എം റിജു
ഐപിഎസുള്ള വനിതാ പോലീസ് ഉദ്യോഗസ്ഥര്‍, കേന്ദ്ര സര്‍ക്കാറിലെ ഉന്നതരായ വനിതകള്‍, വനിതാ കമ്മീഷന് അധ്യക്ഷ തൊട്ട് കോളജ് വിദ്യാര്‍ത്ഥികളും വീട്ടമ്മമാരും….. ഒന്നും രണ്ടുമല്ല 150ഓളം സ്ത്രീകളാണ് ആ ആള്‍ദൈവത്തിന്റെ വലയില്‍ കുടുങ്ങിയതായി തെളിവുള്ളത്. ഭൂരിഭാഗവും ഉന്നത വിദ്യാഭ്യാസമുള്ള സ്ത്രീകള്‍. 58 അശ്ലീല വീഡിയോകള്‍ അടങ്ങിയ പെന്‍ഡ്രൈവാണ് പോലീസ് കണ്ടെടുത്തത്. ഇരകളുടെ സ്വകാര്യത സംരക്ഷിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ നിന്ന് സൈബര്‍ പോലീസ് നീക്കം ചെയ്തത്, 4,600-ലധികം അശ്ലീല ലിങ്കുകളാണ്!
കാഷായവേഷം ധരിച്ച ഒരു പരമ്പരാഗത ആള്‍ദൈവമായിരുന്നില്ല, മഹാരാഷ്ട്രയിലെ നാസിക് പോലീസ് പിടികൂടിയ, അശോക് ഖാരത്ത്. ബ്രാന്‍ഡന്‍ഡ് വസ്ത്രങ്ങളും, ലക്ഷങ്ങളുടെ വാച്ചുമായി, ആഢംബര വാഹനങ്ങളില്‍ കുതിച്ചുപായുന്ന ഒരു ഹൈട്ടക്ക് ആള്‍ദൈവം. പക്ഷേ ടെക്ക്നിക്ക് പഴയതാണ്. മയക്കുമരുന്ന് കലര്‍ത്തി സ്ത്രീകളെ പീഡിപ്പിക്കുക. എന്നിട്ട് അതിന്റെ വീഡിയോ എടുത്തവെച്ച് ചൂഷണം തുടരുക. ഇത് പുജയും മന്ത്രവാദവുമാണെന്ന് പറയുക, പുറത്ത്പറഞ്ഞാല്‍, കുടുംബത്തിന് ഗുരുതര ദോഷമുണ്ടാവുമെന്ന് വിശ്വസിപ്പിക്കുക.
ഇന്ത്യയിലെ ഏറ്റവും വലിയ സ്ത്രീപീഡനകേസാവുകയാണ്, 2026 മാര്‍ച്ച് 18-ന് അറസ്റ്റിലായ, 67 കാരനായ ജ്യോതിഷി, സംഖ്യാശാസ്ത്രജ്ഞന്‍, ഹിപ്നോട്ടിസ്റ്റ്, പ്രപഞ്ചശാസ്ത്രജ്ഞന്‍ എന്നീ നിലകളില്‍ അവകാശപ്പെടുന്ന ന്യൂജന്‍ ഹൈട്ടക്ക് ആള്‍ദൈവം അശോക് ഖാരത്തിന്റെ ചെയ്തികള്‍. ലൈംഗിക പീഡനം, ബലാത്സംഗം, അന്ധവിശ്വാസം പ്രചരിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അറസ്റ്റിലായ, അശോക് ഖാരത്തിനെതിരെ പതിനൊന്ന് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. വ്യാജ പേരുകളില്‍ 130-ലധികം ബാങ്ക് അക്കൗണ്ടുകള്‍ വഴിയായി ഏകദേശം 63 കോടി രൂപയുടെ ഇടപാടുകള്‍ ഇയാള്‍ നടത്തിയിട്ടുണ്ട്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടത്തുകയും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കളും രേഖകളും കണ്ടുകെട്ടുകയും ചെയ്തിട്ടുണ്ട്.
ആധുനികതയുടെയും ശാസ്ത്രത്തിന്റെയും കാലത്തും അന്ധവിശ്വാസങ്ങള്‍ മനുഷ്യനെ എത്രത്തോളം അന്ധനാക്കാമെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് നാസിക്കിലെ സ്വയം പ്രഖ്യാപിത ആള്‍ദൈവം അശോക് ഖാരത്തിന്റെ കഥ. മെര്‍ച്ചന്റ് നേവിയിലെ ‘ക്യാപ്റ്റന്‍’ എന്ന പരിവേഷത്തില്‍ നിന്ന് പീഡനവീരനായ ആള്‍ദൈവത്തിലേക്കുള്ള അയാളുടെ വളര്‍ച്ചയും തകര്‍ച്ചയും ഇന്ത്യന്‍ സാമൂഹിക പശ്ചാത്തലത്തില്‍ വലിയൊരു മുന്നറിയിപ്പാണ്.
