‘LDFനെ നയിക്കുന്നത് വർഗീയതയുടെ കരങ്ങൾ; ഈ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷം ഇല്ലാതാകും’, – രാഹുൽ ഗാന്ധി

insight kerala

അമ്പലപ്പുഴ: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രൂക്ഷമായ ആരോപണങ്ങളുമായി രാഹുൽ ഗാന്ധി രംഗത്തെത്തി. ഇന്ന് ഇടതുപക്ഷത്തിൽ ഇടതുപക്ഷത്തിന്റേതായ യാതൊന്നും തന്നെ ഇല്ലെന്നും ഈ തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഇടതുപക്ഷം ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷത്തിന്റെ നയങ്ങൾ ഇപ്പോൾ ഒരു ഇടതുപക്ഷ ഗവൺമെന്റിന്റേതല്ല എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ആലപ്പുഴയിൽ ജി. സുധാകരന്റെ തിരഞ്ഞെടുപ്പ് റാലിയിലാണ് രാഹുൽ ഗാന്ധിയുടെ വിമർശനം.

വർഗീയതയുടെ അദൃശ്യമായ കരങ്ങളാണ് എൽഡിഎഫിനെ മുന്നോട്ട് നയിക്കുന്നതെന്നും ഇത് രാജ്യത്തെ വിഭജിക്കുന്നതിനും വിദ്വേഷം പരത്തുന്നതിനും കാരണമാകുന്നുവെന്നും അദ്ദേഹം ആരോപിച്ചു. കേരളത്തിലെ സിപിഎമ്മും ബിജെപി-ആർഎസ്എസ് നേതൃത്വവും തമ്മിൽ അവിശുദ്ധമായ ഒരു ബന്ധമുണ്ടെന്ന് കേരളത്തിലെ ജനങ്ങൾക്ക് മനസ്സിലാക്കാൻ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇടതുപക്ഷ മുന്നണിയിലെ പല നേതാക്കളും ഈ യാഥാർത്ഥ്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മുതിർന്ന നേതാവ് ജി. സുധാകരൻ കോൺഗ്രസ് വേദിയിലെത്തിയത്, അദ്ദേഹം അവസരവാദപരമായ നിലപാട് സ്വീകരിച്ചതുകൊണ്ടല്ലെന്നും എൽഡിഎഫിന് സംഭവിച്ച അടിസ്ഥാനപരമായ മാറ്റങ്ങൾ കാരണമാണ് അദ്ദേഹം ഈ വേദിയിൽ എത്തിയതെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി. എൽഡിഎഫ് മുമ്പ് ചില ആശയങ്ങൾക്കായി നിലകൊണ്ടിരുന്നെങ്കിലും ഇപ്പോൾ ആ ആശയങ്ങളിൽ നിന്ന് അവർ വ്യതിചലിച്ചിരിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

അദാനി ഗ്രൂപ്പിനെതിരെയും കേന്ദ്ര സർക്കാരിനെതിരെയും രാഹുൽ ഗാന്ധി രൂക്ഷ വിമർശനം ഉയർത്തി. അദാനിയുടെ കോർപ്പറേറ്റ് ഘടനയ്ക്ക് ബിജെപിയുമായും പ്രധാനമന്ത്രിയുമായും അടുത്ത ബന്ധമുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. എപ്സ്റ്റീൻ ഫയലില് നരേന്ദ്ര മോദിയുടെ ക്യാബിനറ്റിലെ മന്ത്രിമാരുടെ പേരുകൾ ഉണ്ടെന്നും ഡൊണാൾഡ് ട്രംപിന് പ്രധാനമന്ത്രിയുടെ പ്രതിച്ഛായ നശിപ്പിക്കാനുള്ള വിവരങ്ങൾ അറിയാമെന്നും അദ്ദേഹം അവകാശപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൊണാൾഡ് ട്രംപ് പറയുന്നത് പോലെ പ്രവർത്തിക്കുമെന്നും ഇത് രാജ്യത്തെ കർഷകരെയും ഊർജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും രാഹുൽ ഗാന്ധി മുന്നറിയിപ്പ് നൽകി.

Share This Article