പാലക്കാട് : ചിറ്റൂർ മണ്ഡലത്തിൽ എൽഡിഎഫ് സ്ഥാനാർഥിക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് എൻഡിഎ സ്ഥാനാർത്ഥിയുടെ ഫേസ്ബുക്ക് പോസ്റ്റ്. മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി പ്രണേഷ് രാജേന്ദ്രന്റെ ഫേസ്ബുക്ക് പേജിലാണ് ഇടതുമുന്നണി സ്ഥാനാർഥി അഡ്വക്കേറ്റ് വി മുരുകദാസിന് വേണ്ടി വോട്ട് അഭ്യർത്ഥിച്ചു കൊണ്ടുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. മിനിറ്റുകൾക്കുള്ളിൽ പോസ്റ്റ് പിൻവലിച്ചെങ്കിലും ഇതിൻറെ സ്ക്രീൻഷോട്ടുകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ് .
യുഡിഎഫ് എന്താണ് രാഷ്ട്രീയമാണ് ചിറ്റൂരിൽ നടത്തുന്നതെന്നും ജനാധിപത്യത്തെ പരിഹസിക്കുന്ന കോൺഗ്രസ് നാടകത്തിന് ചിറ്റൂർ മറുപടി പറയും എന്നാണ് പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നത്. എൽഡിഎഫിന്റെ സ്ഥാനാർത്ഥിയായ മുരുകദാസിന്റെ ചിഹ്‌നമായ മോതിരം വ്യക്തമാക്കി കൊണ്ട് അദ്ദേഹത്തിന് വോട്ട് ചെയ്യണമെന്നും വികസനത്തിന്റെ തുടർച്ചക്കായി എൽഡിഎഫിന് വോട്ട് ചെയ്യണമെന്നുമാണ് പോസ്റ്റിലൂടെ ആഹ്വാനം.
ബിജെപിയുടെയും എൽഡിഎഫിന്റെയും രഹസ്യധാരണയ്ക്കുള്ള ഏറ്റവും വലിയ തെളിവാണ് ഈ പോസ്റ്റ് എന്ന് യുഡിഎഫ് സ്ഥാനാർത്ഥി സുമേഷ് അച്യുതൻ ചൂണ്ടിക്കാട്ടി. മണ്ഡലത്തിൽ എൽഡിഎഫ് -ബിജെപി ഡീൽ നടക്കുന്നുണ്ട് എന്ന തങ്ങളുടെ ആരോപണം ശരിയാണെന്നും യുഡിഎഫ് സ്ഥാനാർത്ഥി ആരോപിച്ചു.
സംഭവം വിവാദമായതോടെ പോസ്റ്റ് പിൻവലിക്കുകയും വിശദീകരണവുമായി പ്രണേഷ് രാജേന്ദ്രൻ രംഗത്ത് വരികയും ചെയ്തു. പോസ്റ്റ് വന്നത് എങ്ങനെയാണെന്ന് അറിയില്ലെന്നും തൻറെ അറിവോ സമ്മതത്തോടെയോ അല്ല പോസ്റ്റ് എന്നും വ്യക്തമാക്കി. പേജ് ഹാക്ക് ചെയ്തതാണോ ആരെങ്കിലും മനപ്പൂർവ്വം കെട്ടിച്ചമച്ചതാണോ എന്ന് പരിശോധിക്കും. പോലീസിൽ പരാതി നൽകുമെന്നും ബിജെപി സ്ഥാനാർത്ഥി അറിയിച്ചു.