പത്താംക്ലാസും ഗുസ്തിയുമുള്ള ക്യാപ്റ്റന്‍!
ഈ വേന്ദ്രന്റെ, യഥാര്‍ത്ഥ പേര് ലക്ഷ്മണ് ഖാരത്ത് എന്നാണ്. നാസിക് ജില്ലയിലെ സിന്നാര്‍ താലൂക്കിലുള്ള കഹന്ദല്വാഡി ഗ്രാമത്തിലാണ് ജനനം. വിദ്യാഭ്യാസ പശ്ചാത്തലം വളരെ പരിമിതമാണ്. പത്താം ക്ലാസ് പരീക്ഷയില്‍ തോറ്റ ഇയാള്‍ക്ക് കണക്കിന് 28 മാര്‍ക്ക് മാത്രമാണ് ലഭിച്ചിരുന്നത്. എട്ടാം ക്ലാസ് വരെയാണ് ഇയാളുടെ ഔദ്യോഗിക വിദ്യാഭ്യാസ യോഗ്യതയെന്നും റിപ്പോര്‍ട്ടുകളുണ്ട്. പത്താം ക്ലാസ് പരാജയപ്പെട്ടതിന് ശേഷം വീട്ടില്‍ നിന്ന് പണം മോഷ്ടിച്ച് നാട് വിട്ട ഇയാള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ചെത്തിയത് ‘അശോക് കുമാര്‍ ഖാരത്ത്’ എന്ന പേരുമാറ്റത്തോടെയാണ്. സംഖ്യാശാസ്ത്രപ്രകാരം ഈ പേര് വിജയം നല്‍കുമെന്ന് ഇയാള്‍ വിശ്വസിച്ചിരുന്നു.
നേവിയില്‍, ഏകദേശം 22 വര്‍ഷത്തോളം ജോലി ചെയ്തിട്ടുണ്ടെന്നാണ് ഇയാള്‍ അവകാശപ്പെട്ടിരുന്നത്. 154 രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും ക്യാപ്റ്റന്‍ പദവി വരെ എത്തിയെന്നും അശോക് പ്രചരിപ്പിച്ചു. എന്നാല്‍ ഇയാള്‍ ഒരു സാധാരണ ജോലിക്കാരന് മാത്രമായിരുന്നുവെന്നും പത്ത് വര്‍ഷത്തിനുള്ളില്‍ തന്നെ ആ ജോലി വിട്ടിരുന്നുവെന്നും പോലീസ് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 1990-കളില്‍ നാസിക്കില്‍ തിരിച്ചെത്തിയ ഖാരത്ത് ആദ്യം ‘ഓകാസ് പ്രോപ്പര്‍ട്ടി’ എന്ന പേരില്‍ റിയല്‍ എസ്റ്റേറ്റ് ബിസിനസ് ആരംഭിച്ചു. ക്രമേണ ജോത്സ്യം, സംഖ്യാശാസ്ത്രം, മുഖം നോക്കി ഫലം പറയല്‍ എന്നിവയിലേക്ക് തിരിഞ്ഞു. ഇംഗ്ലീഷ്, ഹിന്ദി, മറാത്തി ഭാഷകളില്‍ സംസാരിക്കാനുള്ള ഇയാളുടെ കഴിവും ‘ക്യാപ്റ്റന്‍’ എന്ന പദവിയും ഉന്നത വൃത്തങ്ങളില്‍ ഇയാള്‍ക്ക് പെട്ടെന്ന് സ്വാധീനം നല്കി. സിന്നാറില്‍ ഒരു ക്ഷേത്രവും, ശ്രീ ശിവ്നിക്ക ട്രസ്റ്റ് എന്ന പേരില്‍ ഒരു സംഘടനയും ഇയാള്‍ സ്ഥാപിച്ചു. ഇതോടെ അയാള്‍ പ്രശസ്തനായി. ഒരുപാട് പേര് ഖാരത്തിനെ തേടിയെത്തി. അങ്ങനെ വന്ന വനിതകളാണ് കെണിയില്‍പെട്ടത്.
