എം മാധവദാസ്
ന്യൂയോര്‍ക്ക്: അമേരിക്കയുടെ എക്കാലത്തെയും വലിയ പേടി സ്വപ്‌നമാണ് അജ്ഞാതര്‍ നടത്തുന്ന വെടിവെപ്പുകള്‍. മുന്‍ പ്രസിഡന്റ് ജോണ്‍ എഫ് കെന്നഡിയെ വെടിവെച്ചുകൊന്നതിന്റെ സമസ്യകള്‍ ഒന്നും തന്നെ ഇനിയും പുറത്തുവന്നിട്ടില്ല. നേരത്തെ പലതവണ വധശ്രമത്തിന് വിധേയനായ, പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനുനേരെ ഇപ്പോള്‍ വീണ്ടും ആക്രമണമുണ്ടായത് അമേരിക്കയെ നടക്കുകയാണ്. അതീവസൂരക്ഷയോടെ, ട്രംപ് പങ്കെടുത്ത ഔദ്യോഗിക വിരുന്നിനിടെ വെടിവെപ്പുണ്ടായതാണ് അമ്പരപ്പിക്കുന്നത്. വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടലില്‍ ശനിയാഴ്ച രാത്രി നടന്ന വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സീക്രട്ട് സര്‍വീസ് ഏജന്റുമാര്‍ ട്രംപിനെ വേദിയില്‍ നിന്ന് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വെടിവെപ്പ് നടത്തിയെന്ന് സംശയിക്കുന്ന വ്യക്തിയെ പോലീസ് കസ്റ്റഡിയിലെടുത്തു.
മാധ്യമപ്രവര്‍ത്തകരും ലോകപ്രശസ്തരായ വിശിഷ്ടാതിഥികളും പങ്കെടുത്ത വര്‍ണ്ണാഭമായ വിരുന്നിനിടെയാണ് പെട്ടെന്ന് വലിയ ശബ്ദത്തില്‍ വെടിയൊച്ചകള്‍ കേട്ടത്. ഇതോടെ പരിപാടിയില്‍ പങ്കെടുത്തവര്‍ പരിഭ്രാന്തരായി ചിതറിയോടി. പലരും ഹാളിലെ മേശകള്‍ക്ക് താഴെയാണ് അഭയം പ്രാപിച്ചത്. വെടിയൊച്ച കേട്ട നിമിഷം തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുകളുമായി വേദി വളയുകയും പ്രസിഡന്റിനെ വലയത്തിലാക്കി ഹാളില്‍ നിന്ന് പുറത്തെത്തിക്കുകയും ചെയ്തു.

സംഭവം നടന്ന വാഷിംഗ്ടണ്‍ ഹില്‍ട്ടണ്‍ ഹോട്ടല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ കനത്ത പോലീസ് നിരീക്ഷണത്തിലായി. ഹോട്ടലിന് മുകളില്‍ ഹെലികോപ്റ്ററുകള്‍ വട്ടമിട്ടു പറന്നു. സുരക്ഷാ സന്നാഹങ്ങള്‍ വര്‍ദ്ധിപ്പിക്കുകയും ഹോട്ടലിലേക്കുള്ള വഴികളെല്ലാം അടയ്ക്കുകയും ചെയ്തു. തോക്കുകളേന്തിയ ടാക്റ്റിക്കല്‍ ടീമുകള്‍ പ്രസിഡന്റ് ഇരുന്നിരുന്ന വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. തലനാരിഴയ്ക്കാണ് ട്രംപ് രക്ഷപ്പെട്ടത്. വലിയ സുരക്ഷാ വീഴ്ചയാണ് ഇത്.വെടിയുതിര്‍ത്ത വ്യക്തിയെ സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ കീഴപ്പെടുത്തിയതായാണ് പുറത്തുവരുന്ന പ്രാഥമിക റിപ്പോര്‍ട്ടുകള്‍. ഇയാളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരികയാണ്. ആക്രമണത്തിന്റെ ലക്ഷ്യമോ പ്രതിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളോ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സുരക്ഷിതനാണെന്നും അദ്ദേഹത്തിന് പരിക്കുകളില്ലെന്നും വൈറ്റ് ഹൗസ് വൃത്തങ്ങള്‍ അറിയിച്ചു.ഇറാനുമായുള്ള സമാധാന ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യത്തില്‍ വാഷിംഗ്ടണിലുണ്ടായ ഈ വെടിവെപ്പ് അതീവ ഗൗരവത്തോടെയാണ് സുരക്ഷാ ഏജന്‍സികള്‍ കാണുന്നത്. അമേരിക്കന്‍ ഭരണകൂടത്തിലെ ഉന്നതര്‍ ഒത്തുചേര്‍ന്ന വേദിയില്‍ ഇത്തരമൊരു സുരക്ഷാ വീഴ്ച ഉണ്ടായത് വലിയ ആശങ്കയ്ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിട്ടുണ്ട്. വരും ദിനങ്ങളില്‍ ട്രംപിന് കൂടുതല്‍ സുരക്ഷയൊരുക്കും.
