കേരള നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് നിലവിൽ വന്ന മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതായി ആരോപിച്ച് കേരള ഡെവലപ്പ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (K-DISC) സ്ട്രാറ്റജിക് അഡ്വൈസർ ഡോ. പി. സരിനെതിരെ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി. ചീഫ് ഇലക്ടറൽ ഓഫീസർ വഴിയാണ് പരാതി നൽകിയിരിക്കുന്നത്. ഔദ്യോഗ പദവിയിൽ നിന്ന് ഉടനടി നീക്കം ചെയ്യണമെന്നും പരാതിയിൽ
ആവശ്യപ്പെട്ടിട്ടുണ്ട്.
സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി യാണ് പരാതി നൽകിയത്.
*പരാതിയിലെ പ്രധാന ഉള്ളടക്കം*
2025 മെയ് 6-ന് കെ-ഡിസ്ക് സ്ട്രാറ്റജിക് അഡ്വൈസറായി നിയമിതനായ ഡോ. പി. സരിൻ, പ്രതിമാസം 80,000 രൂപ ശമ്പളവും ഔദ്യോഗിക വാഹനമുൾപ്പെടെയുള്ള സൗകര്യങ്ങളും കൈപ്പറ്റുന്ന വ്യക്തിയാണ്. കൂടാതെ, അദ്ദേഹത്തിന്റെ വാഹന ആവശ്യങ്ങൾക്കായി മാസം തോറും 88,000 രൂപ സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിന് (CMD) കെ-ഡിസ്ക് നൽകി വരുന്നു.
കെ-ഡിസ്കിലെ കരാർ ജീവനക്കാർ ഉൾപ്പെടെയുള്ള എല്ലാ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്നും സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ ഉള്ളടക്കങ്ങൾ പങ്കുവെക്കരുതെന്നും കർശന നിർദ്ദേശമുണ്ട്. എന്നാൽ, ഡോ. പി. സരിൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ രാഷ്ട്രീയ ആഭിമുഖ്യമുള്ള പോസ്റ്റുകൾ പങ്കുവെക്കുകയും പരസ്യമായി രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കുകയും ചെയ്തതായി പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.
ഔദ്യോഗിക വാഹനവും മറ്റ് ആനുകൂല്യങ്ങളും കൈപ്പറ്റുന്ന ഒരു ഉദ്യോഗസ്ഥൻ രാഷ്ട്രീയ പ്രചരണങ്ങളിൽ ഏർപ്പെടുന്നത് സർക്കാർ സംവിധാനങ്ങളുടെ ദുരുപയോഗമാണെന്നും പരാതിക്കാരൻ ആരോപിക്കുന്നു.
പെരുമാറ്റച്ചട്ടം ലംഘിച്ച ഡോ. പി. സരിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നും
അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്ന് രാഷ്ട്രീയ ഉള്ളടക്കമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ സംസ്ഥാന പോലീസ് മേധാവിക്ക് നിർദ്ദേശം നൽകണമെന്നും. പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
പരാതിക്കൊപ്പം ഡോ. പി. സരിന്റെ വിവാദ സോഷ്യൽ മീഡിയ പോസ്റ്റുകളുടെ സ്ക്രീൻഷോട്ടുകളും മറ്റ് തെളിവുകളും ഹാജരാക്കിയിട്ടുണ്ട്.