ഖാരത്തിന്റെ കുടുംബത്തിനും കേസില്‍ പങ്കുണ്ടെന്ന് പൊലീസ് സംശയിക്കുന്നു. ഭാര്യ കല്‍പ്പന ഒളിവിലാണ്. മകനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു വരികയാണ്. ഖാരത്തിന്റെ ‘ആശ്രമത്തിലെ’ മൂന്ന് വനിതാ ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇരകളെ കണ്ടെത്തുന്നതിനും പീഡന വിവരം പുറത്തറിയാതിരിക്കാന്‍ അവരെ ഭീഷണിപ്പെടുത്തുന്നതിനും ഇവര്‍ പ്രധാന പങ്ക് വഹിച്ചിരുന്നു. മാനസികമായി തകര്‍ന്ന അവസ്ഥയില്‍ ഖാരത്തിനെ സമീപിക്കുന്നവര്‍ക്ക് ഇയാളുടെ തന്നെ ആളുകള്‍ ‘കൗണ്‍സിലിംഗ്’ നല്കി വിശ്വസിപ്പിക്കുമായിരുന്നു. ഇത്തരത്തില്‍ ഒരു വലിയ ശൃംഖല തന്നെ ഇയാള്‍ക്ക് ചുറ്റുമുണ്ടായിരുന്നു.
വിചിത്രമായ യോനി ശുദ്ധീകരണം
ആത്മീയതയുടെയും സംഖ്യാശാസ്ത്രത്തിന്റെയും മറവില്‍ ഖാരത്ത് നടത്തിയത് സമാനതകളില്ലാത്ത ചൂഷണമാണ്. ‘യോനി ശുദ്ധീകരണം’ എന്ന വിചിത്രമായ ആചാരമാണ് ഇയാള്‍ നടത്തിയത്. ഭക്തരായ സ്ത്രീകളുടെ ജീവിതത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണം ‘യോനി ദോഷം’ ആണെന്നും അത് പരിഹരിക്കാന്‍ ‘ശുദ്ധീകരണം’ ആവശ്യമാണെന്നും ഇയാള്‍ വിശ്വസിപ്പിച്ചിരുന്നു. പൂജയുടെ ഭാഗമാണെന്ന് പറഞ്ഞ് മയക്കുമരുന്ന് കലര്‍ത്തിയ പാനീയങ്ങള്‍ ഇരകള്‍ക്ക് നല്കി അവരെ ബോധരഹിതരാക്കുമായിരുന്നു. സ്ത്രീകള്‍ അബോധാവസ്ഥയിലായിരിക്കുന്ന സമയത്ത് ‘യോനി ശുദ്ധീകരണം’ എന്ന പേരില്‍ ഇയാള്‍ അവരെ ലൈംഗികമായി പീഡിപ്പിച്ചു. ഈ പീഡന ദൃശ്യങ്ങള്‍ രഹസ്യ ക്യാമറകള്‍ ഉപയോഗിച്ച് ഇയാള്‍ പകര്‍ത്തുമായിരുന്നു.
പിന്നീട് ഈ ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് ഇയാള്‍ സ്ത്രീകളെ വീണ്ടും പീഡനത്തിന് ഇരയാക്കിയിരുന്നത്. ശുദ്ധീകരണ ചടങ്ങിനെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞാല്‍ കുടുംബത്തിന് ശാപമുണ്ടാകുമെന്നും മക്കള്‍ മരിക്കുമെന്നും പറഞ്ഞ് ഇയാള്‍ ഇരകളെ മാനസികമായും തളര്‍ത്തിയിരുന്നു. ഈ ക്രൂരതകളെല്ലാം ഒരു ആത്മീയ ചടങ്ങ് എന്ന വ്യാജേനയാണ് നടത്തിയിരുന്നത്. ഇതിന് പുറമെ ഇരകളെ ഭയപ്പെടുത്താന്‍ ഇയാള്‍ വ്യാജ പാമ്പുകളെയും പുലിത്തോലുകളെയും തന്റെ രഹസ്യ മുറികളില്‍ സൂക്ഷിച്ചിരുന്നതായും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
കുടുംബപ്രശ്നങ്ങള്‍, കരിയറിലെ തിരിച്ചടികള്‍ അല്ലെങ്കില്‍ ആരോഗ്യപ്രശ്നങ്ങള്‍ എന്നിവയുമായി തന്നെ സമീപിക്കുന്ന സ്ത്രീകളെയാണ് ഇയാള്‍ പ്രധാനമായും ലക്ഷ്യം വെച്ചിരുന്നത്. അവരുടെ ഭയത്തെയും അരക്ഷിതാവസ്ഥയെയും അശോക് വളരെയധികം മുതലെടുത്തു. അത്ഭുതശക്തിയുണ്ടെന്ന് വിശ്വസിപ്പിക്കാന്‍ ഇയാള്‍ തന്റെ മുറികളില്‍ റിമോട്ട് കണ്ട്രോളില് ചലിക്കുന്ന