തപാൽ വോട്ടുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പോളിംഗ് 79.63%; കണക്ക് പുറത്തുവിടുന്നതിൽ കാലതാമസം വന്നിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ

AnilKumar BalaKrishnan

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിൽ അന്തിമ പോളിംഗ് കണക്കുകൾ പുറത്തുവിടുന്നതിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ കാലതാമസം വരുത്തുന്നു എന്ന രാഷ്ട്രീയപാർട്ടികളുടെ പരാതികൾക്കിടെ, കണക്കുകളിൽ വ്യക്തത വരുത്തി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ. തപാൽ വോട്ടുകൾ ഉൾപ്പടെ സംസ്ഥാനത്ത് ഇതുവരെ പോൾ ചെയ്തത് 79.63% ആണ്. ഇത് അന്തിമ കണക്കല്ല എന്നും സർവീസ് വോട്ടുകളുടെ കണക്കുകൾ കൂടി ചേർത്ത് ഫലപ്രഖ്യാപനത്തിന്റെ സമയത്തു മാത്രമേ വ്യക്തമാകുകയുള്ളൂ എന്ന് രത്തൻ ഖേൽക്കർ അറിയിച്ചു. മെയ് നാലിന് തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം 48 മണിക്കൂറിനുള്ളിൽ അന്തിമ കണക്കുകൾ പുറത്തുവരും. സർവീസ് വോട്ടുകൾ ഫലപ്രഖ്യാപനത്തിന്റെ അന്ന് മാത്രമേ അറിയാൻ ആകുകയുള്ളൂ. അതിനാൽ ഫലപ്രഖ്യാപനം കഴിഞ്ഞ് രണ്ടുദിവസത്തിനുള്ളിൽ ഇൻഡക്സ് കാർഡ് ഇറക്കും. ഇൻഡക്സ് കാർഡിലാണ് അന്തിമമായ പോളിംഗ് കണക്കുകൾ തരംതിരിച്ച് നൽകുന്നത്. ഇപ്പോൾ നൽകിയത് പ്രൊവിഷണൽ കണക്കുകൾ മാത്രമാണ്.

അതേസമയം കണക്കുകൾ പുറത്തുവിടുന്നതിൽ യാതൊരു കാലതാമസവും വരുത്തിയിട്ടില്ല എന്നും സമയബന്ധിതമായും സുതാര്യമായും ആണ് കണക്കുകൾ പ്രസിദ്ധീകരിച്ചതെന്നും തിരഞ്ഞെടുപ്പ് ഓഫീസർ വ്യക്തമാക്കി. മൂന്നര ലക്ഷത്തിലധികം തപാൽ വോട്ടുകൾ ഉണ്ടായിരുന്നു. ഇത് അതാത് രാഷ്ട്രീയപാർട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണ് ഓരോ നടത്തിപ്പും ചെയ്തത്. അതിനാൽ വ്യക്തതയും സുതാര്യതയും ഓരോ ഘട്ടത്തിലും വരുത്തിയിരുന്നതായി രത്തൻ ഖേൽക്കർ വിശദീകരിച്ചു.

പരാതിയുള്ളവർക്ക് നിയമപരമായി നേരിടാം. അമ്പതിനായിരത്തിൽ അധികം സർവീസ് വോട്ടുകൾ ആണ് ഉള്ളത്. ഇതുകൂടി കണക്കിലാക്കുമ്പോൾ 80 ശതമാനത്തിനു മുകളിൽ സംസ്ഥാനത്ത് പോളിംഗ് ശതമാനം ഉണ്ടാകും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article