കോഴിക്കോട്: കേരളത്തിലെ നിയസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എൻഡിഎ ക്യാമ്പിന് ആവേശം പകരാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ കേരളത്തിൽ എത്തി. കോഴിക്കോട്ടെ ബേപ്പൂർ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർഥി അഡ്വ. കെ.പി. പ്രകാശ് ബാബുവിനു വേണ്ടിയുള്ള റോഡ് ഷോയിൽ അദ്ദേഹം പങ്കെടുത്തു. വൻജനക്കൂട്ടമാണ് റോഡ് ഷോയിൽ പങ്കെടുക്കാനെത്തിയത്.
തദ്ദേശ തിരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപറേഷനിൽ ഉൾപ്പെടെ ശ്രദ്ധേയമായ വിജയം നേടാൻ ബിജെപിക്ക് കഴിഞ്ഞിരുന്നു. അതിന്റെ കൂടി ആത്മവിശ്വാസത്തിലാണ് അവർ നിയമസഭാ പോരാട്ടത്തിന് ഇറങ്ങിയിട്ടുള്ളത്. 2016 മുതൽ ബിജെപിക്കു വേണ്ടി ബേപ്പൂരിൽ ജനവിധി തേടുന്നത് കെ.പി. പ്രകാശ്ബാബുവാണ്. ബിജെപിയുടെ കോഴിക്കോട് ജില്ലാ അധ്യക്ഷൻ കൂടിയാണ് ഇദ്ദേഹം.
ഞായർ, തിങ്കൾ ദിവസങ്ങളിലാണ് അമിത് ഷാ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുക. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ വിവിധ പൊതുപരിപാടികളിലും റോഡ് ഷോകളിലും അദ്ദേഹം പങ്കെടുക്കും.
ബേപ്പൂരിൽ ഇക്കുറി എൽഡിഎഫിന് വേണ്ടി സിറ്റിങ് എംഎൽഎയും മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസ് തന്നെയാണ് രംഗത്ത്. യുഡിഎഫ് പിന്തുണയുള്ള സ്വതന്ത്രൻ പി.വി. അൻവറാണ് മറ്റൊരു എതിരാളി. 1982 മുതൽ എൽഡിഎഫിനെ പിന്തുണച്ചുവരുന്ന മണ്ഡലമാണ് ബേപ്പൂർ