വ്യാജ പാമ്പുകളെയും, പുലിത്തോലുകളെയും വെച്ചിരുന്നു. പൂജക്കിടെ പെട്ടെന്ന് പാമ്പുകള്‍ പ്രത്യക്ഷപ്പെടുന്നത് കാണുമ്പോള്‍ ഭക്തര്‍ പരിഭ്രാന്തരാകും. അതോടെ ഖാരത്ത് അവരുടെ മനസ്സില്‍ മഹാമാന്ത്രികനായി. അങ്ങനെ ഭീതിയും വിശ്വാസവും മനസ്സില്‍ ജനിപ്പിച്ചാണ് ഇവരെ നിര്‍ബാധം ചൂഷണം ചെയ്തത്. തന്നെ കാണാന്‍ വരുന്നവരുടെ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും മറ്റും മുന്‍കൂട്ടി പഠിച്ച്, അവരുടെ ജീവിതത്തിലെ ചില രഹസ്യങ്ങള്‍ തനിക്ക് ദിവ്യദൃഷ്ടിയിലൂടെ അറിയാമെന്ന് വിശ്വസിപ്പിക്കുന്ന ടെക്ക്നിക്കുമുണ്ട്. രാഷ്ട്രീയ നേതാക്കളും ഉന്നത ഉദ്യോഗസ്ഥരും തനിക്ക് വഴങ്ങുന്നവരാണെന്ന് കാണിക്കാന്‍ അവരോടൊപ്പമുള്ള ചിത്രങ്ങള്‍ ഇയാള്‍ പ്രദര്‍ശിപ്പിച്ചിരുന്നു. പരാതി നല്കിയാല് ആരും സഹായിക്കില്ലെന്ന് ഇരകളെ വിശ്വസിപ്പിക്കാന്‍ ഇതും സഹായിച്ചു.
വനിതാ കമ്മീഷന് അധ്യക്ഷ വരെ
ഖാരത്തിന്റെ വളര്‍ച്ചയ്ക്ക് ഇന്ധനമായത് ഭരണകൂടവുമായുള്ള അയാളുടെ അടുത്ത ബന്ധമാണ്. മഹാരാഷ്ട്ര വനിതാ കമ്മീഷന് അധ്യക്ഷയായിരുന്ന രൂപാലി ചക്കങ്കര്‍ അടക്കമുള്ളവര്‍ ഭക്തരായി മാറിയത് ഈ ഇരപിടിയന്‍ സമൂഹത്തില്‍ വലിയ അംഗീകാരം നല്കി. ഖാരത്തിനെ രൂപാലി ചക്കങ്കറും കുടുംബവും ഗുരുവായിട്ടായിരുന്നു കണ്ടിരുന്നത്. ഖാരത്തിന്റെ പാദപൂജ നടത്തുന്നതും പാദങ്ങള്‍ കഴുകുന്നതുമായ രൂപാലിയുടെ പഴയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇയാള്‍ അധ്യക്ഷനായ നാസിക്കിലെ ‘ശ്രീ ഈശാനേശ്വര്‍ മഹാദേവ ക്ഷേത്ര ട്രസ്റ്റില്‍’ രൂപാലി ചക്കങ്കര്‍ അംഗമായിരുന്നു.

ക്ഷേത്രത്തിലെ ബോര്‍ഡുകളില്‍ ഇവരുടെ പേര് പ്രദര്‍ശിപ്പിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. ഖാരത്തിന്റെ ലൈംഗിക പീഡനത്തിന് ഇരയായ സ്ത്രീകളെ പരാതി നല്കുന്നതില് നിന്ന് രൂപാലി ചക്കങ്കര്‍ ഭീഷണിപ്പെടുത്തിയതായി ശിവസേന നേതാവ് സുഷമ അന്ധാരെ ആരോപിച്ചിട്ടുണ്ട്. ഖാരത്തിന്റെ നേതൃത്വത്തില്‍ നടന്ന ദുര്‍മന്ത്രവാദ ചടങ്ങുകളില്‍ രൂപാലി പങ്കെടുത്തതായും ആരോപണമുയര്‍ന്നു. ഇതിന്റെ ഭാഗമായി അവര്‍ തന്റെ മോതിരവിരല്‍ മുറിച്ചതായും പറയപ്പെടുന്നു. ഖാരത്തിന്റെ സംശയാസ്പദമായ സാമ്പത്തിക ഇടപാടുകളില്‍ രൂപാലി ചക്കങ്കറുടെ സഹോദരിയുടെ ബാങ്ക് അക്കൗണ്ട് ഉപയോഗിച്ചതായി കണ്ടെത്തിയതിനെത്തുടര്‍ന്ന് സഹോദരിയെ പോലീസ് ചോദ്യം ചെയ്തിരുന്നു. ഈ ആരോപണങ്ങള്‍ രൂപാലി നിഷേധിച്ചിട്ടുണ്ട്. അശോക് ഖാരത്തിന്റെ ക്രിമിനല്‍ പശ്ചാത്തലത്തെക്കുറിച്ച് തനിക്ക് അറിയില്ലായിരുന്നുവെന്നും, പ്രചരിക്കുന്ന വീഡിയോകള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണെന്നും അവര്‍ വ്യക്തമാക്കി.
