മുസ്‌ലീം വോട്ടുകള്‍ യുഡിഎഫിന് പോവുമ്പോള്‍ ഇടതിന് അനുകൂലമായി നായര്‍-ഈഴവ ഏകീകരണം; വയനാട് പുനരധിവാസത്തില്‍ നാണം കെട്ട് കോണ്‍ഗ്രസ്; അവസാനലാപ്പില്‍ എല്‍ഡിഎഫ് ഓടിയെത്തുന്നതിങ്ങനെ!

insight kerala

എം മാധവദാസ്

തിരുവനന്തപുരം: കേരളത്തില്‍ നിയസഭാ തിരഞ്ഞെടുപ്പിന് തുടക്കം കുറിക്കുമ്പോള്‍ യുഡിഎഫിന് ഈസി വാക്കോവര്‍ എന്ന രീതിയിലായിരുന്നു കാര്യങ്ങള്‍. 2024-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പിലും കിട്ടിയ ഏകപക്ഷീയമായ ജയം നോക്കുമ്പോള്‍, ഐക്യജനാധിപത്യ മുന്നണി നൂറുസീറ്റുവരെ നേടും എന്നായിരുന്നു പൊതുവെ കരുതിയത്. എന്നാല്‍ തിരഞ്ഞെടുപ്പ് അവസാനഘട്ടത്തില്‍ എത്തുമ്പോള്‍ മുന്നണികള്‍ ഒപ്പത്തിനൊപ്പമാണ് മുന്നേറുന്നത്. വിവിധ മാധ്യമസ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ നടന്ന സര്‍വേയില്‍, യുഡിഎഫിനും എല്‍ഡിഎഫിനും ഒരുപോലെ സാധ്യതകള്‍ പറയുന്നുണ്ട്.

മാതൃഭൂമി, ന്യൂസ് 18, ന്യൂസ് മലയാളം എന്നീ ചാനലുകള്‍ നടത്തിയ സര്‍വേയില്‍ എല്‍ഡിഎഫിനാണ് ഭൂരിപക്ഷം. എന്നാല്‍ മനോരമയുടെ സര്‍വേയില്‍, 80 സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തിലെത്തുമെന്നാണ് പറയുന്നത്. പുതുതായി തുടങ്ങിയ ബിഗ് ടീവിയുടെ സര്‍വേയില്‍ യുഡിഎഫിന് 75 സീറ്റാണ്. അതായത് മുമ്പ് നൂറുസീറ്റ് നേടിയവര്‍ പോലും ഇപ്പോള്‍, യുഡിഎഫ് ജയിച്ചാല്‍ കാണാം എന്ന നിലപാടാണ് എടുക്കുന്നത്. ഈ ഒരുമാസത്തിനുള്ളില്‍ ഏന്ത് മാറ്റമാണ് ഇടതിന് അനുകൂലമായി ഉണ്ടായതത് എന്നത് അത്ഭുതകരമാണ്!

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സാമുദായിക ധ്രുവീകരണം സംഭവിക്കുന്നു

അടിയൊഴുക്കായി വരുന്ന സാമുദായിക ധ്രുവീകരണമാണ് ഇടതിന് ഗുണമാവുന്നത്. മുസ്ലീം വോട്ടുകള്‍ കൂട്ടത്തോടെ ഇടതുമുന്നണിക്ക് എതിരാവുമ്പോള്‍, മറുഭാഗത്ത് അവര്‍ക്ക് അനുകൂലമായി ഹിന്ദു-ക്രിസ്ത്യന്‍ കണ്‍സോളിഡേഷന്‍ ഉണ്ടാവുകയാണ്. കേരളത്തിലുടനീളം നേരത്തെ തന്നെ ചര്‍ച്ചയായതാണ്, മുസ്ലീം ലീഗ് നേതാവ് കെ എം ഷാജിയുടെ ‘മതമാണ് മതമാണ് മതമാണ് പ്രശ്നം’ എന്ന വിവാദ പ്രസംഗം. കഴിഞ്ഞ പത്തുവര്‍ഷമായി സമുദായത്തിന് നഷ്ടപ്പെട്ട ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്ന ഷാജിയുടെ പ്രസ്താവന, വലിയ രീതിയിലുള്ള അസന്തുഷ്ടിയാണ് കേരളത്തിലെ മറ്റുമതസ്ഥര്‍ക്കിടയില്‍ ഉണ്ടായിരിക്കുന്നത്. തിരഞ്ഞടുപ്പ് കാലമായതോടെ ബിജെപിയും എല്‍ഡിഎഫും ഈ വിഷയം നന്നായി പ്രചാരണ വിഷയമാക്കുകയാണ്. ഇതോടെ ഹൈന്ദവവോട്ടുകളടക്കം വലിയ രീതിയില്‍ എല്‍ഡിഎഫിലേക്ക് ചായുന്ന അവസ്ഥയും ഉണ്ടാവുന്നുണ്ട്.

