെത്തിയത്. സംസ്ഥാനത്തെ മുസ്ലിം വിഭാഗം ഭൂരിപക്ഷവും വോട്ടു ചെയ്തു. ഇക്കാര്യത്തില്‍ മുസ്ലിം വിഭാഗത്തെ കണ്ടു പഠിക്കണം. മുസ്ലിം പണ്ഡിതര്‍ ഏകീകരണത്തിനുള്ള ആഹ്വാനം നടത്തി. ക്രൈസ്ത പുരോഹിതര്‍ സ്ഥാനാര്‍ത്ഥികളുടെ പേരെടുത്ത് ആര്‍ക്ക് വോട്ടു ചെയ്യണമെന്ന് പറഞ്ഞു.”- ചിദാനന്ദപുരി പറഞ്ഞു.
ബിജെപി ഭാവിയില്‍ കേരളം ഭരിക്കണമെങ്കില്‍ അടുത്ത തവണയും ഇടതുമുന്നണി തന്നെ അധികാരത്തില്‍ വരണമെന്നും ചിദാനന്ദപുരി പറഞ്ഞു. പ്രക്ഷോഭങ്ങളാണ് സിപിഎമ്മിന്റെ കരുത്ത്. തുടര്‍ച്ചയായ ഭരണം കരുത്തു ചോര്‍ത്തും. തുടര്‍ഭരണത്തിലൂടെ സിപിഎമ്മും പ്രതിപക്ഷത്തിരുന്ന കോണ്‍ഗ്രസും ദുര്‍ബലമാവുമ്പോള്‍ ബിജെപി അധികാരത്തിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.അതുകൊണ്ടുതന്നെ മൂന്നാം വട്ടവും ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നത്. കോണ്‍ഗ്രസിന്റെ കരുത്ത് അധികാരമാണ്. ഒരുവട്ടം കൂടി പ്രതിപക്ഷത്തിരുന്നാല്‍ കോണ്‍ഗ്രസ് ദുര്‍ബലമായിപ്പോകും. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്.
”നിലവിലെ സാഹചര്യത്തില്‍ ബിജെപിക്ക് സര്‍ക്കാര്‍ രൂപീകരിക്കാനാവില്ല. കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്നത് ലീഗിന്റെയും ജമാ അത്തെ ഇസ്ലാമിയുടെയും നിര്‍ദ്ദേശപ്രകാരമാണ്. ഇസ്ലാമിക രാഷ്ട്രത്തിനായി നിലകൊള്ളുന്ന ജമാ അത്തെ ഇസ്ലാമി ഉള്‍പ്പെടുന്ന സര്‍ക്കാര്‍ ഉണ്ടാവരുത്.ഈ സാഹചര്യത്തില്‍ പിണറായി വിജയന് മുഖ്യമന്ത്രിയാവുന്നതാണ് അഭികാമ്യം, തന്റെ ആഗ്രഹവും ഇതുതന്നെ.”- ചിദാനന്ദപുരി ചൂണ്ടിക്കാട്ടി. ആര് എസ് എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ആത്്മീയാചാര്യന് കൂടിയാണ് സ്വാമി ചിദാനന്ദപുരി. അതുകൊണ്ടുതന്നെ ആര് എസ് എസ് രഹസ്യമായി ആഗ്രഹിക്കുന്നതും പിണറായി ഭരണം തുടരണമെന്നാണെന്ന് ഇതോടെ വ്യക്തമാവുകയാണ്. മലബാറിലൊക്കെ മുസ്ലീം വോട്ടുകള്‍ യുഡിഎഫിന് അനുകൂലമായി വീണതുപോലെ, തെക്കന്‍ ജില്ലകളില്‍ ഹിന്ദുവോട്ടുകള്‍ എല്‍ഡിഎഫിന് അനുകൂലമാവാനുള്ള സാധ്യതയും ഈ പ്രസ്താവനയടക്കം പരിശോധിച്ചാല്‍ കാണാം.