വിവാദങ്ങങ്ങളെതുടര്ന്ന് 2026 മാര്‍ച്ച് 20-ന് രൂപാലി ചക്കങ്കര്‍ തന്റെ സ്ഥാനം രാജിവെച്ചു. സിസിപി എസിപി റാങ്കിലുള്ള രണ്ട് വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ തങ്ങള്‍ക്ക് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് സ്ഥലംമാറ്റം ലഭിക്കുന്നതിനായി ഖാരത്തിന്റെ സഹായം തേടിയിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ഭരണ-പ്രതിപക്ഷ ഭേദമന്യേ പല പ്രമുഖ നേതാക്കളും ഇയാളുടെ ആശ്രമം സന്ദര്‍ശിക്കാറുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് രാഷ്ട്രീയക്കാര്‍ക്ക് വലിയ തുകകള്‍ ഖാരത്ത് ‘സംഭാവന’യായി നല്‍കിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.
പീഡന പരാതികള്‍ ഒതുക്കിത്തീര്‍ക്കാന്‍ ചില ഉദ്യോഗസ്ഥര്‍ ഇയാളെ സഹായിച്ചിരുന്നതായി എസ്ഐടി കണ്ടെത്തി. നാസിക്കിലും പരിസരത്തും ഖാരത്ത് വാങ്ങിക്കൂട്ടിയ ഭൂമിയുടെ ഇടപാടുകളില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. ഇതിനായി താലൂക്ക് ഓഫീസുകളിലെ ചില ഉദ്യോഗസ്ഥര്‍ രേഖകളില്‍ മാറ്റം വരുത്താന്‍ സഹായിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കള്ളപ്പണം വെളുപ്പിക്കുന്നതിനായി നാസിക്കിലെ ചില പ്രമുഖ ബില്ഡര്മാരുമായി ഖാരത്തിന് ബന്ധമുണ്ടായിരുന്നു. ഇയാളുടെ പണം റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകളില്‍ നിക്ഷേപിച്ചിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. 130 അക്കൗണ്ടിലായി 200 കോടി അശോക് ഖാരത്തിന്റെ സാമ്പത്തിക സാമ്രാജ്യത്തെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണസംഘം പുറത്തുവിട്ടത്. ഇയാളുടെയും സഹായികളുടെയും പേരില്‍ വിവിധ ബാങ്കുകളിലായി 130-ലധികം ബാങ്ക് അക്കൗണ്ടുകള്‍ ഉണ്ടായിരുന്നു. ഇവയിലൂടെയാണ് കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ നടന്നത്.
ഏകദേശം 200 കോടി രൂപയുടെ ആസ്തി
കോടികളുടെ ആസ്തി ആള്‍ദൈവത്തിനുണ്ടെന്നാണ് പ്രാഥമിക കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഇതില്‍ 63 കോടി രൂപയുടെ നേരിട്ടുള്ള സാമ്പത്തിക ഇടപാടുകള്‍ പോലീസ് കണ്ടെത്തിയിട്ടുണ്ട്. നാസിക്, പൂനെ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ വിലപിടിപ്പുള്ള വസ്തുവകകളും ആഡംബര ഫ്ളാറ്റുകളും ഇയാള്‍ക്ക് സ്വന്തമായുണ്ട്. നാസിക്കിലെ ഗംഗാപൂര്‍ റോഡിലുള്ള വസതിയും ഓഫീസും അതീവ ആഡംബരപൂര്‍ണ്ണമായിരുന്നു. റെയ്ഡില്‍ കിലോക്കണക്കിന് സ്വര്‍ണ്ണാഭരണങ്ങളും ലക്ഷക്കണക്കിന് രൂപയുടെ കറന്‍സിയും പോലീസ് കണ്ടെടുത്തിരുന്നു. ഭക്തരില്‍ നിന്ന് ദക്ഷിണയായും പരിഹാര പൂജകള്‍ക്കായും ഇയാള്‍ വലിയ തുകകള്‍ വാങ്ങിയിരുന്നു. ‘ശ്രീ ഈശാനേശ്വര്‍ മഹാദേവ ക്ഷേത്ര ട്രസ്റ്റ്’ എന്ന പേരില്‍ ഒരു ട്രസ്റ്റ് രൂപീകരിച്ചായിരുന്നു ഇയാള്‍ പണപ്പിരിവ് നടത്തിയിരുന്നത്. ഈ ട്രസ്റ്റ് വഴിയുള്ള പണം ഇയാള്‍ സ്വന്തം ആവശ്യങ്ങള്‍ക്കായി വകമാറ്റിയതായും കണ്ടെത്തിയിട്ടുണ്ട്.
പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി ഇരകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഇയാള്‍ തട്ടിയെടുത്തിരുന്നു. ഇതിന് പുറമെ പല ഉന്നത ഉദ്യോഗസ്ഥര്‍ക്കും വഴിവിട്ട സഹായങ്ങള്‍ ചെയ്തുകൊടുക്കുന്നതിലൂടെയും ഇയാള്‍ പണം സമ്പാദിച്ചു. നിലവില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇയാളുടെ പണമിടപാടുകളെക്കുറിച്ച് സമാന്തരമായി അന്വേഷണം നടത്തുന്നുണ്ട്.
കോടികള്‍ വിലമതിക്കുന്ന ബി.എം.ഡബ്ല്യു മെഴ്സിഡസ് ബെന്‍സ് തുടങ്ങിയ ആഡംബര കാറുകളുടെ വലിയൊരു ശേഖരം തന്നെ ഇയാള്‍ക്കുണ്ടായിരുന്നു. ഇതില്‍ പല വാഹനങ്ങളും ഇയാള്‍ ഭക്തരില്‍ നിന്ന് സമ്മാനമായി വാങ്ങിച്ചതാണെന്ന് പോലീസ് കണ്ടെത്തി. വസതിയും ഓഫീസും അതീവ ആധുനികമായ ഇലക്ട്രോണിക് സംവിധാനങ്ങളാല്‍ സജ്ജമായിരുന്നു. റിമോട്ട് കണ്ട്രോള് വഴി പ്രവര്‍ത്തിക്കുന്ന രഹസ്യ അറകളും, ഇരകളെ നിരീക്ഷിക്കാന്‍ സ്ഥാപിച്ച നൂറിലധികം ഹൈ-ഡെഫനിഷന്‍ ഒളിക്യാമറകളും ഇയാളുടെ ഡിജിറ്റല്‍ വൈദഗ്ധ്യത്തിന്റെ തെളിവുകളാണ്. നാസിക്കിലെ ഗംഗാപൂര്‍ റോഡിലെ കോടികള്‍ വിലമതിക്കുന്ന ‘ക്യാപ്റ്റന്‍സ് വില്ല’ എന്ന വീടിനു പുറമെ പൂനെയിലും മുംബൈയിലും ഇയാള്‍ക്ക് ബിനാമി പേരില്‍ ഫ്ലാറ്റുകളും ഭൂമിയുമുണ്ടായിരുന്നു. മൊത്തം 200 കോടിയുടെ ആസ്തി ഇയാള്‍ക്കുണ്ടെന്നാണ് കരുതുന്നത്.
ഖാരത്ത് തനിച്ച് നടത്തിയ ഒന്നായിരുന്നില്ല ഈ തട്ടിപ്പുകള്‍. ഇയാള്‍ക്ക് പിന്നില്‍ കൃത്യമായ പങ്ക് വഹിച്ച ഒരു സംഘമുണ്ടായിരുന്നു. ഭക്തരായ സ്ത്രീകളെ വശീകരിക്കുന്നതിനും ഖാരത്തിന്റെ അടുത്തെത്തിക്കുന്നതിനും ഇയാള്‍ സ്ത്രീകളെത്തന്നെ ഉപയോഗിച്ചു. ഇവരില്‍ അധ്യാപകരും സര്‍ക്കാര്‍ ജീവനക്കാരും ഉള്‍പ്പെട്ടിരുന്നു. പീഡനവിവരങ്ങള്‍ പുറത്തുപറയാതിരിക്കാന്‍ ഇരകളെ ഭീഷണിപ്പെടുത്തിയിരുന്നത് ഈ സ്ത്രീകളായിരുന്നു. ഇരകളുടെ വീഡിയോകള്‍ എഡിറ്റ് ചെയ്യാനും അവ ക്ലൗഡ് സ്റ്റോറേജുകളിലും വിദേശ സെര്‍വറുകളിലും സൂക്ഷിക്കാനും ഇയാള്‍ ചില ഐടി വിദഗ്ധരുടെ സഹായം തേടിയിരുന്നതായി സൈബര്‍ സെല്‍ കണ്ടെത്തിയിട്ടുണ്ട്. ആരെങ്കിലും പരാതി നല്കാന് മുതിര്‍ന്നാല്‍ അവരെ ശാരീരികമായി ഉപദ്രവിക്കാനും ഭയപ്പെടുത്താനും ഖാരത്തിന് പ്രത്യേക ക്വട്ടേഷന്‍ സംഘങ്ങളുമായി ബന്ധമുണ്ടായിരുന്നു.