‘തന്നെ വധിക്കാനുള്ള മൂന്നാമത്തെ ശ്രമം’
വൈറ്റ് ഹൗസ് കറസ്‌പോണ്ടന്റ്‌സ് ഡിന്നറിനിടെയുണ്ടായ വധശ്രമത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്നെ വധിക്കാനുള്ള മൂന്നാമത്തെ ശ്രമമാണിതെന്ന് സൂചിപ്പിച്ച അദ്ദേഹം, ലോകത്ത് വലിയ സ്വാധീനം ചെലുത്തുന്ന ‘വലിയ പേരുകാരെയാണ്’ അക്രമികള്‍ എപ്പോഴും ലക്ഷ്യം വെക്കാറുള്ളതെന്ന് പറഞ്ഞു. അബ്രഹാം ലിങ്കണെപ്പോലെയുള്ള വിഖ്യാത നേതാക്കളുടെ ചരിത്രം താന്‍ പഠിച്ചിട്ടുണ്ടെന്നും, രാജ്യത്തിന് വേണ്ടി വലിയ മാറ്റങ്ങള്‍ കൊണ്ടുവരുന്നത് കൊണ്ടാണ് താന്‍ ഇത്തരത്തില്‍ വേട്ടയാടപ്പെടുന്നതെന്നും ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ പത്രസമ്മേളനത്തില്‍ വ്യക്തമാക്കി. അക്രമിയെ തടയുന്നതിനിടെ ഒരു സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥന് വെടിയേറ്റതായി ട്രംപ് വെളിപ്പെടുത്തി. വളരെ അടുത്തടുത്തു നിന്നാണ് ഉദ്യോഗസ്ഥന് നേരെ വെടിയുതിര്‍ത്തത്. എന്നാല്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിരുന്നതിനാല്‍ അദ്ദേഹത്തിന്റെ ജീവന്‍ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. പരിക്കേറ്റ ഉദ്യോഗസ്ഥനുമായി താന്‍ സംസാരിച്ചെന്നും അദ്ദേഹം അതീവ ധീരനാണെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു.
പിടിയിലായ അക്രമി മാനസികമായി തകര്‍ന്ന ഒരാളാണെന്ന് ട്രംപ് വിശേഷിപ്പിച്ചു. സംഭവത്തിന്റെ സുതാര്യത ഉറപ്പാക്കുന്നതിനായി അക്രമിയുടെ ചിത്രവും സുരക്ഷാ ക്യാമറ ദൃശ്യങ്ങളും താന്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ടതായും അദ്ദേഹം പറഞ്ഞു. ഇത്തരം ‘രോഗി’കളായ വ്യക്തികള്‍ക്ക് സമൂഹത്തെ കീഴ്‌പ്പെടുത്താന്‍ വിട്ടുകൊടുക്കില്ലെന്ന ശക്തമായ മുന്നറിയിപ്പും പ്രസിഡന്റ് നല്‍കി.
സംഭവസമയത്ത് കൂടെയുണ്ടായിരുന്ന പ്രഥമവനിത മെലാനിയ ട്രംപിന് ഈ അനുഭവം വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയതെന്ന് ട്രംപ് പറഞ്ഞു. വെടിയൊച്ച കേട്ട ഉടന്‍ തന്നെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മെലാനിയയെയും ട്രംപിനെയും വേദിയില്‍ നിന്ന് മാറ്റിയിരുന്നു. വെടിയൊച്ച കേട്ട നിമിഷം അവിടെ നിന്ന് മാറാന്‍ തനിക്ക് താല്പര്യമില്ലായിരുന്നുവെന്നും എന്നാല്‍ സുരക്ഷാ പ്രോട്ടോക്കോള്‍ അനുസരിക്കാന്‍ താന്‍ നിര്‍ബന്ധിതനാവുകയായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
വൈറ്റ് ഹൗസില്‍ നിര്‍മ്മാണത്തിലിരിക്കുന്ന പുതിയ ബാള്‍റൂമിന്റെ പ്രാധാന്യത്തെക്കുറിച്ചും ട്രംപ് പത്രസമ്മേളനത്തില്‍ സംസാരിച്ചു. ഇത്തരമൊരു ആക്രമണം നടന്ന പശ്ചാത്തലത്തില്‍, വൈറ്റ് ഹൗസിനുള്ളില്‍ തന്നെ അതീവ സുരക്ഷാ സംവിധാനങ്ങളുള്ള ഒരു ഹാള്‍ അനിവാര്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. ‘ഇതുവരെ കാണാത്ത തരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങളാണ് നമുക്ക് ഇനി വേണ്ടത്’ എന്ന് അദ്ദേഹം സുരക്ഷാ ഏജന്‍സികളോട് ആവശ്യപ്പെട്ടു.
നേരത്തെ പെന്‍സില്‍വാനിയയിലെ ബട്‌ലറിലും ഫ്ലോറിഡയിലെ പാം ബീച്ചിലും തനിക്ക് നേരെയുണ്ടായ വധശ്രമങ്ങളെ ട്രംപ് തന്റെ പ്രസംഗത്തില്‍ അനുസ്മരിച്ചു. തുടര്‍ച്ചയായുണ്ടാകുന്ന ഇത്തരം നീക്കങ്ങള്‍ തന്നെ തളര്‍ത്തില്ലെന്നും രാജ്യത്തിന്റെ പുരോഗതിക്കായി മുന്നോട്ട് പോകുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. പത്രസമ്മേളനത്തില്‍ ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറിയും എഫ്ബിഐ ഡയറക്ടറും ട്രംപിനൊപ്പമുണ്ടായിരുന്നു.

