മലപ്പുറം പെരിന്തൽമണ്ണയിൽ ഡോക്ടർമാർ പണിമുടക്കുന്നു. ജില്ലാ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോക്ടർ സിനി ജലീലിനെ ഒരു സംഘം ആക്രമിച്ചതിനെ തുടർന്നാണ് പ്രതിഷേധം.. ഡോക്ടറുടെ വീടിനോട് ചേർന്നുള്ള ക്ലിനിക്കിൽ എത്തിയ പർദ്ദ ധരിച്ച നാല് പേരാണ് ആക്രമിച്ചത്. മുഖത്ത് ഗുരുതരമായി പരിക്കേറ്റ ഡോക്ടർ സിനി ജലീൽ പെരിന്തൽമണ്ണയിൽ ചികിത്സയിലാണ്.
ഡോക്ടറുടെ രണ്ട് സഹായികൾക്കും അക്രമത്തിൽ പരിക്കേറ്റിട്ടുണ്ട്. കഴിഞ്ഞ ആഴ്ച പെരിന്തൽമണ്ണ ജില്ലാ ആശുപത്രിയിൽ പ്രസവത്തിനായി എത്തിയ യുവതി രക്തസ്രാവത്തെ തുടർന്ന് മരിച്ചിരുന്നു. ഇത് ചികിത്സാ പിഴവ് ആണെന്ന് ആരോപിച്ച് ചിലർ പ്രശ്നമുണ്ടാക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇപ്പോൾ ഡോക്ടർക്ക് നേരെ ശാരീരിക അക്രമം ഉണ്ടായതെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പ്രതിഷേധിച്ച് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രികളും സർക്കാർ ആശുപത്രിയിലെ ഡോക്ടർമാരും പ്രതിഷേധ സൂചകമായി സമരം പ്രഖ്യാപിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിൽ വനിതാ ഡോക്ടർക്ക് നേരെ ആക്രമണം; ജില്ലയിൽ ഡോക്ടർമാർ പണിമുടക്കുന്നു
