ഇലക്ഷന് സ്പെഷ്യല്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ എന്നും വിവാദ വിഷയമാണ്, മക്കള്‍ രാഷ്ട്രീയം. പിതാവിനുശേഷം മകന് അല്ലെങ്കില്‍ മകള്‍ ആ സ്ഥാനത്തേക്ക് വരുന്നത് കേരളത്തിലെ കോണ്‍ഗ്രസിലടക്കം പുതുമയല്ല. മുന്‍ മുഖ്യമന്ത്രി കെ. കരുണാകരന്റെ മകന് കെ. മുരളീധരന്േറതാണ് ഇതില്‍ എടുത്തുപറയേണ്ടത്. ഒരുകാലത്ത് കേരള രാഷ്ട്രീയം തിളച്ചുമറിഞ്ഞത് ഇതിന്റെ പേരിലായിരുന്നു. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് നടന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ മകന് ചാണ്ടി ഉമ്മന്‍ വിജയിച്ച് എം.എല്‍.എയാതും, ജി കാര്‍ത്തികേയന്റെ മകന് കെ എസ് ശബരീനാഥന് പിതാവിന്റെ നിര്യാണത്തെ തുടര്‍ന്ന് അരുവിക്കരയില്‍ മത്സരിച്ച് എംഎല്.എയായി തിരഞ്ഞെടുക്കപ്പെട്ടതുമൊക്കെ കേരളം കണ്ടതാണ്.
അതുപേലെ കെ എം മാണിയുടെ തണലില്‍ ജോസ് കെ മാണി വളര്‍ന്നതും, ഇപ്പോള്‍ പി ജെ ജോസഫ് സ്ഥാനമൊഴിഞ്ഞ സീറ്റില്‍ മകന് അപു ജോസഫ് വന്നതുമൊക്കെ കേരളം കണ്ടു. എന്നാല്‍ അതുപോലെ ഒരു മക്കള്‍ രാഷ്ട്രീയത്തിനാണ് ഇപ്പോള്‍, മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മത്സരിക്കുന്ന ഹരിപ്പാട് മണ്ഡലവും സാക്ഷിയാവുന്നത് എന്നാണ് ആരോപണം ഉയരുന്നത്.
രോഹിത്തിനായി കടുംവെട്ടെന്ന്
മക്കള്‍ രാഷ്ട്രീയത്തിന്റെ കാര്യത്തില്‍ കുപ്രസിദ്ധിയാര്‍ന്ന കോണ്‍ഗ്രസില്‍ തനിക്ക് ശേഷം മകനെ വാഴിക്കാന്‍ രമേശ് ചെന്നിത്തലയും നീക്കങ്ങള്‍ നടത്തുന്നതായാണ്, ഹരിപ്പാട്ടെ കോണ്‍ഗ്രസിന് അകത്തുനിന്നുതന്നെ വരുന്ന ആക്ഷേപം. സജീവ രാഷ്ട്രീയത്തിലോ പ്രവര്‍ത്തനത്തിലോ ഇല്ലാതിരുന്ന രോഹിത് ചെന്നിത്തലയ്ക്കാണ് രമേശ് ചെന്നിത്തലയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാന്‍. മണ്ഡലം യോഗങ്ങളില്‍ രോഹിത് പ്രസംഗിക്കുന്നുമുണ്ട്. ഇത് മകനെ ഉയര്‍ത്തിക്കൊണ്ടുവരാനായി രമേശ് ചെന്നിത്തലയുടെ ശ്രമമാണ് എന്നാണ് ആരോപണം. ഇതോടെ കോണ്‍ഗ്രസിന് വേണ്ടി അക്ഷീണം പ്രവര്‍ത്തിച്ച മുതിര്‍ന്നവരും ചെറുപ്പക്കാരുമായ നിരവധിപ്പേരാണ് തഴയപ്പെടുന്നത്.
2011- ല്‍ രമേശ് ചെന്നിത്തല ഹരിപ്പാട് മത്സരിക്കാന്‍ വരുമ്പോള്‍ മാറിക്കൊടുത്തയാളാണ് ബാബു പ്രസാദ്. നിലവില്‍ ഡിസിസി പ്രസിഡന്റായ ബാബു പ്രസാദിന് പിന്നിട് മത്സരിക്കാന്‍ ഒരവസരവും നല്‍കാതെ രമേശ് ചെന്നിത്തല വെട്ടിയെ ആക്ഷേപം നേരത്തെയുണ്ട്. മാന്യനായ ചെറുപ്പക്കാരനായ രാഷ്ട്രീയക്കാരന് എന്ന് എതിരാളികള്‍ പോലും സമ്മതിക്കുന്ന സൗമ്യനായ എം.ലിജുവിനും സമാനമായ അവസ്ഥയാണ്. ആദ്യം അമ്പലപ്പുഴയിലും പിന്നെ കായംകുളത്തും മത്സരിക്കുമ്പോള്‍ ഇടതുപക്ഷവുമായി ഡീലുണ്ടാക്കി ലിജുവിനെ കാലുവാരി തോല്പിച്ചുവെന്ന് പരാതി ഉയര്‍ന്നിരുന്നു.