ഇയാളുടെ എല്ലാ സാമ്പത്തിക ഇടപാടുകളും കൈകാര്യം ചെയ്തിരുന്ന ജിതേന്ദ്ര ഷെല്‍ക്കെ എന്ന സഹായിക്ക് എല്ലാ രഹസ്യങ്ങളും അറിയാമായിരുന്നു. ഷെല്‍ക്കെയും ഭാര്യയും ഈയിടെ ഒരു കാറപകടത്തില്‍ കൊല്ലപ്പെട്ടിരുന്നു. അവരുടെ മകന് ഗുരുതരമായി പരിക്കുമേറ്റു. ഇത് ഒരു ആസൂത്രിത കൊലപാതകമാണോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. ഷെല്‍ക്കെയുടെ മരണത്തോടെയാണ് പല രഹസ്യങ്ങളും മറനീക്കി പുറത്തുവരാന്‍ തുടങ്ങിയത്.
നരബലിയടക്കമുള്ള ആരോപണങ്ങള്‍
നേരത്തെയും ഗുരുതരമായ ആരോപണങ്ങള്‍ ഈ നരാധമന് നേരെ വന്നിട്ടുണ്ട്. 2022-ല്‍ ആത്മഹത്യ ചെയ്ത വികാസ് ദിവതേ എന്ന വ്യക്തി തന്റെ മരണത്തിന് ഉത്തരവാദി അശോക് ഖാരത്താണെന്ന് ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരുന്നു. അന്ന് സ്വാധീനം ഉപയോഗിച്ച് ഒതുക്കിത്തീര്‍ത്ത ഈ കേസ് നിലവില്‍ പോലീസ് വീണ്ടും അന്വേഷിക്കുന്നുണ്ട്.
ഒടുവില്‍ ഖാരത്തിന് പിടിവീണത് മുന്‍ ജീവനക്കാരന്റെ ഭാര്യയുടെ പരാതിയിലാണ്. തന്റെ മുന്‍ ജീവനക്കാരന്റെ ഏഴു മാസം ഗര്‍ഭിണിയായ ഭാര്യയെ ഏകദേശം രണ്ട് വര്‍ഷത്തോളം ഖാരത്ത് ലൈംഗികമായി ചൂഷണം ചെയ്തിരുന്നു. പ്രസവസംബന്ധമായ പൂജകള്‍ക്കായാണ് ഇവര്‍ ഖാരത്തിനെ സമീപിച്ചത്. പീഡനത്തെത്തുടര്‍ന്ന് യുവതി ഗര്‍ഭിണിയായപ്പോള്‍ ഇയാള്‍ ഗര്‍ഭച്ഛിദ്രത്തിനുള്ള ഗുളികകള്‍ നല്കി നിര്‍ബന്ധപൂര്‍വ്വം ഗര്‍ഭം അലസിപ്പിച്ചതായും അന്വേഷണത്തില്‍ വ്യക്തമായി. തട്ടിപ്പ് ബോധ്യപ്പെട്ടതോടെ ഇവര്‍ നിര്‍ഭയം പരാതി നല്‍കിയതാണ് ഈ ഹൈട്ടക്ക് ആള്‍ദൈവത്തിന്റെ അടിവേരിളക്കിയത്.
67കാരനായ സീരിയല്‍ കുറ്റവാളിയെക്കുറിച്ച് ഇപ്പോള്‍ പുറത്തുവരുന്നത്, അങ്ങേയറ്റം ഞെടടിപ്പിക്കുന്ന വിവരങ്ങളാണ്. ഇനിയും കൂടുതല്‍ ഇരകള്‍ പരാതിയുമായി മുന്നോട്ടുവരുമെന്നാണ് ഐ.പി.എസ് ഓഫീസര്‍ തേജസ്വിനി സത്പുതെയുടെ നേതൃത്വത്തിലുള്ള എസ്ഐടി പ്രതീക്ഷിക്കുന്നത് നാസിക്കിലെ കോടതിയില്‍ ഹാജരായ പബ്ലിക് പ്രോസിക്യൂട്ടര്‍ അജയ് മിസാര്‍, നരബലിയിലും തോലിനും കസ്തൂരിക്കും വേണ്ടി മാനുകളെ വേട്ടയാടുന്നതിലും അയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നുവെന്നാണ് പറഞ്ഞത്. എസ്ഐടി ഇയാളുടെ കൈവശം നിന്ന് ഒരു റിവോള്‍വര്‍, 21 വെടിയുണ്ടകള്‍, അഞ്ച് ഒഴിഞ്ഞ ഷെല്ലുകള്‍, 6 ലക്ഷം രൂപ, രണ്ട് ലാപ്ടോപ്പുകള്, ചില രേഖകള്‍ എന്നിവ കണ്ടെടുത്തതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിര്‍ഗാവ് ഫാം ഹൗസില്‍ നിന്ന് 21 വെടിയുണ്ടകള്‍ പിടിച്ചെടുത്തു, എന്നാല്‍ അഞ്ച് ഷെല്ലുകള്‍ കാണാനില്ല. മറ്റ് സാഹചര്യ തെളിവുകളോടൊപ്പം ഈ വസ്തുതയും സാധ്യമായ നരബലിയെക്കുറിച്ചുള്ള സംശയങ്ങള്‍ ഉയര്‍ത്തിയിട്ടുണ്ട്, എന്നിരുന്നാലും ഇത് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