ഷാജിയുടെ ഈ പ്രസ്താവന വര്‍ഗീയത വളര്‍ത്തുന്നതാണെന്ന് സി.പി.എം അടക്കമുള്ള രാഷ്ട്രീയ എതിരാളികള്‍ ആരോപിച്ചു. എന്നാല്‍ ഷാജി, തന്റെ നിലപാടില്‍ മാറ്റമില്ലെന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് പിന്നീട് നല്‍കിയത്. സോഷ്യല്‍ മീഡിയയില്‍ ഈ പ്രസംഗത്തിന്റെ ഭാഗങ്ങള്‍ വലിയ തോതില്‍ പ്രചരിച്ചു. ഇതോടെ യുഡിഎഫ് അധികാരത്തില്‍വന്നാല്‍ വലിയ തോതിലുള്ള മതപ്രീണനമാണ് നടക്കുകയെന്നും, മുസ്ലീം ലീഗായിരിക്കും നിര്‍ണ്ണായക സ്ഥാനങ്ങളില്‍ വരികയെന്നും പ്രചാരണം നടന്നു. നേരത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ കാലത്ത് അഞ്ചാം മന്ത്രിയുണ്ടായ സമയത്ത് എന്നപോലെ വലിയ രീതിയിലുള്ള സാമുദായിക ധ്രൂവീകരണത്തിനാണ് ഇത് വഴിമരുന്നിട്ടത്. അതോടെ ഹൈന്ദവ വോട്ടുകള്‍ വലിയ രീതില്‍ എല്‍ഡിഎഫിന് അനുകൂലമായി മാറുകയാണ്.

സിപിഎം നേതാക്കള്‍പോലും സ്വപ്നം കാണാത്ത രീതിയിലുള്ള സോഷ്യല്‍ എഞ്ചിനീയറിങ്ങാണ് ഇത്. ഇതുമൂലം നായര്‍, ഈഴവ വോട്ടുകളുടെ കണ്‍സോളിഡേഷന്‍ ഇടതുമുന്നണിക്ക് അനുകൂലമായി തെക്കന്‍ ജില്ലകളില്‍ ഉണ്ടാവുമെന്നാണ് കരുതുന്നത്. എന്‍.എസ്.എസിന്റെയും -എസ്എന്‍ഡിപിയുടെയും പരോക്ഷ പിന്തുണ ഇക്കുറി ഇടതിനാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ബിജെഡിഎസ് എന്‍ഡിഎയില്‍ ആണെങ്കിലും എസ്എന്‍ഡിപി ഇത്തവണ തന്ത്രപുര്‍വമാണ് വോട്ടുചെയ്യുന്നത്.

ബിജെപിയും സ്ട്രാറ്റജിക്ക് വോട്ടിങ്ങിലേക്ക്

ഇന്ത്യയിലെ ഹാര്‍ഡ്‌കോര്‍ ആര്‍എസ്എസുകാര്‍ ആഗ്രഹിക്കുന്നത്, ഭരണമാറ്റമല്ല ഭരണത്തുടര്‍ച്ചയാണ് എന്നതാണ് മറ്റൊരുകാര്യം. കാരണം അവര്‍ ചിന്തിക്കുന്നത്, ഒരു ടേം കൂടി ഭരണം കിട്ടുന്നതുതോടെ സിപിഎം മൊത്തം ദുഷിക്കുമെന്നും അപ്പോള്‍ ബംഗാള്‍ മോഡലില്‍ അവര്‍ തകരുമെന്നുമാണ്. രണ്ടാമതായി പത്തുവര്‍ഷം അധികാരത്തില്‍നിന്ന് പുറത്തുനിന്ന കോണ്‍ഗ്രസ് ഒരു തവണ കുടി അധികാരമില്ലെങ്കില്‍ തകര്‍ന്ന് ബിജെപിയിലെത്തുമെന്നുമാണ്. അതുകൊണ്ടുതന്നെ, പ്രത്യക്ഷത്തില്‍ ഡീല്‍ ഇല്ലെങ്കിലും സിപിഎമ്മും ബിജെപിയും തമ്മിലുള്ള ‘അന്തര്‍ധാര’ ശക്തമാണ്. തങ്ങളുടെ എ ക്ലാസ് മണ്ഡലങ്ങളില്‍ ഒഴികെയുള്ളടിത്ത് ബിജെപി അനുഭാവികളില്‍ ഒരു വിഭാഗത്തിന്റെ വോട്ടുപോവുക ഇടത്തോട്ടാണ്!

പത്തുവര്‍ഷം ഭരിച്ച ഒരു സര്‍ക്കാറിന് ഉണ്ടാവേണ്ട അത്ര ഭരണവിരുദ്ധ വികാരം പിണറായി വിജയന്‍ സര്‍ക്കാറിന് നേരെ, തുടക്കം മുതലേ ഉണ്ടായിരുന്നില്ല.
മാത്രമല്ല പ്രചാരണം അവസാന ഘട്ടത്തിലെത്തിയതോടെ, മുണ്ടക്കെ ചുരല്‍മല പുനരധിവാസത്തിന്റെ കണക്കുകളൊക്കെ ചര്‍ച്ചയയാതോടെ കോണ്‍ഗ്രസ് ശരിക്കും പ്രതിരോധത്തിലാണ്. കേരള ചരിത്രത്തില്‍ ആദ്യമായാണ് തിരഞ്ഞെടുപ്പ് അടുത്തുനില്‍ക്കെ പ്രതിപക്ഷം, വിവാദക്കുരുക്കിലാവുന്നത്. ലീഗിനുനേരെയുള്ള വര്‍ഗീയ ആരോപണവും, കോണ്‍ഗ്രസിനുനേരെയുള്ള അഴിമതി ആരോപണവും ചേര്‍ന്ന്, ഇടതുപക്ഷത്തിന് വീണ്ടു ഒരിക്കല്‍ കൂടി പ്രതീക്ഷകള്‍ നല്‍കുകയാണ്. കേരളം കടുത്ത മത്സരത്തിലേക്ക് പോവുകയാണ്.

Share This Article