ഹരിപ്പാട് എപ്പോള്‍ മത്സരിച്ചാലും വിജയം സുനിശ്ചിതമായ നേതാവാണ് ജോണ്‍തോമസ് എന്നാണ് പ്രവര്‍ത്തകര്‍ പറയുന്നത്. കഴിഞ്ഞ നാല് തവണയായി ജില്ലാ പഞ്ചായത്ത് മെംബറാണ് ജോണ്‍. ഹരിപ്പാട് നിയോജക മണ്ഡലത്തിന്റെ ഭാഗമായ രണ്ട് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളില്‍ നിന്ന് നാല് ടേമായി ജയിക്കുന്നയാളാണ്. പക്ഷേ ഒരു പ്രധാന പദവികളും നല്‍കിയിട്ടില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ കുട്ടനാട്ടില്‍ ജോണിന് സീറ്റ് നല്കുന്ന ആലോചന രമേശ് കടയ്ക്കലേ വെട്ടിയെന്നാണ് ആരോപണം.
ആലപ്പുഴ ജില്ലയിലെ തന്നെ പ്രമുഖ നേതാവായി ഉയര്‍ന്നുവരുന്ന ചെറുപ്പക്കാരനാണ് ബിനു ചുള്ളിയില്‍. സാധാരണ കുടുംബത്തില്‍ ജനിച്ച് താഴേക്കിടയില്‍ നിന്ന രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങി എപ്പോഴും ജനസേവനത്തിന് സദാസന്നദ്ധനായ ചെറുപ്പക്കാരന്. പക്ഷേ സ്വന്തം സമുദായമായത് കൊണ്ട് തന്നെ മകന് രോഹിത് ചെന്നിത്തലയ്ക്ക് ഏറ്റവും ഭീഷണിയാകുമെന്ന് കണ്ട് തലങ്ങും വിലങ്ങും വെട്ടിയെന്നാണ് പറയുന്നത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണിച്ചെങ്കിലും മകന്റെ ഭാവി മുന്നില്‍ കണ്ട് രമേശ് പുറകില്‍ നിന്ന് കളിച്ച് ബിനുവിനെ ഒഴിവാക്കിയെന്നാണ് ആക്ഷേപം.

തൃക്കുന്നപ്പുഴ മേഖലയിലെ പ്രമുഖ നേതാവായ മുഹമ്മദ് അസ്ലത്തെയും ചെന്നിത്തല ഗ്രൂപ്പ് ഒതുക്കിയെന്നാണ് ആക്ഷേപം. കെഎസ് യു സംസ്ഥാന ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് നേതാവുമായി മുഹമ്മദ് അസ്ലമാണ് ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റാവേണ്ടിയിരുന്നത്. എന്നാല്‍ താരതമ്യേന പ്രവര്‍ത്തനത്തില്‍ കുറവ് പരിചയമുള്ള യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാത്രമായ വി. കെ നാഥനെ ചെന്നിത്തലയാണ് നിയോഗിച്ചത്. സീനിയോറിറ്റി മറികടന്ന നാഥന് സ്ഥാനം നല്കാന് കെ.സി വേണുഗോപാല്‍ പക്ഷത്തെ നേതാക്കളെയടക്കം രമേശ് ചെന്നിത്തല വെട്ടിയെന്നാണ് പാര്‍ട്ടിക്കകത്ത് ഉയരുന്ന ആക്ഷേപം.
എന്നാല്‍ ഇതെല്ലാം തീര്‍ത്തും അടിസ്ഥാന രഹിതമാണെന്നാണ് രമേശ് ചെന്നിത്തലയെ അനുകൂലിക്കുന്നവര്‍ പറയുന്നത്. ഹരിപ്പാട്ടെ നിരവധി യുവ കോണ്‍ഗ്രസ് നേതാക്കളെ കൈപിടിച്ച് ഉയര്‍ത്തിയത് ചെന്നിത്തലയാണെന്നും ഒരു വിഭാഗം പറയുന്നു. ഇലക്ഷന് മുന്നില്‍ കണ്ട് എതിരാളികള്‍ നടത്തുന്ന ആരോപണമാണ് ഇതെല്ലാമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. മാത്രല്ല, രമേശ് ചെന്നിത്തലയുടെ മകന് രോഹിത്ത് രാഷ്ട്രീയത്തില്‍ ഇറങ്ങുന്നകാര്യംപോലും ഉറപ്പായിട്ടില്ലെന്നും, ഐ ഗ്രൂപ്പുകാര്‍ പറയുന്നു.