പബ്ലിക് പ്രോസിക്യൂട്ടര്‍ അജയ് മിസാര്‍ പറഞ്ഞു. ഖാരത്തിന്റെ ഇരകള്‍ക്ക് പെഡ, ക്രിസ്റ്റല്‍ ഷുഗര്‍, വെള്ളം എന്നിവ നല്കിയ ശേഷം ഓക്കാനം അനുഭവപ്പെട്ടതായി അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് കലര്‍ന്ന വസ്തുക്കള്‍ കണ്ടെത്തേണ്ടതുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
ഖാരത് അമാനുഷിക ശക്തികളുള്ള ഒരു ‘സിദ്ധപുരുഷന്’ ആണെന്ന് സ്ഥാപിക്കാന്‍ പാമ്പുകളുടെയും കടുവയുടെയും തൊലി ഉപയോഗിച്ചുവെന്ന ആരോപണങ്ങള്‍ എസ്ഐടി അന്വേഷിച്ചു വരികയാണെന്നും പ്രോസിക്യൂട്ടര്‍ പറയുന്നു. ഈ ജീവികള്‍ യഥാര്‍ത്ഥമാണോ അതോ ഡമ്മികളാണോ എന്നും വന്യജീവി നിയമങ്ങള്‍ ലംഘിക്കപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതുണ്ട്. അപൂര്‍വമായ കസ്തൂരി ഇയാള്‍ വിതരണം ചെയ്തതാണ് സംശയത്തിലാക്കിയത്.
ചുരുക്കിപ്പറഞ്ഞാല്‍ ഒരു കൂട്ട പീഡനക്കേസായി തുടങ്ങിയ ഈ കേസ്, നരബലിയും, വന്യജീവികടത്തും, കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള ഒരു വലിയ സംഭവമായി മാറിയിരിക്കയാണ്. ഭൂമാതാ ബ്രിഗേഡ് സ്ഥാപകയുമായ തൃപ്തി ദേശായി അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ വിഷയത്തില്‍ ഇടപെട്ട് കഴിഞ്ഞു. തൃപ്തി ദേശായി കോടതിയിലേക്ക് ബലം പ്രയോഗിച്ച് കടക്കാന്‍ ശ്രമിച്ചെങ്കിലും പോലീസ് അവരെ തടഞ്ഞു. ഇതോടെ കോടതിമുറിക്ക് പുറത്ത് വലിയ സംഘര്‍ഷാവസ്ഥ ഉടലെടുത്തു. കോടതിമുറിക്കുള്ളില്‍ വെച്ച് ആക്ടിവിസ്റ്റ് വിനോദ് നാഥെ, ഖാരത്തിനെതിരെ ആക്രമണം നടത്താന്‍ ശ്രമിച്ചതും വിവാദമായി. കുറ്റകൃത്യ ശൃംഖലയുമായി ബന്ധമുള്ള ആരെയും വെറുതെ വിടില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രിയും സംസ്ഥാന ആഭ്യന്തര മന്ത്രിയുമായ ദേവേന്ദ്ര ഫഡ്നാവിസ് പറയുന്നത്. രാഷ്ട്രീയക്കാരുടെ പിന്തുണയോടെയാണ് ഇയാള്‍ വളര്‍ന്നുവന്നത് എന്ന ആരോപണം, സര്‍ക്കാറിനും വിനയാവുന്നുണ്ട്.
വാല്‍ക്കഷ്ണം: മഹാരാഷ്ട്ര അന്ധവിശ്വാസനിര്‍മ്മാര്‍ജന ബില്‍ നടപ്പാക്കിയപ്പോള്‍, കേരളത്തില്‍പോലും അതിന്റ അലയൊലികള്‍ എത്തിയിരുന്നു. പക്ഷേ ഒരു ബില്ലുകൊണ്ട് പരിഹരിക്കാനാവുന്നതല്ല, ഇന്ത്യയിലെ അന്ധവിശ്വാസത്തിന്റെ ശക്തിയെന്ന് ഒരിക്കല്‍കൂടി വെളിപ്പെടുകയാണ്.

