എഫ്സിആർഎ ബില്ലിൽ വിവാദം തുടരുന്നു; പിൻവലിക്കണമെന്ന് മുഖ്യമന്ത്രി, കേന്ദ്രത്തിന് സിബിസിഐയുടെ മുന്നറിയിപ്പ്

insight kerala

ദില്ലി/ തിരുവനന്തപുരം: എഫ്സിആർഎ നിയമഭേദ​ഗതി ബില്ലിൽ വിവാദം തുടരുന്നു. ഇത് അവസാനത്തെ തെരഞ്ഞെടുപ്പല്ലെന്ന് സിബിസിഐ കേന്ദ്ര സർക്കാരിന് മുന്നറിയിപ്പ് നൽകി. ബിൽ പിൻവലിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. സമവായത്തിലൂടെ മാത്രമേ എഫ്സിആർഎ ബിൽ കൊണ്ടുവരൂവെന്ന് ബിജെപി നേതാക്കൾ ആവർത്തിച്ചു.

വോട്ടെടുപ്പിന് ഒരാഴ്ചമാത്രം ശേഷിക്കെ എഫ്സിആർഎയിൽ വിവാദം അവസാനിക്കുന്നില്ല. ക്രൈസ്തവ സഭകൾ കടുത്ത നിലപാട് തുടരുകയാണ്. കേന്ദ്ര സർക്കാർ ബില്ല് താൽക്കാലികമായി മാറ്റിയതാണെന്ന് അറിയാമെന്ന് സിബിസിഐ വ്യക്തമാക്കി. പ്രധാനമന്ത്രിയെയും കേന്ദ്ര ആഭ്യന്തര മന്ത്രിയെയും നേരിൽ കണ്ട് സിബിസിഐ പ്രതിനിധി സംഘം ആശങ്കയറിയിക്കും. ബില്ല് പിൻവലിക്കാത്തത് ബിജെപിക്കെതിരെ പ്രധാന ആയുധമാക്കുകയാണ് ഇടത് വലത് മുന്നണികൾ. വഖഫ് നിയമഭേദ​ഗതികൂടി ഓർമ്മിപ്പിച്ചാണ് പികെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

അതേസമയം പ്രതിരോധത്തിലായ ബിജെപി സഭകളെ അനുനയിപ്പിക്കാൻ നീക്കം സജീവമാക്കി. ആശങ്കയറിയിച്ച എല്ലാ വിഭാഗങ്ങളുമായും ചർച്ച നടത്തുമെന്നും, പ്രധാനമന്ത്രിയെയടക്കം സാഹചര്യം ധരിപ്പിച്ചുവെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പറഞ്ഞു. ബിൽ ഇന്നലെ മാറ്റിവച്ചെങ്കിലും ഇനി എപ്പോൾ പരി​ഗണിക്കുമെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടില്ല. പ്രത്യേക സഭാ സമ്മേളനം ഈ മാസം ചേരുന്നുണ്ടെങ്കിലും വനിതാ സംവരണ ബിൽ മാത്രമേ അപ്പോൾ പരി​ഗണിക്കാൻ സാധ്യതയുള്ളൂ.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article