പാലക്കാട്: കേരളം മാറ്റത്തിന്റെ പാതയിലാണെന്നും പാലക്കാട് ബിജെപിക്ക് കേരളത്തിലേക്കുള്ള കവാടമാണെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് കോട്ടമൈതാനത്ത് നടന്ന എൻ.ഡി.എയുടെ തിരഞ്ഞെടുപ്പ് പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ബി.ജെ.പി. ഏറ്റവും കൂടുതൽ പ്രതീക്ഷവയ്ക്കുന്ന സീറ്റുകളിലൊന്നായ പാലക്കാട് പിടിച്ചെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രധാനമന്ത്രിയുടെ സന്ദർശനം.
കേരളം പതിറ്റാണ്ടുകളായി എൽ.ഡി.എഫ് – യു.ഡി.എഫ് മുന്നണികളുടെ വഞ്ചനയിൽപ്പെട്ട് കിടക്കുകയാണെന്നും സംസ്ഥാനത്ത് രാഷ്ട്രീയ മാറ്റത്തിന്റെ കാറ്റ് വീശുകയാണെന്നും മോദി പറഞ്ഞു. ‘പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിനീതമായ നമസ്കാരം’ എന്ന് മലയാളത്തിൽ അഭിസംബോധന ചെയ്തുകൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.
കേരളത്തിൽ ബി.ജെ.പിയുടെ വളർച്ചയുടെ കവാടമാണ് പാലക്കാടെന്ന് പ്രധാനമന്ത്രി വിശേഷിപ്പിച്ചു. കല്പാത്തിയിലെ വിശാലാക്ഷി സമേതനായ ശ്രീ വിശ്വനാഥ സ്വാമിയുടെ പാദങ്ങളിൽ നമസ്കരിച്ച അദ്ദേഹം, ശ്രീനാരായണഗുരു, ചട്ടമ്പിസ്വാമികൾ, അയ്യങ്കാളി, മന്നത്ത് പദ്മനാഭൻ തുടങ്ങിയ മഹദ്വ്യക്തിത്വങ്ങൾക്ക് പ്രണാമമർപ്പിച്ചു. കേരളത്തിലെ മാറിയ സാഹചര്യം താൻ നേരിട്ട് കാണുന്നുണ്ടെന്നും ബി.ജെ.പിയോടുള്ള ജനങ്ങളുടെ വിശ്വാസ്യത വർധിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിലെ രാഷ്ട്രീയക്കാർ വോട്ട് ബാങ്ക് രാഷ്ട്രീയത്തിനുവേണ്ടി മാത്രമാണ് പ്രവർത്തിക്കുന്നത്. ഒരു മുന്നണി അഴിമതിക്കാരാണെങ്കിൽ മറ്റേത് മഹാ അഴിമതിക്കാരാണ്. ഒരാൾ വർഗീയവാദികളാണെങ്കിൽ മറ്റൊരാൾ കൊടിയ വർഗീയവാദികളാണ്. ഇവർക്ക് വികസനത്തെക്കുറിച്ച് ചിന്തയില്ലെന്നും മോദി പറഞ്ഞു.

